ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
Wednesday, September 13, 2023 3:42 PM IST
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പുറത്തിറങ്ങി. ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയത്.
ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ ഓൺലൈനായാണ് വണ്ടർലസ്റ്റ് എന്നു പേരിട്ട അവതരണം അരങ്ങേറിയത്.
ഐഫോൺ 15 പ്രോക്ക് 999 ഡോളറാണ് അടിസ്ഥാന വില. ഐഫോൺ 15 പ്രോ മാക്സ് 1,999 ഡോളറും. പെരിസ്കോപ്പ് ഫീച്ചറോടെയുള്ള കാമറയാണ് ഐഫോൺ 15 പ്രോയുടെ പ്രധാന സവിഷേശത.
ഇന്നേവരെയുള്ളതിൽ ഏറ്റവും മികച്ച ഗുണമേന്മയോടെ ചിത്രങ്ങൾ പകർത്താമെന്നാണ് കമ്പനിയുടെ അവകാശവാദം. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ കാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ കാമറയും പ്രത്യേകതയാണ്.
ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതോടെ ആൻഡ്രോയിഡ് ഫോണുകളിൽ കാണുന്ന സ്റ്റാൻഡേർഡ് ഫീച്ചർ ഐഫോണിലും ലഭ്യമായി.
നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാർസ് റോവറിൽ ഉപയോഗിച്ച അതേ മെറ്റീരിയലാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ ഉപയോഗിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച മുതൽ പ്രീഓർഡറിനും സെപ്റ്റംബർ 22ന് വിൽപ്പനയ്ക്കും ലഭ്യമാകും.