നാട്ടുഗവ്യത്തിൽ വിളയുന്ന ഭീമൻ ചേന
Thursday, July 25, 2024 1:36 PM IST
കാൽ നൂറ്റാണ്ടിലേറെയായി അപൂർവയിനം കിഴങ്ങു വർഗങ്ങൾ കൃഷി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ താമസിക്കുന്ന ശ്യാംകുമാർ, നാട്ടറിവിൽ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന നാട്ടുഗവ്യം ഉപയോഗിച്ച് വിളയിക്കുന്ന ശ്രീപത്മ ഇനം ഭീമൻ ചേന ശ്രദ്ധേയമാകുന്നു.
ഇപ്പോൾ ഒൻപതടിയോളം ഉയരത്തിലാണ് ചേന വളർന്നു നിൽക്കുന്നത്. കാലാവസ്ഥയ്ക്കനുസരിച്ചും വിള വ്യത്യാസമനുസരിച്ചും ചേരുവകൾ കൂട്ടിയും കുറച്ചുമാണു നാട്ടുഗവ്യം നിർമിക്കുന്നത്. കുമാറിന്റെ കൃഷി ഇടത്തിൽ വിവിധയിനം കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ചേനയിനങ്ങളോടാണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം.
തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിലെയും വെള്ളായണി കാർഷിക കോളജിലെ മൈക്രോ ടെക്നോളജി വിഭാഗത്തിലെയും ശാസ്ത്രജ്ഞരുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് കൃഷി.
നാട്ടുഗവ്യം ചേരുവകൾ
1. പശുവിൻ ചാണകം പുതിയത് 2. പശുവിൻ പാൽ 3. പശുവിൻ നെയ്യ് 4. ഗോമൂത്രം 5. പശുവിൻ തൈര് 6. എല്ലുപൊടി 7. കടലപ്പിണ്ണാക്ക് 8. കടലമാവ് 9. മുട്ടത്തോടിന്റെ പൊടി 10 പച്ചമുട്ട
11. തേങ്ങാവെള്ളം12. കരിക്കിൻവെള്ളം 13. ചെറുപയർ കുഴന്പ് 14. പച്ചിലക്കുഴന്പ് (വിവിധ ഇനങ്ങളുടേത്) 15.ചകിരികുഴം16. പൂവൻ പഴച്ചാറ് 17. ചക്കപ്പഴച്ചാറ്18. പഴങ്കഞ്ഞിവെള്ളം 19. പുളിയിലകക്ഷായം 20. ഫിഷ് അമിനോ ആസിഡ്
21. മണ്ണിരക്കന്പോസ്റ്റ് 22. കൊഞ്ചുപൊടി ഉണക്കിയത് 23. ജീവാമൃതം 24. ശർക്കര 25. ചിതൽപ്പുറ്റ് അല്ലെങ്കിൽ വയൽമണ്ണ് അല്ലെങ്കിൽ ഗുണമേ·യേറിയ മേൽമണ്ണ് 26. ജലം ആവശ്യത്തിന് 27. ക്ഷാരം 28. കോഴിക്കാഷ്ടം 29. ആട്ടിൻകാഷ്ടം.
നിശ്ചിത അളവിൽ ഓരോന്നും ക്രമത്തിൽ ഒരു വലിയ സിമന്റ് ടാങ്കിലിട്ട് ഇളക്കി മൂന്നു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. പിന്നീട് തടിക്കഷണമോ, മുളങ്കന്പോ ഉപയോഗിച്ച് മിശ്രിതം ഇടത്തുനിന്ന് വലത്തോട്ട് ഇളക്കി മറിച്ചു വീണ്ടും മൂന്നു മണിക്കൂർ സൂക്ഷിക്കുക.
അതിനുശേഷം ആവശ്യത്തിന് എടുത്ത് ചെടികൾക്കു നൽകുക.
കൃഷിരീതി
ആദ്യം ഒരടി താഴ്ചയിലും മൂന്നടി വീതിയിലുമുള്ള കുഴികൾ എടുക്കുക. കുഴിയിലെ മണ്ണ് നന്നായി ഇളക്കിച്ചേർത്തശേഷം ഡോളോമെറ്റ് ചേർത്ത് കരിയില ഇട്ട് മൂടുക.
15 ദിവസം കഴിഞ്ഞ് ഓരോ കുഴിയിലും 30 കിലോ വീതം വിവിധ ഇനം പച്ചിലകളും രണ്ടു ചാക്ക് കരിയിലയും അരച്ചാക്ക് വാഴപ്പിണ്ടിയും കാൽച്ചാക്ക് തൊണ്ടിന്റെ വേസ്റ്റും നിക്ഷേപിച്ച് അതിനുമുകളിൽ രണ്ടു ലിറ്റർ നാട്ടു ഗവ്യം 20 ലിറ്റർ വെള്ളത്തിൽ ചേർത്ത് കൂടെ മൈക്രോ ബയോളജി ആൻഡ് ടെക്നോളജി ഡിപ്പാർട്ടുമെന്റിൽനിന്നു കിട്ടുന്ന പിജിപിആർ മിക്സ് 1 ലിറ്ററിന് 20 ഗ്രാം എന്ന കണക്കിൽ ഓരോ കുഴിയിലും തളിച്ചൊഴിച്ച് മണ്ണിട്ടു മൂടി 65 ദിവസം സൂക്ഷിക്കുക.
തുടർന്ന് 66-ാം ദിവസം കുഴി വെട്ടിത്തുറന്ന് രണ്ട് ദിവസം ഇടുക. കുഴിയിലെ ആവി പുറത്തു പോയി തണുക്കാനുള്ള സമയമാണിത്. അതിനുശേഷം മേൽമണ്ണ് ചേർത്തിളക്കുക. സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന അനുപാദത്തിൽ മുക്കി തണലത്ത് വച്ച് ഉണക്കിയ വിത്ത് നടുക.
നട്ട വിത്തിനുചുറ്റും ട്രൈക്കോഡർമ മിക്സർ ആവശ്യത്തിന് കൊടുക്കണം. പിന്നീട് മൂന്നിഞ്ച് കനത്തിൽ മേൽമണ്ണിട്ടുമൂടി കരിയിലയും ഓലത്തുന്പും ചേർത്ത് പുതയിടുക. മുള വന്ന് 15 ദിവസത്തിനകം ആദ്യവളം കൊടുക്കുക.
തുടർന്ന് പതിനഞ്ച് ദിവസങ്ങൾ ഇടവിട്ട് പിജിപിആർ മിക്സ് 1, പിജിപിആർ മിക്സ് 2, സ്യൂഡോമോണസ് മുതലായവ പൊട്ടാഷ് അടങ്ങിയ കോഴിക്കാഷ്ടം പോലുള്ള ജൈവവളകൂട്ടിൽ ചേർത്ത് ആവശ്യത്തിന് നനച്ചു കൊടുക്കുക.
അപൂർവ ഇനത്തിൽപ്പെട്ട കാച്ചിൽ, ചേന്പ്, ചേന, ചെറുകിഴങ്ങ്, നനകിഴങ്ങ് മുക്കെഴങ്ങ് വിവിധഇനം മരച്ചിനികളും കുമാർ നട്ടു സംരക്ഷിക്കുന്നുണ്ട്.
ഫോണ്: 9497491803.