കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
Thursday, September 14, 2023 1:32 PM IST
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യൻ അഗ്രി ഫാം ഉടമയുമായ കെ.പി. നടരാജൻ മുന്നോട്ടു കുതിക്കുന്നത്.
കൃഷിയിലായാലും വ്യവസായത്തിലായാലും താൻ നട്ടു പരിപാലിച്ചു വളർത്തുന്നിടത്തെല്ലാം തന്റെ കണ്ണും കൈയും കാതും എത്തണണെന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടാണു കേരളത്തിനകത്തും പുറത്തും ആഴത്തിൽ വേരോട്ടമുള്ള സൗത്ത് ഇന്ത്യൻ അഗ്രി ഫാമിന് 50 വർഷമായി കരുത്തോടെയും ഫലപ്രദമായും കാർഷിക ഇടപെടൽ നടത്താൻ കഴിയുന്നത്.
മല്ലിക ഇനം മാവിൻ തൈ ചോദിച്ച് സൗത്ത് ഇന്ത്യൻ അഗ്രി ഫാമിലെത്തിയവർക്കു തണ്ടിൽ മഞ്ഞ പെയിന്റടിച്ച മാവിൻ തൈ എടുത്തു കൊടുക്കുന്പോൾ കെ.പി. നടരാജനിൽ കണ്ട ആത്മവിശ്വാസം അങ്ങനെയുണ്ടായതാണ്.
മൂന്നു വർഷം കഴിഞ്ഞ് അതിലുണ്ടാകുന്നതു മല്ലിക മാങ്ങ തന്നെയായിരിക്കുമെന്ന ഉറപ്പാണ് ആ മുഖത്ത് പ്രതിഫലിച്ചത്. അൽഫോൻസ, മൾഗോവ, ബംഗനപ്പള്ളി, നടശാല, സിന്ധൂര... അങ്ങനെ ഓരോന്നിനും ഓരോ നിറത്തിലുള്ള പെയിന്റ്.
ആയിരക്കണക്കിന് വ്യത്യസ്ഥ ഇനം തൈകൾ വില്പനയ്ക്കായി നിരത്തുന്പോൾ, ഇനങ്ങൾ തമ്മിൽ ഒരു കാരണവശാലും മാറിപ്പോകാതിരിക്കാനുള്ള മാർഗം.
ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത നഴ്സറിയിൽ ഉത്പാദിപ്പിക്കുന്ന ഓരോ തൈയ്ക്കും ആ ഉറപ്പ് നൽകിയാണ് സൗത്ത് ഇന്ത്യൻ അഗ്രിഫാം 50-ാം വയസിലേക്കു കടക്കുന്നത്.
തൃശൂരിലെ മണ്ണുത്തിയിൽ ഹെഡ് ഓഫീസും പാലക്കാട് വടക്കാഞ്ചേരിയിലും ആലപ്പുഴ ചേർത്തലയിലും സബ് ഓഫീസുകളുമുള്ള നഴ്സറിയിൽ നിന്ന് ആയിരക്കണക്കിന് തൈകളാണ് ഓരോ ദിവസവും വിതരണം ചെയ്യുന്നത്.
മണ്ണിനെയും കൃഷിയെയും ജീവനുതുല്യം സ്നേഹിക്കുന്ന ചേർത്തല വയലാർ ഉഷസിൽ കെ.പി. നടരാജന്റെ ദീർഘവീക്ഷണ വൈഭവത്തിൽ വിരിഞ്ഞ സൗത്ത് ഇന്ത്യൻ അഗ്രിഫാമിനെ കേളത്തിനകത്തും പുറത്തുമുള്ള കർഷകർ ഏറെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.
എത്ര പ്രതിസന്ധികളുണ്ടായാലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത ആ നിഷ്ഠയാണ് അതിനു കാരണം.
തീരെ ചെറുപ്പത്തിൽത്തന്നെ കൃഷിയിൽ ആകൃഷ്ടനായ നടരാജൻ, പിന്നീട് അതു തന്നെ പ്രധാന ജീവിതമാർഗമായി സ്വീകരിക്കുകയായിരുന്നു.
സ്വന്തമായുണ്ടായിരുന്ന നെൽപ്പാടങ്ങളിലും പറന്പുകളിലുമൊക്കെ ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ചതോടെ മികച്ച ആദായവും കിട്ടിത്തുടങ്ങി.
നല്ലയിനം വിത്തുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വളരെ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന്റെ പൊരുൾ മനസിലാക്കിയായിരുന്നു കൃഷി.
