അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയം രണ്ട് ദിവസമാക്കി നീട്ടി വാട്സ്ആപ്പ് ഫീച്ചര്‍
Tuesday, July 5, 2022 4:30 PM IST
വാട്സ്ആപ്പില്‍ ഉപയോക്തക്കാള്‍ക്ക് തങ്ങള്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവസരം ഇപ്പോഴുണ്ടെങ്കിലും അതിന്‍റെ സമയം ഒരു മണിക്കൂര്‍ എന്നൊതുക്കിയിരുന്നു. എന്നാല്‍ ഈ സമയപരിധി ഉയര്‍ത്താനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.
പുതിയ ഫീച്ചര്‍ പ്രകാരം സന്ദേശങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞും നീക്കം ചെയ്യാനാകും. വാബീറ്റാഇന്‍ഫോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പായ 2.22.15.8ലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി 2 ദിവസവും 12 മണിക്കൂറുമായി ഉയര്‍ത്തിയിട്ടുണ്ട്.
നേരത്തെ വാട്സ്ആപ്പിന്‍റെ മുഖ്യ എതിരാളിയായ ടെലഗ്രാം സന്ദേശങ്ങള്‍ അയച്ച് 48 മണിക്കൂര്‍ കഴിഞ്ഞും അത് നീക്കം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍ ഇത്തരത്തിലൊരു അറിയിപ്പ് ഇതുവരെ വാട്സ്ആപ്പിന്‍റെ ബീറ്റാ പതിപ്പില്‍ ലഭ്യമായില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം അയച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അത് നീക്കം ചെയ്യാന്‍ സാധിക്കുന്നുണ്ടോയെന്ന് സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്.
സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഈ ഫീച്ചര്‍ പ്രകാരം ചാറ്റിലെ സന്ദേശങ്ങളെല്ലാം ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കാകും.
മെയ് മാസത്തില്‍ ഇന്ത്യയില്‍ 19 ലക്ഷത്തിലധികവും, ഏപ്രിലില്‍ 16.6 ലക്ഷവും അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. 2021ലെ പുതിയ ഐടി നിയമ പ്രകാരമായിരുന്നിത്.