ഇനി ഷോറൂമിൽ റോബോട്ട് മാനേജരും
ഇന്ത്യയിൽ ആദ്യമായി ഷോറൂം മാനേജറായി ഒരു റോബോട്ടെത്തുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായ കോഴിക്കോട്ടെ റോയൽ ഡ്രൈവിലാണ് ഷോറൂം മാനേജറായി ഒരു റോബോട്ടെത്തുന്നത്. അടുത്ത മാസം മുതൽ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങൾ നൽകാനും ഷോറൂമിന്‍റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും.

റോബോട്ടിക് ഇന്‍ററാക്ടീവ് സർവീസ് അസിസ്റ്റന്‍റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ള്യൂ അപ് ടെക്നോളജീസാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മുനുഷ്യ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ റോബോട്ടിന് പേര് നൽകിയിരിക്കുന്നതോ ’റോയ’ എന്നും. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറു മാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തതെന്ന് റോയൽ ഡ്രൈവിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ കെ മുജീബ് റഹ്മാൻ പറഞ്ഞു.

ഏകദേശം അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം. നൂറ്റിയന്പത് കിലോ ഗ്രാം തൂക്കവും. ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകൾക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കൾക്ക് വിവരങ്ങൾ നൽകുക. വിവരങ്ങൾ നൽകാനായി റോയയുടെ നെഞ്ചിന് മുകളിലായി ഒരു സ്ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. റോയക്ക് നൂറ്റിയന്പതിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കും. ബാറ്ററിയുടെ ചാർജ്ജ് തീരാനായാൽ റോയ തന്നെ ചാർജ്ജും ചെയ്യും.

ഷോറൂമിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ ഷോറൂമിലെ ലൈറ്റ്, കന്പ്യൂട്ടർ, എസി, ടെലിവിഷൻ എന്നിവ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും റോയക്ക് സാധിക്കും. കൂടാതെ ഷോറൂമിലെ മറ്റ് ജീവനക്കാർ വല്ല കള്ളവും കാണിച്ചാൽ പിടികൂടാനും റോയക്ക് കഴിയും, കെ മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു. റോയൽ ഡ്രൈവിൽ സെക്കന്‍റ് ഹാൻഡ് വാഹനങ്ങൾ വിൽക്കാൻ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊണ്ടു വന്ന വാഹനത്തെ കുറിച്ച് കള്ളം പറയാനൊന്നും പറ്റില്ല. വിൽക്കാൻ കൊണ്ടു വന്ന വാഹനത്തിന്‍റെ മൊത്തം ചരിത്രവും റോയ അപ്പോൾ തന്നെ തപ്പിയെടുക്കും.

ഇതിനു പുറമെ ഷോറൂമിലെത്തുന്ന ഒരോ ഉപഭോക്താവിന്‍റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങൾ കണ്ടു പിടിക്കാനും റോയയ്ക്ക് സാധിക്കും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ 24 മണിക്കൂറും കാറുകളെ കുറിച്ച് എന്ത് വിവരങ്ങൾ നൽകാനും റോയ ഷോറൂമിൽ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. രാത്രി സമയത്താണെങ്കിൽ കന്പനി അധികൃതരുമായി വീഡിയോ കോണ്‍ഫറൻസിനുള്ള സൗകര്യവും റോയ ചെയ്തു കൊടുക്കും.

റോയൽ ഡ്രൈവിന്‍റെ മറ്റ് ഷോറൂമുകളിലെ കാറുകളുടെ വിവരങ്ങൾ പറഞ്ഞുകൊടുക്കാനും റോയ റെഡി. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഒക്ടോബർ 14 മുതൽ 18 വരെ നടന്ന രാജ്യാന്തര ഐടി മേളയായ ജൈടെക്സിൽ റോയയെ പ്രദർശിപ്പിച്ചിരുന്നു. നിർമിത ബുദ്ധിയുടെയും അതുപയോഗിച്ചുള്ള റോബോട്ടിക് സാങ്കേതിക വിദ്യയുടെയും സംയോജനമാണ് റോയ. ഒരു കാർ ഷോറൂമിൽ ആദ്യമായിട്ടാണ് ഒരു റോബോട്ട് മാനേജറായി വരുന്നതെന്നും കെ മുജീബ് റഹ്മാൻ പറഞ്ഞു.

റോബോട്ട് ഹാർഡ് വേർ നിർമാണത്തിലെ ലോകത്തിലെ തന്നെ നന്പർ വണ്‍ കന്പനികളിലൊന്നായ പാങ്കോലിൽ റോബോട്ട് കോർപ്പറേഷനാണ് റോബോട്ടിന്‍റെ ഹാർഡ്് വേർ നിർമ്മിച്ചിരിക്കുന്നത്. തല പൂർണമായും കോഴിക്കോട് വച്ച് നിർമ്മിക്കുകയും മറ്റ് ശരീരഭാഗങ്ങൾ പാങ്കോലിൽ റോബോർട്ട് കോർപ്പറേഷന്‍റെ ചൈനയിലെ ഫാക്ടറിയിൽ നിന്ന് നിർമ്മിച്ചെടുക്കുകയുമായിരുന്നു. ഇതിന് ആവശ്യമായ ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസും മറ്റ് സോഫ്റ്റ് വേർ ഭാഗങ്ങളുമാണ് ഫ്ള്യൂ അപ് ടെക്നോളജിസ് നിർമിച്ചിത്. ത്രിഡി പ്രിന്‍റിംഗ്, ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ്, വെർച്വൽ അസിസ്റ്റന്‍റ്, ചാറ്റ് ബോട്ടുകൾ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളുടെ സംയോജനമാണ് റോയ എന്ന ഈ റോബോട്ട്.