കൃഷി വ്യാപനത്തിനു ഗുണമേ·യുള്ള നടീൽ വസ്തുക്കളുടെ ലഭ്യത വളരെ പ്രധാനപ്പെട്ടതാണെന്നുള്ള തിരിച്ചറിലാണു നടരാജൻ തൈകളുടെ ഉത്പാദനത്തിലേക്കും വിതരണത്തിലേക്കും കടന്നത്.
മണ്ണുത്തി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇതിനൊപ്പം തരിശു ഭൂമികൾ കൃഷിയിടങ്ങളാക്കി മാറ്റുന്ന സംരംഭങ്ങളും ഏറ്റെടുത്തു.
കർണാടകത്തിലെ ചിക്മംഗലൂർ, ഹസൻ, കടൂർ, കൊപ്പ, തമിഴ്നാട്ടിലെ ഏർക്കാട് തുടങ്ങിയ സ്ഥലങ്ങളിലും വയനാട്ടിലുമൊക്കെ കാടു കയറിക്കിടന്നിരുന്ന ഏക്കർ കണക്കിനു ഭൂമി ഇങ്ങനെ മനോഹരമായ കൃഷിയിടങ്ങളാക്കി മാറ്റി.
പ്രതികൂല കാലാവസ്ഥയോടും കാട്ടു മൃഗങ്ങളോടും മല്ലടിച്ച്, അട്ടകടിയും മറ്റും വകവയ്ക്കാതെ നടത്തിയ കാർഷിക വികസന പ്രവർത്തനങ്ങൾ മറക്കാനാവാത്ത അനുഭവങ്ങളാണു നടരാജനു സമ്മാനിച്ചത്.
രണ്ടു പതിറ്റാണ്ടോളം ആ രംഗത്തു തുടർന്ന അദ്ദേഹം, പിന്നീട് പല കാരണങ്ങളാൽ വിത്തുത്പാദന രംഗത്തും ജൈവവള നിർമാണത്തിലും ശ്രദ്ധയൂന്നുകയായിരുന്നു.
പാലക്കാട്ട് സ്വന്തമായുള്ള 25 ഏക്കർ സ്ഥലത്താണ് വിവിധ ഇനം തൈകൾ ഉത്പാദിപ്പിച്ചു നഴ്സറികളിലൂടെ വിതരണം ചെയ്യുന്നത്. തെങ്ങ്, മാവ്, പ്ലാവ്, തുടങ്ങിയ തോട്ടവിളകളും വിദേശ, സ്വദേശ പഴവർഗച്ചെടികളുമാണു പ്രധാനം.
പാലക്കാട് മുതലമടയിലുള്ള നടരാജന്റെ മാവിൻ തോട്ടങ്ങളിൽ മല്ലിക, നടശാല, മൾഗോവ, അൽഫോൻസ ഇനം മാവുകൾ സമൃദ്ധമായി വളരുന്നു. ഇതിൽ മല്ലിക ഇനം മാന്പഴത്തിന് വിദേശ നാടുകളിൽ വൻ ഡിമാൻഡാണ്.
ഒറ്റത്തവണ 12,000 വരെ നാളികേരം കിട്ടുന്ന തെങ്ങിൻ തോപ്പിൽ മോഹിത് നഗർ, മംഗള ഇനം കമുകുകളും ചുട്ട വിടർത്തി നിറയെ കായിച്ചു നിൽക്കുന്നു.
കൃഷിയിൽ നിന്നു കിട്ടുന്ന സന്തോഷം മറ്റൊരു മേഖലയിൽ നിന്നും കിട്ടില്ലെന്നു തീർത്തു പറയുന്ന നടരാജൻ, 22 വർഷത്തോളം നെൽകൃഷിയും ചെയ്തിരുന്നു. ഒരു നെല്ലും ഒരു ചെമ്മീനും എന്ന രീതിയിലായിരുന്നു കൃഷി.
വർധിച്ച കൂലിച്ചെലവും പരിപാലനച്ചെലവും മൂലം നെൽകൃഷി നഷ്ടമായതോടെയാണ് അതു തത്കാലത്തേക്കു ഉപേക്ഷിച്ചത്. തുറവൂരിലും വയലാറിലും പാലക്കാട്ടുമൊക്കെ അദ്ദേഹത്തിനു നെൽപ്പാടങ്ങളുണ്ട്.
വയലാറിലെ വീട്ടു വളപ്പ് നിറയെ ജാതി മരങ്ങളാണ്. 30 വർഷത്തിലേറെ പ്രായമുള്ള ജാതികളിൽ നിറയെ കായ്കളുമുണ്ട്.
