കേരളം 5 ജി ആയി; ആദ്യസേവനം കൊച്ചിയിലും ഗുരുവായൂരിലും
Wednesday, December 21, 2022 12:20 PM IST
കൊച്ചി: കേരളത്തിൽ 5 ജി സേവനങ്ങൾക്ക് തുടക്കമായി. കൊച്ചി കോർപറേഷൻ പരിധിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി എത്തും.
ജിയോ ആണ് കേരളത്തിൽ 5ജി സേവനം എത്തിച്ചിരിക്കുന്നത്. കൊച്ചി പനന്പിള്ളി നഗറിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 5 ജി സേവനത്തിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിർവഹിച്ചു. മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് കെ.സി. നരേന്ദ്രൻ പങ്കെടുത്തു.
ആദ്യഘട്ട ത്തിൽ സൗജന്യമായാണ് 5ജി സേവനം. 5ജി സപ്പോർട്ട് ചെയ്യുന്ന ജിയോ സിം മൊബൈൽ നന്പരുകളിലേക്കു ലഭിക്കുന്ന മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് സേവനം ആരംഭിക്കാം. ഈ മാസം തന്നെ തിരുവനന്തപുരത്ത് സേവനം ലഭിക്കും. 2023 ജനുവരിയോടെ കോഴിക്കോട്, തൃശൂർ, മലപ്പുറം എന്നീ നഗരങ്ങളിലും ജിയോയുടെ 5ജി സേവനങ്ങൾ എത്തും. 2023 അവസാനത്തോടെ കേരളത്തിൽ ഉടനീളം 5ജി ലഭ്യമാകും.
ജിയോ ഉപയോക്താക്കൾക്ക് 5ജി ലഭിക്കാൻ സിം കാർഡ് മാറേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണ് ഉണ്ടായിരിക്കണം. പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
മൈ ജിയോ ആപ് തുറക്കുന്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ ക്ഷണം ലഭിച്ചുവെന്നർഥം. ഫോണിന്റെ സെറ്റിംഗ്സിൽ മൊബൈൽ നെറ്റ്വർക് മെനു തുറന്ന് ജിയോ സിം തെരഞ്ഞെടുക്കുക. ഇതിൽ ’പ്രിഫേർഡ് നെറ്റ്വർക് ടൈപ്പിൽ’ 5ജി ഓപ്ഷൻ തെരഞ്ഞെടുക്കുക.