ഡിസി ബ്രാൻഡഡ് ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ സെബ്രോണിക്സ്
Friday, January 13, 2023 9:20 PM IST
ചെന്നൈ: മുൻനിര കണ്‍സ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സെബ്രോണിക്സ് അമേരിക്കൻ കന്പനി വാർണർ ബ്രദേഴ്സുമായി സഹകരിക്കുന്നു.
കംപ്യൂട്ടർ അനുബന്ധ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് ആക്സസറികൾ എന്നിവയ്ക്ക് ഡിസി കാരക്ടർ തീം ഡിസൈനുകൾ അവതരിപ്പിക്കാനാണ് സംയുക്തനീക്കം. ഡിസ്കവറി ഗ്ലോബൽ കണ്‍സ്യൂമർ പ്രോഡക്ട്സ്, ഡിസി എന്നിവയുമായി സഹകരിച്ചാവും പ്രവർത്തനം.
ജനപ്രിയ ഡിസി കഥാപാത്രങ്ങളായ ബ്ലാക്ക് ആദം, അക്വാമാൻ, ദി ജോക്കർ എന്നിവയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകളാവും ഇനി ഓഡിയോ വെയറബിളുകൾ, സ്പീക്കറുകൾ, കംപ്യൂട്ടർ പെരിഫെറലുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് ഉണ്ടാവുക.
സെബ്രോണിക്സിന്റെ ഈ ഡിസി കളക്ഷനുകൾ ഈ മാസം 25 മുതൽ കന്പനിയുടെ ഓണ്‍ലൈൻ ഷോപ്പിലും ആമസോണ്‍ വെബ്സൈറ്റിലും ലഭ്യമാകും.
വാർണർ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബൽ കണ്‍സ്യൂമർ പ്രോഡക്ട്സ്, ഡിസി എന്നിവയുമായുള്ള തങ്ങളുടെ സഹകരണം മികച്ച ഡിസൈനുകളിലൂടെ ഉപയോക്താക്കൾക്ക് ആവേശമാകുമെന്നതിൽ സന്തോഷമുണ്ടെന്ന് സെബ്രോണിക്സ് ഡയറക്ടർ യഷ് ദോഷി പറഞ്ഞു.