ചെടികളിൽ നിന്നു ദീർഘകാലം മികച്ച ആദായം കിട്ടണമെങ്കിൽ നല്ലപരിചരണത്തിനൊപ്പം വളവും നൽകേണ്ടതുണ്ട്.
മണ്ണിനെ ഫലപുഷ്ടമാക്കുന്ന ജൈവവളം തന്നെയാണ് അതിന് യോജിച്ചതെന്നു പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതോടെ ഒരു ജൈവവള പ്ലാന്റും അദ്ദേഹം തുടങ്ങി.
പാലക്കാട്ടുള്ള നൂപർ മാനുവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോട്ടിക് ജൈവവളങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
നിശ്ചിത അളവിൽ എല്ലാ വിളകൾക്കും ഉപയോഗിക്കാവുന്ന ഈ ജൈവ വളത്തിന്റെ ഉപയോഗരീതിയും വളത്തിനൊപ്പം വിതരണ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കും.
ഊർജിത വിളവെടുപ്പ് കൊണ്ടും അമിത രാസവള പ്രയോഗം കൊണ്ടും തകിടം മറിഞ്ഞ മണ്ണിന്റെ ഘടന വീണ്ടെടുക്കാൻ ജൈവവള പ്രയോഗം മാത്രമാണു പ്രതിവിധി.
കൃഷിയും ബിസിനസും പോലെ, ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ആകൃഷ്ടനായിരുന്ന നടരാജൻ, എസ്എൻ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും മുഖ്യ ചുമതലക്കാരനായിരുന്നു.
പ്രസ്ഥാനത്തെയും കൃഷിയെയും ബന്ധിപ്പിച്ചു നിരവധി പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തു. എസ്.എൻ കോളജ് വിദ്യാർഥികളിലും രക്ഷിതാക്കളിലും കൃഷി ആഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് 2007-ൽ സംഘടിപ്പിച്ച ഹരിതഗീതം വൻ വിജയമായി.
കോളജ് കാന്പസിൽ തന്നെ നാലായിരം ഞാലിപ്പൂവൻ വാഴകൾ നട്ടാണു പദ്ധതിക്കു തുടക്കമിട്ടത്. ഇടവിളകളായി ചീരയും വെള്ളരിയും. കൃഷിയിലൂടെ സന്തോഷം മാത്രമല്ല, നല്ല ആദായവുമുണ്ടാക്കാമെന്നു വിദ്യാർഥികളെ ബോധ്യപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നു.
രണ്ടാഴ്ച കൂടുന്പോൾ ആയിരത്തോളം വാഴയില വെട്ടി വിറ്റുകൊണ്ടാണു വരുമാനമാർഗം തുറന്നിട്ടത്. പിന്നീട് കുലയും പിണ്ടിയും വിത്തുമൊക്കെ വിറ്റു പണമുണ്ടാക്കി.
ഇതിനൊപ്പം ചീരയും വെള്ളരിയും വീടുകളിൽ കറികളായി. മൂന്നു വർഷത്തോളം ദീർഘിച്ച പദ്ധതിയിൽ അധ്യാപകരും വിദ്യാർഥികളും കൈകോർക്കുകയും ചെയ്തു.
കൃഷി ചെയ്യുന്നതും ചെയ്യിക്കുന്നതും പച്ചപ്പ് കാണുന്നതുമാണ് ഏറെ സന്തോഷകരമെന്നു പറയുന്ന കെ.പി. നടരാജൻ തന്റെ 50 വർഷത്തെ കൃഷി അനുഭവങ്ങൾ വിവരിച്ചു “കതിരാണ്, പതിരല്ല എന്ന പേരിൽ ഒരു പുസ്തകവും എഴുതിക്കഴിഞ്ഞു.
കൃഷിക്കാർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും പുത്തൻ അറിവുകളും അനുഭവങ്ങളും പകർന്നു നൽകുന്ന ആ പുസ്തകം അധികം വൈകാതെ പ്രസിദ്ധീകരിക്കും.
അന്പതു വർഷമായി കൂടെയുള്ള പി.ആർ. ഒ പി.സി. പ്രതാപൻ ഉൾപ്പെടെ നഴ്സറികളിലും ജൈവവള വിതരണ കേന്ദ്രങ്ങളിലുമായി 125 ഓളം ജീവനക്കാരും സൗത്ത് ഇന്ത്യൻ അഗ്രിഫാമിൽ ജോലി ചെയ്യുന്നു.
ഫോണ് : 0487-2371867
വാർത്ത: ജിമ്മി ഫിലിപ്പ്
ചിത്രങ്ങൾ : ജോണ് മാത്യൂ