ഡാറ്റാ എന്‍ജിനീയറാകാൻ ഗൂഗിള്‍ ക്ലൗഡ് സര്ട്ടിഫിക്കേഷൻ
Monday, October 18, 2021 3:20 PM IST
പുതിയ കാലത്ത് അതിവേഗം വളര്‍ന്നു പന്തലിക്കുന്ന സാങ്കേതിക വിദ്യയായ ക്ലൗഡ് കപ്യൂട്ടിംഗ് വിശാലമായ ഒരു തൊഴില്‍ മേഖലയാണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. ക്ലൗഡ് സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍, ക്ലൗഡ് ഡെവലപ്പര്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ആര്‍ക്കിടെക്ട് തുടങ്ങി നിരവധി ജോലികള്‍ ഈ മേഖല മുന്നോട്ടു വയ്ക്കുന്നു.
ഈ മേഖലയിലെ പ്രഫഷണലുകള്‍ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്ന ഒരു അഡ്വാന്‍സ്ഡ് ലെവല്‍ പ്രോഗ്രാമാണ് ‘ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫൈഡ് പ്രഫഷണല്‍ ഡാറ്റാ എന്‍ജിനിയര്‍’ പ്രോഗ്രാം. പ്രധാനമായും ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്ന പ്രഫഷണലുകളുടെ വൈദഗ്ധ്യം വിലയിരുത്തുന്നതിനായാണ് ഗൂഗിള്‍ ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്.
സർട്ടിഫിക്കേഷൻ ചെയ്യുന്നവർക്ക് കർശനമായ മാനദണ്ഡങ്ങളൊന്നും ഗൂഗിൾ നിഷ്കർഷിച്ചിട്ടില്ലെങ്കിലും കുറഞ്ഞതു മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അതിൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ഗൂഗിൾ ക്ലൗഡുമായി ബന്ധപ്പെട്ട ഡാറ്റാ രൂപകല്പനയും ഡാറ്റാ കൈകാര്യം ചെയ്തുമുള്ള പരിചയവുമാണ് അഭികാമ്യമായി പറയുന്നത്.
ഒരു ഡാറ്റ എൻജിനിയർക്ക് നിലവിലുള്ളതും മുന്‍പ് ഉപയോഗിച്ചിരുന്നതുമായ മെഷീൻ ലേണിംഗ് മോഡലുകൾ പ്രായോഗിക തലത്തിൽ കൊണ്ടുവന്നു പ്രയോജനപ്പെടുത്താനും വിന്യസിക്കാനും തുടർച്ചയായി ഉപയോഗിക്കാനും പ്രാപ്തരാണോ എന്നും ഈ പ്രോഗ്രാം വിലയിരുത്തുന്നു.
ഓണ്‍ലൈൻ ആയി നടത്തുന്ന ഈ പരീക്ഷയിൽ ഗൂഗിളിന്റെ ഓണ്‍ലൈൻ നിരീക്ഷണം ഉണ്ടാകും. അതുമല്ലെങ്കിൽ ഗൂഗിൾ അംഗീകാരമുള്ള പ്രൊമെട്രിക് ടെസ്റ്റ് സെന്ററുകളിൽ നിന്നുപരീക്ഷ എഴുതാവുന്നതാണ്.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനു അപേക്ഷകർ 200 അമേരിക്കൻ ഡോളർ റിസർവേഷൻ ഫീയായി നൽകണം. നിലവിൽ ഇംഗ്ലീഷിലും ജാപ്പനീസ് ഭാഷയിലും മാത്രമാണ് പരീക്ഷ എഴുതാൻ കഴിയുന്നത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ളതാണു പരീക്ഷ. 50 ചോദ്യങ്ങളുണ്ടായിരിക്കും.
ഈ പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ മേൽപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടു തങ്ങൾക്കു ഈ മേഖലയിലുള്ള കഴിവുകളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിജയിക്കാൻ ആവശ്യമായ മിനിമം പാസിംഗ് സ്കോറിനെക്കുറിച്ച് ഗൂഗിൾ വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമാക്കിയിട്ടില്ല. എന്നാൽ വിജയികളായ ഉദ്യോഗാർഥികളുടെ അഭിപ്രായത്തിൽ പരീക്ഷ വിജയിക്കാൻ കുറഞ്ഞത് 70 ശതമാനം സ്കോർ വേണമെന്നാണ്.
എക്സാം ടിപ്സ്
ഡാറ്റാ സയൻസ് മേഖലയിലും ഗൂഗിൾ ക്ലൗഡ് സേവനങ്ങളെക്കുറിച്ചുമുള്ള ഉദ്യോഗാർഥികളുടെ അറിവും കഴിവും ഇവിടെ വിലയിരുത്തപ്പെടുന്നു. മറ്റു മത്സരാധിഷ്ഠിത പരീക്ഷകൾക്ക് സമാനമായി മികച്ച തയാറെടുപ്പ് അനിവാര്യമാണ്.
ഈ സർട്ടിഫിക്കേഷൻ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം ഈ പരീക്ഷയ്ക്കുള്ള സാന്പിൾ ചോദ്യങ്ങളും ഗൂഗിൾ നൽകുന്നു. അത് ഈ ലിങ്ക് ഉപയോഗിച്ച് കണ്ടെത്താനാകും. ഈ വിവരങ്ങൾ വച്ച് പരീക്ഷയുടെ ആഴവും പരപ്പും മനസിലാക്കാനാകും.
ഡാറ്റാ എൻജിനിയറിംഗ്, ഡാറ്റ പ്രോസസിംഗ് എന്നിവയുമായി ബന്ധപ്പെട്ട കഴിയുന്നത്ര വിവരങ്ങൾ ശേഖരിച്ചു വേണം പരീക്ഷയ്ക്ക് ഒരുങ്ങാൻ. ഇന്ത്യയിലെ പ്രമുഖ ഹാക്കത്തോണ്‍, അസസ്മെന്റ് പ്ലാറ്റ്ഫോമായ മെഷീൻ ഹാക്കും അതുപോലുള്ള മറ്റുപല പ്ലാറ്റ്ഫോമുകളും പ്രെഫഷണൽ സർട്ടിഫിക്കേഷനുകളിൽ നിരവധി മോക്ക് പരീക്ഷകൾ തികച്ചും സൗജന്യമായി നൽകിവരുന്നു. ഇത്തരം ഈ പ്ലാറ്റ്ഫോമുകൾ പരീക്ഷാർഥികൾക്ക് പ്രയോജനപ്പെടുത്താം.
കെ. ജയകുമാർ
ഐടി വിദഗ്ധൻ