സ്റ്റാർട്ടപ്പുകൾ ശക്തിപ്പെടുത്താൻ ഒപ്പോ സർക്കാരുമായി കൈകോർക്കുന്നു
Monday, September 30, 2019 2:29 PM IST
കൊച്ചി: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ ശക്തിപ്പെടുത്തുന്നതിനായി ഒപ്പോ ഇന്ത്യ സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ് മിഷനുമായി(കെഎസ്യുഎം) സഹകരിക്കുന്നു. സംസ്ഥാനത്ത് വിദ്യാർഥികൾക്കും സംരംഭകർക്കും ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. കാമറ, ഇമേജ് പ്രോസസിംഗ്, ബാറ്ററി, നെറ്റ്വർക്ക്(5ജി), സിസ്റ്റം പെർഫോമൻസ്, പേമെന്റ്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളെയും സംരംഭങ്ങളെയും ചിട്ടയോടെ വികസിപ്പിച്ച് പിന്തുണ നൽകും.
ഇന്ത്യൻ മൊബൈൽ ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നത് അനുസരിച്ചായിരിക്കും സ്റ്റാർട്ടപ്പുകൾ തെരഞ്ഞെടുക്കുക. നവീകരണങ്ങളെയും സ്റ്റാർട്ടപ്പുകളെയും വളർത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഒപ്പോയുമായുള്ള സഹകരണം സഹായമാകുമെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിലും സന്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും നിർണായകമായ ആശയങ്ങൾ തിരിച്ചറിയുന്നതിലും അവ വളർത്തുന്നതിനും ഒപ്പോ പ്രതിജ്ഞാബദ്ധമാണെന്ന് ഒപ്പോ ഇന്ത്യ വൈസ് പ്രസിഡന്റും ഗവേഷണ-വികസന കേന്ദ്രം മേധാവിയുമായ തസ്ലിം ആരിഫ് വ്യക്തമാക്കി.