ഓൺലൈൻ ഭീമന്മാർ നഷ്ടം കൊയ്യുന്നു
Thursday, October 31, 2019 3:55 PM IST
ബംഗളൂരു: ഓൺലൈൻ വ്യാപാരം വലിയ വളർച്ച കാണിക്കുന്പോഴും പ്രമുഖ ഓൺലൈൻ കന്പനികൾക്കു വൻ നഷ്ടം. ഫ്ലിപ് കാർട്ടിന്റെ നഷ്ടം 2018- 19-ൽ 1624 കോടി രൂപയിലേക്കു വർധിച്ചപ്പോൾ ആമസോണിന്റേത് അല്പം കുറഞ്ഞ് 5685 കോടി രൂപയായി.
ഫ്ലിപ്കാർട്ടിന്റെ ഇന്ത്യയിലെ ബിസിനസുകൾ നടത്തുന്ന ഫ്ലിപ്കാർട്ട് ഇന്റർനെറ്റിന്റെ നഷ്ടം 2017-18-ലെ 1161 കോടിയിൽനിന്നു 40 ശതമാനമാണു വർധിച്ചത്. കഴിഞ്ഞ സാന്പത്തിക വർഷം കന്പനികളുടെ വരുമാനം 51 ശതമാനം വർധിച്ച് 4234 കോടിയിലെത്തി. ജീവനക്കാർക്കുള്ള ചെലവ് 91 ശതമാനം വർധിച്ച് 1889 കോടി രൂപയായി.
അമേരിക്കൻ റീട്ടെയിൽ ഭീമൻ വാൾമാർട്ട് കഴിഞ്ഞ വർഷം 1600 കോടി ഡോളറിനു ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങിയിരുന്നു.
അമേരിക്കൻ ഓൺലൈൻ ഭീമനായ ആമസോണിന്റെ ഇന്ത്യയിലെ പ്രവർത്തനം ഇനിയും ലാഭത്തിലേക്കു വന്നിട്ടില്ല. 2017-18-ലെ 6287 കോടിയിൽനിന്നു നഷ്ടം കഴിഞ്ഞ വർഷം 5685 കോടി രൂപയിലേക്കു കുറഞ്ഞു എന്നു മാത്രം. കഴിഞ്ഞ വർഷത്തെ വരുമാനം 7593 കോടി രൂപയാണ്. ചെലവ് 10,802 കോടിയായി വർധിച്ചു. 3663 കോടി രൂപയാണ് ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിക്കാൻ കന്പനി ചെലവാക്കിയത്. നിയമസഹായത്തിനുള്ള ചെലവ് 1448 കോടിയായി ഉയർന്നു. പരസ്യച്ചെലവ് 2331 കോടി രൂപയുണ്ട്.