എഐ കാമറകൾ കാണുന്നുണ്ട്! വാഹനവുമായി ഇറങ്ങുന്പോൾ ശ്രദ്ധിക്കേണ്ടത്
Wednesday, April 19, 2023 4:43 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര് വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) കാമറകൾ പ്രവര്ത്തനം തുടങ്ങുന്പോൾ വാഹനവുമായി നിരത്തിലിറങ്ങുന്നവർ കൃത്യമായി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും.
നിയമലംഘനങ്ങൾ എഐ കാമറകള് പിടിച്ചെടുത്താൽ അന്നേദിവസം തന്നെ പിഴ അടക്കണം. ഒരാൾ ഒരു ദിവസം ഒന്നിൽ കൂടുതൽ നിയമലംഘനം നടത്തിയാലും ഓരോ നിയമ ലംഘനത്തിനും പിഴ ഈടാക്കും. ദേശീയ പാതയില് സ്പീഡ് കാമറകള് പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കാമറ കാണുന്പോൾ വേഗത കുറച്ച് പിന്നീട് കൂട്ടിയാലും പിടിക്കപ്പെടും.
റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകള് തുടര്ച്ചയായി മുറിച്ചുകടക്കാന് പാടുള്ളതല്ല. തുടര്ച്ചയായി വെള്ളവര മുറിച്ചു കടന്നാൽ 250 രൂപയാണ് പിഴ. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവര്ടേക്ക് ചെയ്യാം. ഇരട്ട മഞ്ഞവരകളെ ഡിവൈഡറുകളായി പരിഗണിക്കണം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്ക്കിംഗ് പാടുള്ളതല്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കിലോമീറ്ററും സംസ്ഥാന പാതയിൽ കാറുകൾക്ക് 80 കിലോമീറ്ററും ദേശീയപാതയിൽ 85 കിലോമീറ്ററുമാണ്. നാലുവരി പാതയിൽ 70 കിലോമീറ്ററും ബസ്, ലോറി എന്നീ വാഹനങ്ങൾക്ക് 60 കിലോമീറ്ററുമാണ് വേഗ പരിധി. സ്കൂൾ മേഖലകളിൽ 30 കിലോമീറ്ററാണ് അനുവദനീയമായ വേഗത.
ഓടുന്ന വാഹനങ്ങളുടെ ലൈറ്റുകള് പ്രവര്ത്തിക്കാതിരിക്കുക, നോ പാര്ക്കിങ് ഏരിയയില് വാഹനം നിര്ത്തിയിടുക, റിയര്വ്യൂ മിറര് ഇളക്കിമാറ്റുക തുടങ്ങിയവയ്ക്ക് 250 രൂപയാണ് പിഴ. സീറ്റ് ബെല്റ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനങ്ങളിൽ ഹെല്മറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയ്ക്ക് 500 രൂപയാണ് പിഴ.
കാര് യാത്രികര് അമിത വേഗതയില് സഞ്ചരിച്ചാല് 1500 രൂപ. ഇരു ചക്ര വാഹനത്തില് രണ്ട് പേരില് കൂടുതല് പേര് സഞ്ചരിച്ചാല് 2,000 രൂപ. ഇന്ഷൂറന്സ് ഇല്ലാത്ത വാഹനങ്ങള് ആദ്യ പിഴ 2,000 തുടര്ന്നാല് 4,000 രൂപയുമാണ്. അപകടകരമായ ഓവർടേക്കിംഗ് -ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപയാണ് പിഴ. അപകടകരമായ ഡ്രൈംവിഗിന് 2000 രൂപയാണ് പിഴ.
സംസ്ഥാനത്ത് സ്ഥാപിച്ച കാമറകളിൽ പ്രതിദിനം അഞ്ച് ലക്ഷത്തോളം നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. ഓരോ നിയമലംഘനത്തിനും മിനിമം 500 രൂപ വച്ച് കണക്കാക്കിയാൽ പ്രതിദിനം 25 കോടിയെങ്കിലും പിഴത്തുകയായി ലഭിക്കുമെന്ന് കണക്കാക്കുന്നു.