ഫേസ്ബുക്ക് കമ്യൂണിറ്റി മാനേജരാകാം, ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം
Monday, October 18, 2021 4:00 PM IST
സോഷ്യല്‍ മീഡിയയുടെ അഭൂതപൂര്‍വമായ വളര്‍ച്ച സാമൂഹിക, വ്യാവസായിക മേഖലകളില്‍ വരുത്തിയിട്ടുള്ള സ്വാധീനം നമുക്കെല്ലാം അറിയാവുന്നതാണ്, അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓണ്‍ലൈനില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കമ്മ്യൂണികളുടെ എണ്ണവും സ്വഭാവവും.
സാംസ്കാരികം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, വിനോദം, വിജ്ഞാനം, സിനിമാ, സാഹിത്യം എന്ന് വേണ്ട ഏതു വിഷയങ്ങളെക്കുറിച്ചുമുള്ള ഗ്രൂപ്പ്കളും പേജുകളും ഇന്ന് മിക്കവാറും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്ന് നമുക്ക് കാണാന്‍ കഴിയും. ഇത് ആളുകളെ പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കുകയും അവർക്ക് താത്പര്യങ്ങളുള്ള വിഷയങ്ങളില്‍ സംവദിക്കുന്നതിനും അവസരം നല്കുന്നു.
സോഷ്യല്‍ മീഡിയ, വെബ്, അതതു രാജ്യത്തെ ഐടി നിയമങ്ങള്‍ ഇതിനെയൊക്കെ അനുസരിച്ചായിരിക്കണം ഇത്തരം കമ്മ്യുണിറ്റികള്‍ പ്രവര്‍ത്തിക്കേണ്ടത്. അതിനു നിയതമായ നിയമാവലി നിര്‍മിക്കുകയും പ്രാവര്‍ത്തികമാക്കുകയും കമ്യൂണിറ്റി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍ യഥാര്‍ഥ പ്രേക്ഷകരില്‍ എത്തിക്കുകയും ചെയ്യുന്ന വ്യക്തികൾ കമ്മ്യൂണിറ്റി മാനേജര്‍മാര്‍ എന്നറിയപ്പെടുന്നു.
ഇതിനൊക്കെ പുറമേ ഒരു കമ്മ്യൂണിറ്റി മാനേജർ ഒരു സ്ഥാപനത്തിന്റെയോ, വ്യക്തിയുടെയോ സോഷ്യൽ മീഡിയ സാന്നിധ്യത്തിന് ആക്കം കൂട്ടുന്ന തരത്തില്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചുനടപ്പിലാക്കുന്നു, പ്രസിദ്ധീകരിക്കുന്ന വിവരങ്ങളുടെ ഉള്ളടക്കം പരിശോധിക്കുക, ബ്രാൻഡ് മാർഗനിർദ്ദേശങ്ങള്‍, മൊത്തത്തിലുള്ള ആശയവിനിമയ ശൈലി, ഇവയൊക്കെ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഒരു കമ്യൂണിറ്റി മാനേജരുടെ ഉത്തരവാദിത്തമാണ്.
ഓൺലൈന്‍ വഴിയുള്ള കൂടിക്കാഴ്ചകള്‍, ജനാഭിപ്രായം അറിയാനുള്ള ഓണ്‍ലൈന്‍ പോളുകള്‍ (Online opinion Poll), വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക ഇതൊക്കെ കമ്മ്യൂണിറ്റി മാനേജർമാരുടെ ഉത്തരവാദിത്വത്തിന്റെ പരിധിയില്‍ പെടുന്നതാണ്
നാളെയുടെ കമ്മ്യൂണിറ്റി മാനേജർമാരെ പടുത്തുയര്‍ത്തുന്നതിനും ഇന്നത്തെ കമ്മ്യൂണിറ്റി മാനേജർമാരുടെയും സോഷ്യൽ മീഡിയ പ്രൊഫഷണലുകളുടെയും കഴിവുകള്‍ ഉയര്‍ത്തുന്നതിനുമായി ഫേസ്ബുക്ക് രൂപകല്പന ചെയ്തിരിക്കുന്ന അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള ഒരു സൗജന്യ പരിശീലന പരിപാടിയാണ് Facebook Blueprint’s Empowering Communities Program
ഈ പരീക്ഷ എഴുതുന്നതിലേക്കായി ഫേസ്ബുക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി 49 ഡോളർ വിലയുള്ള ഒരു വൗച്ചർ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. 2021 ഡിസംബർ 31 വരെയാണ് ഇതിന്റെ കാലാവധി.

