ആദ്യ ആപ്പിളിന് വില 1.84 കോടി
Monday, August 28, 2023 12:39 PM IST
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോളറിന് (ഏകദേശം 1.84 കോടി രൂപ).
ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക് ഒപ്പുവച്ചതാണ് ഈ കംപ്യൂട്ടർ. 2017ൽ ബ്രയന്റ് യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിലാണ് വോസ്നിയാക് കംപ്യൂട്ടറിൽ ഒപ്പിട്ടത്.
ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ കലിഫോർണിയയിലെ ലോസ് ആൾട്ടോസിലുള്ള ഗരാഷിൽ 1976-77 കാലത്ത് ഏകദേശം 200 കംപ്യൂട്ടറുകൾ നിർമിച്ചിരുന്നു.
ഇതിന്റെ ബലത്തിലാണു കന്പനി വിപണിയിൽ ചുവടുറപ്പിക്കുന്നത്. അന്നു വെറും 666 ഡോളറായിരുന്നു ഈ കംപ്യൂട്ടറിന്റെ വില. ഈ കംപ്യൂട്ടറാണ് രണ്ടു ലക്ഷം ഡോളറിനുമേൽ വിറ്റുപോയത്.
ബോസ്റ്റണിലെ ആർആർ എന്ന സ്ഥാപനമാണു കംപ്യൂട്ടർ ലേലം ചെയ്തത്. ലേലത്തിൽ വാങ്ങിയ ആളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മസാച്ചുസെറ്റ്സ് സ്വദേശിയാണ് ഈ കംപ്യൂട്ടർ വാങ്ങിയത്. 1980ൽ ഉടമ ഈ കംപ്യൂട്ടർ വിറ്റു. ഈ വർഷം തുടക്കത്തിലാണ് ആപ്പിൾ വിദഗ്ധനായ കോറെ കൊയൻ ഈ കംപ്യൂട്ടർ സ്വന്തമാക്കുന്നതെന്ന് ആർആർ അറിയിച്ചു.
ആപ്പിൾ-1 കംപ്യൂട്ടറിനായി സ്റ്റീവ് ജോബ്സ് സ്വന്തം കൈപ്പടയിലെഴുതിയ പരസ്യവും ഇതേ ലേലത്തിൽ വിറ്റുപോയി. 1.76 ലക്ഷം ഡോളർ (1.45 ലക്ഷം കോടി രൂപ) ഇതിന് വില ലഭിച്ചു.
1976 മാർച്ച് 19ന് ജോബ്സും വോസ്നിയാക്കും ചേർന്ന് ഒപ്പിട്ട ആപ്പിൾ കന്പനിയുടെ രണ്ടാമത്തെ ചെക്ക് ലേലത്തിൽ 1.35 ലക്ഷം ഡോളറിനും (1.11 കോടി രൂപ) വിറ്റുപോയി.