ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
Friday, August 4, 2023 10:27 AM IST
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതിനു സമാനമായി ചെറു വീഡിയോകൾ അയയ്ക്കാൻ കഴിയുന്നതാണ് ഈ ഫീച്ചർ. ഒരു മിനിറ്റ് (60 സെക്കൻഡ്) ദൈർഘ്യമുള്ള ചെറു വീഡിയോയാണ് അയയ്ക്കാൻ സാധിക്കുക.
വാട്സ് ആപ്പ് ചാറ്റിനിടയിൽത്തന്നെ തത്സമയ കാഴ്ചകളും സംഭവങ്ങളും പകർത്തി അയയ്ക്കാം. ലഭിക്കുന്ന ആൾ അതു പ്ലേ ചെയ്യുന്പോൾ ആദ്യം ശബ്ദം കേൾക്കാനാവില്ല. എന്നാൽ, ഒന്നുകൂടെ ടാപ് ചെയ്താൽ വീഡിയോയ്ക്ക് ഒപ്പം ശബ്ദവും കേൾക്കാം.
വൃത്താകൃതിയിലായിരിക്കും ഇത്തരം സന്ദേശങ്ങൾ ചാറ്റ് വിൻഡോയിൽ ദൃശ്യമാകുക. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയും ഈ ഫീച്ചറിനുണ്ട്. നിലവിലെ വാട്സ്ആപ്പിൽ ഇത് കാണാൻ സാധിക്കുന്നില്ലെങ്കിൽ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം.
വീഡിയോ മെസേജ് അയയ്ക്കാൻ...
1. വാട്സ്ആപ്പിൽ ആർക്കാണോ വീഡിയോ സന്ദേശം അയയ്ക്കേണ്ടത് അവരുടെ ചാറ്റ് തുറക്കുക
2. ടെക്സ്റ്റ് ഫീൽഡിന് അടുത്തുള്ള മൈക്രോഫോണ്‍ ഐക്കണിൽ ടാപ് ചെയ്യുക
3. വീഡിയോ കാമറ ഐക്കണിൽ ടാപ് ചെയ്യുക
4. വീഡിയോ ബട്ടണ്‍ അമർത്തിപ്പിടിക്കുക
5. റെക്കോർഡിംഗ് നിർത്തുന്പോൾ വീഡിയോ മെസേജ് ഓട്ടോമാറ്റിക്കായി അയയ്ക്കപ്പെടും.