ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
Tuesday, May 16, 2023 5:12 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറത്തിറക്കുന്ന ഐഫോണ്‍ സീരീസിലെ രണ്ടു മോഡലുകൾ ഇന്ത്യയിൽ നിർമിക്കാനാണ് ആപ്പിളിന്റെ പദ്ധതി.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ മോഡലുകളാകും ഇന്ത്യയിൽ നിർമിക്കുക. ടാറ്റ ഗ്രൂപ്പാകും ഈ ഹാൻഡ് സെറ്റുകൾ സംയോജിപ്പിക്കുകയെന്നും ട്രെൻഡ് ഫോഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ, ആപ്പിൾ ഐഫോണ്‍ സംയോജിപ്പിക്കുന്ന ഇന്ത്യയിലെ നാലാമത്തെ കന്പനിയാകും ടാറ്റ.
തുടക്കത്തിൽ കുറഞ്ഞ ഓർഡറുകളാകും ടാറ്റയ്ക്കു ലഭിക്കുക. പിന്നീട്, ഈ മോഡലുകൾക്കു ലഭിക്കുന്ന സ്വീകാര്യതയനുസരിച്ച് ഓർഡറുകളുടെ എണ്ണം വർധിപ്പിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഈ നീക്കം മുൻകൂട്ടി കണ്ട്, ആപ്പിൾ ഫോണുകളുടെ സംയോജകരായിരുന്ന വിസ്ട്രോണ്‍ കന്പനിയുടെ ബംഗളുരുവിലെ ഐഫോണ്‍ പ്ലാന്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
ടാറ്റ രംഗത്തുവരുന്നതോടെ വിസ്ട്രോണ്‍ ഇന്ത്യയിലെ ആപ്പിൾ ഫോണ്‍ സംയോജകരുടെ പട്ടികയിൽനിന്നു പുറത്താകും.2020ൽ ഐഫോണ്‍ 12 പ്രോ മാക്സിലൂടെയാണ് ആപ്പിൾ ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നത്. നിലവിൽ ഫോക്സ്കോം, ലക്സ്ഷെയർ, പെഗാട്രോണ്‍ കന്പനികൾക്ക് ഇന്ത്യയിൽ ഐഫോണ്‍ അസംബ്ളി പ്ലാന്റുകളുണ്ട്.
ഈ വർഷം സെപ്റ്റംബറിൽ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നീ നാലു മോഡലുകൾ പുറത്തിറക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഏറ്റവും നൂതന ഐഒഎസ് സോഫ്റ്റ്വേറിൽ, ആപ്പിളിന്റെ എ16 ബയോണിക് ചിപ്പ്സെറ്റിലാകും ഈ പരന്പരയിലെ ഫോണുകൾ പുറത്തിറങ്ങുക.