ഇരുകാലുകളും തളർന്നെങ്കിലേന്താ... മനുവിനു കൂട്ടായി സ്കൂട്ടറും ഏബലുമുണ്ട്
Wednesday, August 16, 2023 4:49 PM IST
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നിരവ് അരീപ്പറന്പിൽ പുരയിടം പേരു പോലെ തന്നെ ശരിക്കും ഏദൻ ഫാമാണ്. അവിടെ വിളയാത്തതായി ഒന്നുമില്ല. നാലര ഏക്കർ കൃഷിയിടം സംരക്ഷിക്കുന്നതാകട്ടെ ഇരുകാലുകളും തളർന്ന മനുവും പിതാവ് രാജുവും പിന്നെ മകൻ ഏബലും.
ഇവർക്കൊപ്പം കുടുംബമൊന്നാകെയുണ്ട്. സ്കൂട്ടറിലാണു മനു കൃഷിയിടത്തിൽ ഓടിയെത്തുന്നത്.
അഞ്ചു വയസുള്ളപ്പോഴാണു മനുവിന്റെ ഇരുകാലുകളും തളർന്നത്. ഒരു കുത്തിവയ്പിനെ തുടർന്നായിരുന്നു അത്.
പത്തുവർഷം മുന്പുവരെ പാലക്കാടായിരുന്നു കുടുംബം. പത്താംക്ലാസ് വരെ പഠിച്ച മനുവിന് അവിടെ ചെറിയ ബിസിനസുമുണ്ടായിരുന്നു.
മനുവിന്റെ പിതാവ് രാജു തികഞ്ഞ കർഷകനാണ്. വർഷ ങ്ങൾക്കു മുന്പേ പാലക്കാട് മണ്ണാർക്കാട്ടേക്കു കുടിയേ റിയതാണ് ഇവരുടെ കുടുംബം. അവിടെ പ്രധാനമായും റബർ കൃഷിയായിരുന്നു.
റബർ നഷ്ടമായതോടെ വസ്തു വിറ്റ് 2012 ൽ വെച്ചൂച്ചിറയിലേക്കു മടങ്ങി. ഇവിടെയും റബറായിരുന്നു കൃഷി. പിന്നീട് സമ്മിശ്ര കൃഷിയിലേക്കു മാറുകയായിരുന്നു.
ചെറുപ്പം മുതലേ കൃഷിയോട് ആഭിമുഖ്യമുണ്ടായിരുന്ന മനു, പിതാ വിനൊപ്പം എപ്പോഴും കൃഷിയിടത്തിൽ തന്നെയായിരുന്നു. അമ്മ അന്നമ്മയുടെ സഹായവും മനുവിനുണ്ടായിരുന്നു.
പാലക്കാട് ജില്ലക്കാരിയായ മിനിയാണു ഭാര്യ. ഇവർക്ക് മൂന്നു മക്കൾ. മൂത്തമകൾ അനു നഴ്സിംഗ് പഠനത്തിനുള്ള തയാറെടുപ്പിലാണ്. രണ്ടാമത്തെ മകൾ മിയ പത്താം ക്ലാസിൽ. നാലാം ക്ലാസുകാരൻ മകൻ ഏബലാണു മനുവിന്റെ വലംകൈ.
സ്കൂൾ വിട്ടു വന്നുകഴിഞ്ഞാൽ അവൻ ഓടിയെത്തുന്നതു കൃഷിയിടത്തിലേക്കാണ്. പിന്നെ എഴുപത്തിനാലുകാരനായ മുത്തച്ഛൻ രാജുവിനും പിതാവ് മനുവിനുമൊപ്പം സന്ധ്യമയങ്ങുംവരെ അവിടെത്തന്നെ.
സമ്മിശ്രകൃഷി
മൂന്നുവർഷങ്ങൾക്കു മുന്പാണ്, റബർ വെട്ടിമാറ്റി സമ്മിശ്ര കൃഷിയിലേക്കു തിരിഞ്ഞത്. ജൈവവൈവിധ്യ ബോർഡിൽ നിന്നു ലഭിച്ച പ്രോത്സാഹനവും സാന്പത്തിക സഹായവുമാണു മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
ഇതോടെ വിവിധയിനം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു തുടങ്ങി. പിന്നാലെ കുരുമുളകും വാഴയും തീറ്റപ്പുല്ലും നട്ടു വളർത്തി. റബർ കൃഷി പൂർണമായി തഴഞ്ഞിട്ടില്ല. തൊട്ടടുത്തുതന്നെ ഒരു റബർതോട്ടം വാങ്ങിയിട്ടുണ്ട്.
അതിൽ ഇടവിള കാപ്പിയാണ്. കോഴി വളർത്തലും പശു ഫാമും തുടങ്ങിയതോടെ കൃഷിയിടത്തിൽ ഉപയോഗിക്കുന്നതു ചാണകവും കന്പോസ്റ്റും കോഴി വളവും മാത്രമായി. കൂടുതലുള്ള കോഴിവളം വിൽക്കുന്നുമുണ്ട്.
