വ്യാജ വാർത്തകൾക്കെതിരേ ടിപ്ലൈൻ
Thursday, April 4, 2019 3:04 PM IST
ന്യൂഡൽഹി: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെ വ്യാജവാർത്തകൾ തടയുന്നതിന് ടിപ്ലൈൻ എന്ന സംവിധാനം അവതരിപ്പിച്ചു. മീഡിയാ സ്കില്ലിംഗ് സ്റ്റാർട്ടപ്പായ പ്രോട്ടോ അവതരിപ്പിച്ച ടിപ്ലൈൻ സംവിധാനം തെരഞ്ഞെടുപ്പു സമയങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളുടെ ഡാറ്റാബേസ് തയാറാക്കി അതിനേക്കുറിച്ചു കൂടുതൽ പഠിക്കും. വാട്സ്ആപ്പിന്റെ പിന്തുണയോടെയാണ് ഈ പരിശോധന.
രാജ്യത്തെ ഉപയോക്താക്കൾക്ക് വ്യാജവാർത്തകളും വിവാദങ്ങളും 9643000888 എന്ന നന്പരിലേക്ക് വാട്സ്ആപ് ചെയ്യാം. വ്യാജവാർത്താ പ്രവണതയെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രോട്ടോയുടെ സ്ഥാപകരായ ഋത്വിജ് പരീഖും നാസർ ഉൾ ഹാദിയും പറഞ്ഞു.
വാട്സ്ആപ് ഉപയോക്താക്കൾ പങ്കുവയ്ക്കുന്ന വാർത്തകൾ പ്രോട്ടോയുടെ വേരിഫിക്കേഷൻ സെന്ററുകളിൽ പരിശോധിച്ച് ശരിയോ തെറ്റോ എന്ന് ഉപയോക്താക്കളെ തിരിച്ച് അറിയിക്കുകയാണ് ചെയ്യുക. ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ, ടെക്സ്റ്റ് എന്നിവ ഇത്തരത്തിൽ പരിശോധിക്കാം. ഇംഗ്ലീഷിനു പുറമേ, മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളിലുള്ള വിവരങ്ങളാണ് പ്രോട്ടോ പരിശോധിക്കുക.