ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ മുതൽ
ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ മുതൽ
Friday, November 19, 2021 5:58 AM IST
പ്രമുഖ ചൈനീസ് നിർമിത ബ്രാൻഡായ ഒപ്പോ പുതിയ ഹാൻഡ്സെറ്റ് എ 95 മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. വൈകാതെതന്നെ ഇന്ത്യയിലും എത്തുമെന്നു കരുതുന്നു.

മുടക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിക്കുന്നതാണ് എ95 എന്ന് ആദ്യ റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്. മിഡ് റേഞ്ച് വിഭാഗത്തിൽ പെടുന്ന ഒപ്പോ എ95 ന്‍റെ പ്രധാന സവിശേഷത ഇതിന്‍റെ ക്വാൽകോം പ്രോസസറാണ്.

മികവാർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 5ജി പോലുള്ള ചില ഫീച്ചറുകൾ ഒപ്പോ എ95ൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഇതിന്‍റെ പ്രധാന ന്യൂനത.

8 ജിബി റാമും 128 ജിബി ഇന്‍റേണൽ മെമ്മറിയും ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസർ ആണ് ഒപ്പോ എ95 ന്‍റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാം. സാധാരണ ജോലികൾക്ക് ഈ പ്രോസസർ മതിയാകും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.1 ആണ് ഫോൺ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, ആൻഡ്രോയിഡ് 12 അപ്‌ഡേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.


60Hz റിഫ്രഷ് റേറ്റ് ഉള്ള 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഒപ്പോ എ95 അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് സംയോജിത ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഡിസ്പ്ലേയിൽ പഞ്ച്-ഹോൾ കട്ട്ഔട്ട് ഉണ്ട്. ഇതിനുള്ളിലാണ് 16 മെഗാപിക്സലിന്‍റെ സെൽഫി കാമറ ഉൾപ്പെടുത്തിയിരിക്കുന്നത്.

48 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ബൊക്കെ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ കാമറ സജ്ജീകരണത്തോടെയാണ് ഒപ്പോ എ95 വരുന്നത്.

5000എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ എ95 ന്‍റെ മറ്റൊരു പ്രധാന സവിശേഷത. ഫോൺ ചാർജ് ചെയ്യാൻ യുഎസ്ബി-സി പോർട്ടും ലഭ്യമാണ്.

8 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഒരേയൊരു വേരിയന്‍റിന് 1,099 എംവൈആർ (ഏകദേശം 19,600 രൂപ) ആണ് വില. സ്റ്റാറി ബ്ലാക്ക്, റെയിൻബോ സിൽവർ നിറങ്ങളിൽ ഇത് ലഭ്യമാണ്.