ജോലിക്കാർ സ്ഥിരമായിട്ടില്ല. വളമിടാനും ഫലവൃക്ഷങ്ങൾ നടാനുമൊക്കെ ചിലപ്പോൾ സഹായികളുണ്ടാകും. സ്കൂട്ടറിലാണു മനു കൃഷിയിടത്തിലെത്തുന്നത്. അതിനായി പ്രത്യേക വഴിയൊരുക്കിയിട്ടുണ്ട്.
ബ്രോയിലർ കോഴികളെ വാണിജ്യാടിസ്ഥാനത്തിലാണ് വളർത്തുന്നത്. കെപ്കോ മുഖേന എത്തിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ 45 ദിവസം വളർത്തും.
പലപ്പോഴും ഒരു തവണ 4000 കോഴിക്കുഞ്ഞുങ്ങൾ വരെയുണ്ടാകും. ഇതിനൊപ്പം കുട്ടനാടൻ താറാവും കാടയുമുണ്ട്.

പുലർച്ചെ നാലര മുതൽ സജീവം
പുലർച്ചെ നാലര മുതൽ ഏദൻ ഫാം സജീവമാകും. കോഴി ഫാമിലെത്തി തീറ്റയും മരുന്നുമൊക്കെ നൽകിയാണു മനുവിന്റെ തുടക്കം.
വിൽക്കാൻ പാകമായവയെ പിടിച്ചു മാറ്റുകയും ചെയ്യും. ഭാര്യ മിനി സഹായത്തിനുണ്ടാകും. പിന്നാലെ ഏബലും എത്തും. തേനീച്ചക്കൂട് തുറന്ന് തേൻ എടുക്കുന്നതും ജാതിക്കായ പറിക്കുന്നതുമൊക്കെ അവനാണ്.
ജാതിയും കൊക്കോയുമാണു വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തിരിക്കുന്നത്. മുന്തിയ ഇനം ജാതി തന്നെയാണു കൃഷി ചെയ്തിട്ടുള്ളത്. വ്യത്യസ്ത ഇനം കുരുമുളക് ചെടികളും ഏദൻ ഫാമിലുണ്ട്.
കൊക്കോക്കുരു വെച്ചൂച്ചിറയിലും കാഞ്ഞിരപ്പള്ളിയിലുമൊക്കെ എത്തിച്ചു വിൽക്കുന്നതു മനു നേരിട്ടാണ്. തനിക്ക് ഓടിക്കാൻ പാകത്തിൽ രൂപപ്പെടുത്തിയ കാറും ഓട്ടോറിക്ഷയും ഇതിനായി അദ്ദേഹം ഉപയോഗിക്കുന്നു.
റന്പുട്ടാൻ, ദുരിയാൻ, അവക്കാഡോ, ഡ്രാഗണ് ഫ്രൂട്ട്, പേര, ആത്ത തുടങ്ങിയവയെല്ലാം മനു കൃഷി ചെയ്യുന്നുണ്ട്. ആപ്പിൾ കൃഷി നടത്തി വിളവെടുത്തിട്ടുമുണ്ട്.
ഉത്പാദനശേഷി കൂടുതലുള്ള തെങ്ങിൻ തൈകൾ വികസിപ്പിച്ചെടുക്കാനും മനുവിന് അറിയാം. അവ ആവശ്യക്കാർക്ക് വിൽക്കുന്നുമുണ്ട്.
കേന്ദ്ര ജൈവവൈവിധ്യ ബോർഡിന്റെ ഫാം സ്കൂളായി ഏദൻ ഫാം തെരഞ്ഞെടുത്തത് അടുത്ത നാളിലാണ്. സംസ്ഥാനത്ത് അനുവദിച്ച 16 ഫാം സ്കൂളുകളുകളിൽ ഒന്നാണിത്. അതിന്റെ ഭാഗമായി കൃഷി പഠന ക്ലാസുകൾ പലപ്പോഴും ഇവിടെ നടത്താറുണ്ട്.
പ്രോത്സാഹനം വേണം
ഉത്പാദനച്ചെലവിന് ആനുപാതികമായി കൃഷിയിൽ നിന്നു വരുമാനമില്ലാത്തതു വലിയ പ്രശ്നമാണെന്നു മനു പറഞ്ഞു. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി തീർത്തും അസാധ്യമായി.
കാട്ടുപന്നിയെ ഭയന്ന് കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യറില്ല. കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും വൻവിലയാണ്.
എന്നാൽ, കോഴി വളത്തിനു തീരെ വിലയില്ല താനും. പൊട്ടാഷിനും എല്ലുപൊടിക്കുമെല്ലാം കുത്തനെ വില കൂട്ടുകയും ചെയ്തു.
ഫോണ്: 9249 986188, 8075831221.
ബിജു കുര്യൻ