ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
Saturday, September 16, 2023 3:51 PM IST
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പലും ആസ്വദിക്കാൻ ആയിരങ്ങൾ.
കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിലാണ് ഏക്കർ കണക്കിനു പാടശേഖരങ്ങളിൽ കണ്ണെത്താദൂരത്തോളം ആന്പൽ വിരിഞ്ഞു വരുന്നൊരുക്കി കാത്തു നിൽക്കുന്നത്.
വിതയ്ക്കൊരുക്കുന്ന പാടങ്ങളിൽ നിന്നു പാടുപെട്ടു നീക്കം ചെയ്യുന്ന കളയായിരുന്നു ഒരു കാലത്ത് ആന്പൽ. എന്നാൽ ഇന്ന് അതു മലരിക്കൽ നിവാസികളുടെ അധിക വരുമാന മാർഗമായിരിക്കുന്നു.
തിരുവാർപ്പ് പഞ്ചായത്തിലെ 1850 ഏക്കർ വരുന്ന ജെ ബ്ലോക്ക് ഒന്പതിനായിരം പാടത്തും 650 ഏക്കറുള്ള തിരുവായ്ക്കരി പാടത്തുമാണ് ആന്പൽ വസന്തം.
മീനച്ചിലാർ -മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ ഭാഗമായി 2018-ൽ രൂപീകകൃതമായ ജനകീയ കൂട്ടായ്മയാണ് മലരിക്കൽ ആന്പൽ ഫെസ്റ്റ് എന്ന പേരിൽ ആന്പൽ കാഴ്ചയെ ഉത്സവമാക്കി മാറ്റിയത്.
വർഷങ്ങളായി നെൽകൃഷി ചെയ്തു വരുന്ന ഈ പാടങ്ങൾ കൊയ്ത്തിനു ശേഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്നു മാസക്കാലം വെള്ളം കയറ്റിയിടും. ഈ സമയത്താണ് ആന്പലുകൾ വളർന്നു പുഷ്പിക്കുന്നത്.
രാത്രിയിൽ ചന്ദ്രനുദിക്കുന്ന വേളയിൽ വിടരുന്ന ആന്പൽ പൂക്കൾ രാവിലെ ഒന്പതോടെ കൂന്പി തുടങ്ങും. മൂന്നു മാസമാണ് ആന്പൽക്കാഴ്ചയുള്ളത്. അതു കഴിയുന്പോൾ കർഷകർ അടുത്ത കൃഷിക്കായി ആന്പലുകൾ നശിപ്പിച്ചു പാടം ഒരുക്കും.
വള്ളത്തിൽ ആന്പൽ പാടങ്ങൾ മുഴുവൻ ചുറ്റി കാണാൻ അവസരമുണ്ട്. 70 വള്ളങ്ങൾ സഞ്ചാരികളെ കാത്തു കിടപ്പുണ്ട്. 600 രൂപയാണ് ഫീസ്. പ്രദേശവാസികളുടെ വീട്ടുമുറ്റത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാം.
30 രൂപയാണ് പാർക്കിംഗ് ഫീസ്. അത്യാവശ്യക്കാർക്കു ഹോം സ്റ്റേയുമുണ്ട്. വനിത കൂട്ടായ്മകൾ ശേഖരിക്കുന്ന ആന്പൽ പൂക്കൾ നിശ്ചിത വിലയ്ക്കു വാങ്ങാനും കഴിയും.
നാട്ടുകാരുടെ നാടൻ ഭക്ഷണശാലയിൽ കാപ്പിയും ചെറുകടികളും കിട്ടും. കൗതുക വസ്തുക്കൾക്കായി ചിന്തിക്കടകളുമുണ്ട്.
സോഷ്യൽ മീഡിയായിൽ മലരിക്കൽ ആന്പൽ വസന്തം വൈറലായതോടെ ധാരാളം യൂ ട്യൂബർമാരും വ്ളോഗർമാരുമാണു വീഡിയോ ഷൂട്ടിനായി എത്തുന്നത്. കോട്ടയത്തു നിന്ന് ഇല്ലിക്കൽ - തിരുവാർപ്പ് വഴി മലരിക്കലിലെത്താം.
ഫോണ്: 9447434845
ജിബിൻ പാലാ