മറക്കണ്ട, കറന്റ് ബിൽ അടയ്ക്കാൻ!
Wednesday, October 13, 2021 1:40 PM IST
കൽക്കരിക്ഷാമം രാജ്യത്തെ ഇരുട്ടിലാക്കുമോ, ലോഡ് ഷെഡിംഗ് വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ഒരുവശത്ത്. തൽക്കാലം കേരളത്തിൽ കറന്റ് കട്ട് ഇല്ലെന്ന് മന്ത്രി പറയുന്നു. അതേസമയം കറന്റ് ചാർജ് കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നു. പെട്രോളിനും ഗ്യാസിനുമടക്കം എല്ലാം വിലകൂടുന്പോൾ കറന്റിനുകൂടി കാശുകൂടിയാൽ എന്തുചെയ്യുമെന്ന ചിന്ത മറുവശത്ത്.
എന്തായാലും വൈദ്യുതി ബിൽ കൃത്യസമയത്ത് അടയ്ക്കാൻ മറക്കേണ്ട. കെഎസ്ഇബി ഓഫീസിലെ നീണ്ട വരിയൊക്കെ ഓർമയുള്ളവർ കുറേപ്പേരെങ്കിലും ഉണ്ടാകും. പിന്നീട് ജനസേവന കേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങൾ വന്നതോടെ ആ തിരക്ക് ഒട്ടൊക്കെ ഒഴിവായി.
ഇപ്പോൾ കെഎസ്ഇബിയുടെ വെബ്സൈറ്റിലടക്കം ബിൽ അടയ്ക്കാൻ വളരെ എളുപ്പമുള്ള സംവിധാനമുണ്ട്. മൊബൈൽ സ്ക്രീനിൽ ഏതാനും ടച്ചുകൾകൊണ്ട് മിനിറ്റുകൾക്കുള്ളിൽ ബില്ലടയ്ക്കാം.
ഇതിനകം ഭൂരിഭാഗം പേരും ഓണ്‍ലൈൻ പേയ്മെന്റിലേക്കു മാറിയിരിക്കുമെങ്കിലും വേണ്ടത്ര പരിചയമില്ലാത്തവർക്കായി എങ്ങനെയാണ് ആ സംവിധാനം എന്നുനോക്കാം.
wss.kseb.in/selfservices/quickpay എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. കെഎസ്ഇബിയുടെ ക്വിക്ക് പേ സൗകര്യമാണ് ഇത്. ഇതിൽ 13 അക്ക കണ്‍സ്യൂമർ നന്പർ നൽകി തിരിച്ചറിയൽ അക്കങ്ങളും അക്ഷരങ്ങളും ടൈപ്പ് ചെയ്ത് സബ്മിറ്റ് ടു സീ ദ ബിൽ എന്ന ബട്ടണ്‍ അമർത്തിയാൽ നിലവിലെ ബിൽ കാണാം.
നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് മൊബൈൽ നന്പർ നൽകിയാലും എളുപ്പത്തിൽ ബിൽ കാണാം. ഈ പേജിൽ ബിൽ തുക കണ്ട് ഉറപ്പുവരുത്താനാകും. ഇവിടെ ഇമെയിൽ വിലാസവും ഫോണ്‍ നന്പറും നൽകണം. ഇനി പേജിന്റെ അടിയിലായി പ്രൊസീഡ് ടു പേയ്മെന്റ് എന്ന ബട്ടണ്‍ അമർത്തണം.
തൊട്ടടുത്ത പേജിലാണ് പേയ്മെന്റ് ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടത്. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ, ഗൂഗിൾ പേ, പേ ടിഎം, ആമസോണ്‍ പേ, മൊബിക്വിക്ക് പോലുള്ള പേയ്മെന്റ് വാലറ്റുകൾ എന്നിവയിൽ ഏതെങ്കിലും ഓപ്ഷൻ തെരഞ്ഞെടുക്കാം. തുടർന്ന് മറ്റ് ഏതൊരു ഓണ്‍ലൈൻ പേയ്മെന്റും നടത്തുന്നതുപോലെ ബിൽ തുക അടയ്ക്കാം. നെറ്റ് ബാങ്കിംഗിന് ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കും എന്ന കാര്യം പ്രത്യേകം ഓർമിക്കുക.
പണം അടച്ചാൽ വിശദാംശങ്ങൾ സ്ക്രീനിൽ കാണാം. രജിസ്റ്റർ ചെയ്ത മൊബൈലിൽ എസ്എംഎസ് ആയും ഇമെയിൽ ആയും ബിൽ തുക അടച്ചതിന്റെ വിശദാംശങ്ങൾ ലഭിക്കും. ആവശ്യമെങ്കിൽ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും ആവാം. ഇതുപോലെ എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്ന ആപ്പുകളും മറ്റു സർവീസുകളും ഉണ്ട്.