ഇന്റർനെറ്റ് സുരക്ഷാ പരിപാടിയുമായി ടിക്ടോക്
Monday, March 25, 2019 2:54 PM IST
പ്രമുഖ ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമായ ടിക്ടോക,് സേഫ് ഹം സേഫ് ഇന്റർനെറ്റ് സുരക്ഷാ പരിപാടിക്കു തുടക്കം കുറിച്ചു. സൈബർ പീസ് ഫൗണ്ടേഷനുമായി സഹകരിച്ച്, ടിക്ടോക് പ്രാദേശിക ഇൻർനെറ്റ് സുരക്ഷാ പരിപാടികൾ സംഘടിപ്പിക്കും.
ഓണ്‍ലൈൻ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ കോളേജുകളിലും സ്കൂളുകളിലും ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി അസി.പ്രൊഫസർ ഡോ.ഏഞ്ചൽ രത്നഭായ്, ഇന്ദിരാഗാന്ധി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വുമണ്‍ പ്രോവൈസ് ചാൻസലർ ഡോ.അമിതദേവ് ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് സൈബർ സെൽ എസ് പി സിദ്ധാർത്ഥ ജെയിൻ തുടങ്ങി പത്തോളം പ്രമുഖരാണ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകുക.
ഇന്ത്യയിൽ നിലവിലുള്ള ഓണ്‍ലൈൻ സുരക്ഷാ സാഹചര്യത്തെ കുറിച്ചും, ഇന്റർനെറ്റ് ഉപയോക്താക്കളുടെ സുരക്ഷയെപ്പറ്റിയും, ഇന്റർനെറ്റിന്റെ മാനസിക സ്വാധീനം സംബന്ധിച്ചും പഠനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
സുരക്ഷ ഉറപ്പു വരുത്താൻ ടിക്ടോക് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് ടിക് ടോക് (ഇന്ത്യ) പബ്ലിക് പോളിസി ഡയറക്ടർ സന്ധ്യ ശർമ പറഞ്ഞു. ഇതിന്റെ ഭാഗമായി ടിക്ടോക്കിന്റെ ഡിജിറ്റൽ വെൽബിയിംഗ് ഫീച്ചർ, ഉപയോക്താക്കൾക്ക് ആപ്പിൽ ചെലവഴിക്കാവുന്ന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്.