വലിച്ചു നീട്ടാം, കുറയ്ക്കാം; ഡിസ്പ്ലേയില്‍ വിപ്ലവകരമായ മാറ്റവുമായി എല്‍ജി എത്തുന്നു
വലിച്ചു നീട്ടാം, കുറയ്ക്കാം; ഡിസ്പ്ലേയില്‍ വിപ്ലവകരമായ മാറ്റവുമായി എല്‍ജി എത്തുന്നു
Friday, November 11, 2022 11:59 AM IST
ലോകത്തിലെ ആദ്യ ഹൈ റെസലൂഷന്‍ ഡിസ്പ്ലേ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് കമ്പനിയായ എല്‍ജി. വലിച്ച് നീട്ടാനും ചുരുട്ടാനും മടക്കാനും തിരിക്കാനുമൊക്കെ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

12 ഇഞ്ച് വരുന്ന ഡിസ്പ്ലേയുടെ സൈസ് 14 ഇഞ്ച് വരെ ആയി കൂട്ടാന്‍ കഴിയുമെന്നാണ് എല്‍ജി പറയുന്നത്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ഡിസ്പ്ലേയ്ക്ക് യാതൊരു തകരാറും സംഭവിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

സ്ട്രെച്ച് ചെയ്യുമ്പോള്‍ വലിഞ്ഞ് നില്‍ക്കാനും വിട്ട് കഴിയുമ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കാനും കഴിയുന്ന ഫിലിം ടൈപ്പ് സബ്സ്ട്രേറ്റ് കൊണ്ടാണ് ഈ ഡിസ്പ്ലേ നിര്‍മിച്ചിരിക്കുന്നത്. കോണ്‍ടാക്ട് ലെന്‍സുകളില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം സിലിക്കണില്‍ നിന്നാണ് സബ്സ്ട്രേറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.


നിലവില്‍ ഡെവലപ്പിംഗ് അവസ്ഥയിലാണ് ഈ സാങ്കേതികവിദ്യയുള്ളത്. വലിച്ച് നീട്ടാന്‍ കഴിയുന്ന ഡിസ്പ്ലേയുമായി ഡിവൈസുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാങ്കേതികവിദ്യ പൂര്‍ണസജ്ജമായിക്കഴിഞ്ഞാല്‍ ഫോള്‍ഡബിള്‍ ഡിസ്പ്ലേകള്‍ക്കും അപ്പുറത്തേക്കുള്ള വിപ്ലവകരമായ മാറ്റം ലോകത്തുണ്ടാകും.

ഭാവിയില്‍ നമ്മുടെ ടിവികളും ലാപ്ടോപ്പുകളും മൊബൈല്‍ഫോണുകളും ഒക്കെ ചുരുട്ടി എടുത്ത് മാറ്റിവയ്ക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.