യോഗ്യത നേടുന്നതിന് നിങ്ങൾ ഇനിപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്:
(i) കൃത്യമായ വിവരങ്ങള്‍ നല്‍കിയുള്ള ഒരു ഫേസ്ബുക്ക് ബ്ലൂപ്രിന്റ് അക്കൗണ്ട് നിങ്ങൾക്ക് ഉണ്ടായിരിക്കണം
(ii) കമ്മ്യൂണിറ്റി മാനേജർ പ്രോഗ്രാമിനോടനുബന്ധിച്ചുള്ള ബ്ലൂപ്രിന്റ് കോഴ്സുകളിൽ സജീവമായി പങ്കെടുക്കുകയും 100 ശതമാനം പൂർത്തിയാക്കുകയും ചെയ്യുക.
(iii) ഓഫർ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പ്രാക്ടീസ് പരീക്ഷകളിലൊന്നിൽ കുറഞ്ഞത് 80 ശതമാനമെങ്കിലും സ്കോർ നേടുക.
(iv) കോഴ്സുമായി ബന്ധപ്പെട്ട തത്സമയ വെർച്വൽ പരിശീലന സെഷനിൽ പങ്കെടുക്കുക
(v) ഫേസ്ബുക്ക് സർട്ടിഫൈഡ് കമ്മ്യൂണിറ്റി മാനേജർ പരീക്ഷയ്ക്ക് 11:59:59 PM PT ഡിസംബർ 31, 2021 നകം രജിസ്റ്റർ ചെയ്യാൻ ഈ വൗച്ചർ ഉപയോഗിക്കാവുന്നതാണ്
ആവശ്യമായ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി നിങ്ങൾ വൗച്ചറിനായി അഭ്യർത്ഥിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ബന്ധപ്പെട്ട ഇമെയിലേക്ക് ഒരു മെസേജ് ലഭിക്കുന്നതാണ്. ഈ ലിങ്കിൽ വൗച്ചർ ക്ലെയിം ചെയ്യേണ്ട വിവരങ്ങൾ ലഭ്യമാണ്.
വൗച്ചർ കൈമാറ്റം ചെയ്യാനോ, റിഡീം ചെയ്യാനോ കഴിയുന്നതല്ല, മറ്റ് ഓഫറുകളോ ഡിസ്കൗണ്ടുകളോ ഇതുമായി ബന്ധപ്പെടുത്താനും കഴിയില്ല. ഓരോ പരീക്ഷാര്‍ഥിക്കും ഒരു വൗച്ചർ എന്ന രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. നമ്മള് കോഴ്സ് സംബന്ധമായി നല്കുന്ന വിവരങ്ങള്‍ ഫേസ്ബുക്കിന്റെ ഡാറ്റ നയത്തിനു വിധേയമായിരിക്കും.
കമ്മ്യൂണിറ്റി മാനേജർ ഓൺലൈൻ കോഴ്സിലൂടെ, കമ്മ്യൂണിറ്റി-ബിൽഡിംഗ് തന്ത്രങ്ങൾ, ഓൺലൈൻ കമ്മ്യൂണിറ്റി മോഡറേറ്റ് ചെയ്യുന്ന രീതി, അംഗങ്ങളുമായി ഇടപഴകേണ്ട രീതി ഇവയൊക്കെ പഠനവിധേയമാക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ച് വരുന്നതും പഠനവിധേയമാക്കാൻ താത്പര്യം കാണിച്ചിട്ടുള്ളതുമായ കമ്മ്യൂണിറ്റികളെയും ബ്രാൻഡുകളെയും അടിസ്ഥാനമാക്കിയാണ് പഠനക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതേ വിഷയത്തില്‍ താത്പര്യമുള്ള മറ്റുള്ള വ്യക്തികളുമായി സംവദിക്കാനും, പഠനാവശ്യത്തിനായ സഹായം ലഭിക്കുന്നതിനും ഫേസ്ബുക്ക് കമ്മ്യൂണിറ്റി മാനേജർ സർട്ടിഫിക്കേഷൻ ലേണിംഗ് ഗ്രൂപ്പിൽ ചേരാവുന്നതാണ്.
