വീഡിയോ ക്രിയേറ്റര്‍മാര്‍ക്കായി ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ജിയോ
വീഡിയോ ക്രിയേറ്റര്‍മാര്‍ക്കായി ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ജിയോ
Saturday, November 26, 2022 1:26 PM IST
വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ജിയോ വക ഒരു സന്തോഷവാര്‍ത്ത. ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങുന്നു.

വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം കമ്പനി പ്രഖ്യാപിച്ചത്. റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, ക്രിയേറ്റീവ് ലാന്‍ഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ജിയോ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകര്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍, നര്‍ത്തകര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ തുടങ്ങിയ വീഡിയോ സ്രഷ്ടാക്കളെ ലക്ഷ്യമിട്ടാണ് ഈ ആപ്പ് നിര്‍മിച്ചിരിക്കുന്നത്.


പുതിയ പ്ലാറ്റ്ഫോമിലേക്ക് 100 പേരെ തെരഞ്ഞെടുത്ത കമ്പനി അവരുടെ പ്രൊഫൈലുകളില്‍ ഗോള്‍ഡന്‍ ചെക്ക് മാര്‍ക്കും കാണിച്ചിട്ടുണ്ട്. ഇവരായിരിക്കും ആപ്പിലെ പുതിയ ഫീച്ചറുകള്‍ ആദ്യം പ്രിവ്യൂ ചെയ്യുന്നത്.

സ്രഷ്ടാക്കളുടെ പ്രൊഫൈലുകള്‍ ആരാധകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും കലാകാരന്‍മാരുമായി സംവദിക്കാനും സഹകരിക്കാനും ഒരു ഓപ്ഷന്‍ നല്‍കും. പ്രീമിയം വെരിഫിക്കേഷന്‍ ഇന്‍ആപ്പ് ബുക്കിംഗ് എന്നിവയോടൊപ്പം ഇന്ത്യയുടെ ഡിജിറ്റല്‍ എഡിറ്റോറിയലുകളില്‍ ഫീച്ചര്‍ ചെയ്യാനുള്ള അവസരവും ഉണ്ടാകും.