രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ഇന്ന്; മത്സര രംഗത്ത് നാല് കമ്പനികള്‍
രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ഇന്ന്; മത്സര രംഗത്ത് നാല് കമ്പനികള്‍
രാജ്യത്ത് 5 ജി ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനായുള്ള 5 ജി സ്പെക്ട്രം ലേലം ഇന്ന് നടക്കുന്നു. റിലയന്‍സ് ജിയോ, അദാനി, എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ നാല് കമ്പനികള്‍ മാറ്റുരയ്ക്കുന്ന 5 ജി സ്പെക്ട്രം ലേലം ചൊവ്വാഴ്ച രാവിലെ 10 നാണ് ആരംഭിച്ചത്. ലേലം വൈകുന്നേരം ആറുവരെ നീളുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ലേലത്തിലേക്കുള്ള അദാനിയുടെ കടന്നുവരവ് വലിയ വാര്‍ത്ത ആയിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കും സുനില്‍ ഭാരതി മിത്തലിന്‍റെ എയര്‍ടെല്ലിനും ഇത് വലിയ വെല്ലുവിളിയായി മാറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്.

എന്നാല്‍ പൊതുജനാവശ്യത്തിനായിട്ടല്ല മറിച്ച് തങ്ങളുടെ വ്യാവസായിക കാര്യങ്ങള്‍ക്കായിട്ടാണ് 5 ജിയ്ക്കായി ഇറങ്ങുന്നതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. സൈബര്‍ സെക്യൂരിറ്റി, സൂപ്പര്‍ ആപ്പുകള്‍, പവര്‍ ജനറേഷന്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലൊക്കെ കമ്പനിക്ക് അതിവേഗ ഇന്‍റര്‍നെറ്റ് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. ഇതോടെ വന്‍കിടക്കാര്‍ തമ്മിലുണ്ടാവാന്‍ ഇടയുണ്ടായിരുന്ന വലിയൊരു മത്സര സാഹചര്യം ഒഴിവായി.

4 ജിയെക്കാള്‍ പത്തിരട്ടി വേഗമുള്ളതും 3 ജിയേക്കാള്‍ 30 മടങ്ങ് വേഗമുള്ളതുമായ സേവനങ്ങളാണ് 5 ജി നല്‍കുക. 72 ഗിഗാഹെര്‍ഡ്സ് ആണ് 20 വര്‍ഷത്തേക്കായി ലേലം ചെയ്യുന്നത്. അതായത് ലേലം നേടുന്നവര്‍ക്ക് സ്പെക്ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് അവകാശം 20 കൊല്ലത്തേക്കായിരിക്കുമെന്ന് ചുരുക്കം.

സ്പെക്ട്രത്തിന് മുന്‍കൂര്‍ പണം അടയ്ക്കേണ്ടതില്ല. പകരം 20 തവണയായി അടയ്ക്കാവുന്നതാണ്. 10 വര്‍ഷം കഴിഞ്ഞ് ആവശ്യമെങ്കില്‍ സ്പെക്ട്രം മടക്കി നല്‍കാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തില്‍ ബാധ്യതയുണ്ടാവില്ല.


നിലവില്‍ നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡിപ്പോസിറ്റായി 21,800 കോടി രൂപ ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയാണ് ഏറ്റവും വലിയ തുക അടച്ചിരിക്കുന്നത്. ജിയോ 14,000 കോടിയും എയര്‍ടെല്‍ 5,500 കോടിയും വൊഡാഫോണ്‍ ഐഡിയ 2,200 കോടിയുമാണ് നിക്ഷേപിച്ചിട്ടുള്ളത്.

100 കോടി രൂപയാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്. കമ്പനികള്‍ എത്രത്തോളം എയര്‍വേവുകള്‍ വാങ്ങാന്‍ പോകുന്നുവെന്നതിന്‍റെ സൂചനകൂടിയാണിത്.

ലോ ഫ്രീക്വന്‍സി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത്. മിഡ് ഫ്രീക്വന്‍സ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും, ഹൈ ഫ്രീക്വന്‍സി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ഉള്ളത്. ഇതില്‍ മിഡ്, ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളാണ് ടെലികോം കമ്പനികള്‍ പ്രധാനമായും നോട്ടമിടുക.

കഴിഞ്ഞ ജൂണിലാണ് കേന്ദ്രമന്ത്രി സഭ 5 ജി ലേലത്തിന് അനുമതി നല്‍കിയത്. 5 ജി ലേലങ്ങളില്‍ നിന്ന് 70,000 കോടി മുതല്‍ 1,00,000 കോടി രൂപ വരെയുള്ള തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

തുടക്കത്തില്‍ ഇന്ത്യയിലെ 13 നഗരത്തിലാണ് 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും, കൂടാതെ ന്യൂ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഛണ്ഡീഗഢ്, പുനെ, ലക്നോ, മുംബൈ, കോല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും 5 ജി സേവനം ലഭിക്കും. എന്നാല്‍ ആദ്യ പട്ടികയില്‍ കേരളമില്ല.