Define and Establish a Community, Develop Community Strategies and Processes, Make Strategic Content Decisions for a Community, Engage and Moderate a Community, Measure and Analyze Community Success എന്നീ വിഷയങ്ങളാണ് കോഴ്സിന്റെ പ്രധാന ഘടകങ്ങൾ.
ഓൺലൈൻ കമ്മ്യൂണിറ്റിയുടെ ദൗത്യം, ലക്ഷ്യം, വിജയ മാനദണ്ഡങ്ങൾ എന്നിവ നിർവചിക്കാനും നിർമ്മിക്കാനും കമ്മ്യൂണിറ്റി നിയമങ്ങൾ സൃഷ്ടിക്കാനും പഠിക്കുകയാണ് കോഴ്സിന്റെ ആദ്യഘട്ടം.
രണ്ടാം ഘട്ടത്തില്‍ ഒരു ഓൺലൈൻ കമ്മ്യൂണിറ്റി നിർമ്മിക്കുന്നതിന് സാങ്കേതിക തന്ത്രങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്നു.
ഒരു കമ്മ്യൂണിറ്റി മാനേജരുടെ റോളിന്റെ പ്രധാന ഭാഗമായ ഉള്ളടക്ക തന്ത്രം നിർമ്മിക്കുകയും പരിപാലിക്കുകയും അതിലേക്ക് ജനങ്ങളെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് മൂന്നാം ഘട്ടം. അതോടൊപ്പം തന്നെ കമ്മ്യൂണിറ്റി എങ്ങനെ മികച്ച രീതിയിൽ ഇടപഴകാനും മോഡറേറ്റ് ചെയ്യാനും ഈ ഘട്ടത്തിൽ പഠിപ്പിക്കുന്നു.
കമ്മ്യൂണിറ്റിയുടെ ഫലപ്രാപ്തി വിലയിരുത്താനുള്ള ഡാറ്റ അവലോകനം, കമ്മ്യൂണിറ്റി വഴിയുള്ള ധനസമ്പാദന സാധ്യതകൾ ഇവ പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കമ്മ്യൂണിറ്റിയുടെ ഉള്ളടക്കവും സമയക്രമത്തിന്റെ പ്രസക്തിയും കമ്മ്യൂണിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിത ഘടകങ്ങളാണ്. ഒരു കമ്മ്യൂണിറ്റിയുടെ സുപ്രധാന ഘടകം അതിൽ ലഭ്യമാക്കിയിരിക്കുന്ന ഉള്ളടക്കമാണ്. പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, സ്റ്റോറികൾ എന്നുതുടങ്ങി കമ്മ്യൂണിറ്റിയുമായി നിങ്ങൾ ഓൺലൈനിൽ പങ്കിടുന്ന എല്ലാം വിവരങ്ങളും ഉള്ളടക്കമാണ്. നിങ്ങളുടെ കമ്മ്യൂണിറ്റി നിർമ്മിക്കുന്നതിനും സ്കെയിൽ ചെയ്യുന്നതിനും വളർത്തുന്നതിനും, ഉള്ളടക്കം പ്രധാന ഘടകമാണ്.
പ്രസക്തമായ ഉള്ളടക്കം നിർമ്മിക്കുന്നതോടൊപ്പം തന്നെ അത് എപ്പോൾ പോസ്റ്റുചെയ്യണമെന്നതും പ്രാധാന്യമർഹിക്കുന്നു, ഇതിനായി നിങ്ങളുടെ ഓൺലൈൻ പ്രേക്ഷകരുടെ ശീലങ്ങളും പെരുമാറ്റങ്ങളും നിരീക്ഷിക്കുക, അവർ ഓൺലൈനിൽ ഏറ്റവും സജീവമായിരിക്കുന്ന സമയം ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
കമ്മ്യൂണിറ്റി മാനേജർമാർ അവരുടെ കമ്മ്യൂണിറ്റി അംഗങ്ങളുടെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുകയും പരിപാലിക്കാനും ബാധ്യസ്ഥരാണ്. നിങ്ങളുടെ കമ്മ്യൂണിറ്റി ദൗത്യം നിറവേറ്റുവാൻ ഉള്ളടക്കം പ്രധാന പങ്ക് വഹിക്കന്നു.
കോഴ്സ് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
കെ. ജയകുമാർ
ഐടി വിദഗ്ധൻ