പാളുന്ന സംഭരണം; പതറുന്ന കേരകർഷകർ
Wednesday, August 16, 2023 4:25 PM IST
വിലത്തകർച്ചയുടെ രൂക്ഷമായ പ്രതലത്തിലൂടെ മുന്നേറുന്ന നാളികേര കർഷകർക്കു മുന്നിൽ ഇനി വരുന്നത് അത്യന്തം ഭീതിദമായ ദിനങ്ങൾ.
കാലവർഷം ശക്തമാകുന്ന മിഥുനം, കർക്കിടകം മാസങ്ങൾ കേര കർഷകനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുടെ വേളയാണ്. തോരാമഴയിൽ തേങ്ങാവെട്ടും കൊപ്രാ സംസ്കരണവും അവതാളത്തിലാകും.
വിലയിടിവുമൂലം വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്ന ഉത്പന്നമാണ് കർഷകരുടെ ഉള്ള് ഉലയ്ക്കുന്നത്. മഴ ശക്തമാകുന്നതോടെ കൂടിക്കിടക്കുന്ന തേങ്ങകൾ മുളച്ച് ഉപയോഗ ശൂന്യമാകും.
സംസ്കരിച്ച കൊപ്രായും ഏറെ നാൾ പിടിച്ചു വയ്ക്കാനാകില്ല. അന്തരീക്ഷ ഊഷ്മാവ് താഴ്ന്നിറങ്ങുന്നതോടെ കൊപ്രായ്ക്കു പൂപ്പൽ ബാധിക്കാൻ ഇടയുണ്ട്. ഇത് ഉത്പന്നത്തിന്റെ ഗുണനിലവാരം ഇടിക്കും.
ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ കർഷകർ കിട്ടുന്ന വിലയ്ക്ക് ചരക്ക് വറ്റഴിക്കാൻ തിടുക്കം കൂട്ടുന്ന സന്ദർഭമാണിത്. അതായത് സർക്കാർ സംഭരണം ഉൗർജിതമാക്കേണ്ട അവസ്ഥ.
പച്ചതേങ്ങയ്ക്കും കൊപ്രായ്ക്കും ഉയർന്ന താങ്ങുവിലകൾ നിലവിലുണ്ടെങ്കിലും സംഭരണരംഗത്തെ പാളിച്ചകൾ മൂലം വിപണി വില അടിക്കടി ഊർന്നിറങ്ങുകയാണ്. കിലോ ഗ്രാമിന് 34 രൂപ നിരക്കിൽ കേരഫെഡ് മുഖേന പച്ചതേങ്ങ സംഭരണം ആരംഭിച്ചെങ്കിലും തേങ്ങ വില 22 രൂപ 50 പൈസയിലേക്കു മൂക്കുകുത്തി.
വേണ്ടത്ര സംഭരണ കേന്ദ്രങ്ങളുടെ അഭാവവും സങ്കീർണമായ വ്യവസ്ഥകളും സംഭരണം പാളാൻ കാരണമായി. സംഭരണച്ചുമതല ലഭിച്ച എജൻസിക്ക് അതിനു ആവശ്യമായ പണം സർക്കാർ യഥാസമയം നൽകാത്തതാണു സ്ഥിതിഗതികൾ ഏറെ രൂക്ഷമാക്കിയത്.
ഏജൻസിക്കു തേങ്ങ കൈമാറുന്ന കർഷകൻ എന്നു പണം ലഭിക്കുമെന്നതിനു വ്യക്തമായ ഉറപ്പു ലഭിക്കാതെ വന്നതോടെ അവർ കുറഞ്ഞ വിലയ്ക്ക് പൊതു വിപണിയിൽ തേങ്ങ വില്ക്കാൻ നിർബന്ധിതരായി.
കൊപ്രായ്ക്കു കേന്ദ്രം നിശ്ചയിച്ച താങ്ങ് വില ക്വിന്റലിന് 10860 രൂപയാണ്. കഴിഞ്ഞ വർഷം 50000 ടണ്‍ കൊപ്ര സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളം ആകെ സംഭരിച്ചത് 255 ടണ്‍ മാത്രമാണ്. കേരളത്തിൽ നിലവിൽ 7500 രൂപയിലാണ് കൊപ്രായുടെ വ്യാപാരം നടക്കുന്നത്.
ഈ അവസരത്തിൽ ക്വിന്റലിന് 10860 രൂപ പ്രകാരം വ്യാപകമായ തോതിൽ കൊപ്ര സംഭരിച്ചാൽ കാർഷിക മേഖലയ്ക്ക് അതു ശക്തമായ കരുത്തു പകരും. കൊപ്രാ സംഭരണത്തിനു മാർക്കറ്റ് ഫെഡിനെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്സിലിനെയുമാണ് നോഡൻ ഏജൻസികളായി നിശ്ചയിച്ചിട്ടുള്ളത്.
വെജിറ്റബിൾ പ്രൊമോഷൻ കൗണ്‍സിൽ സംഭരണ രംഗത്ത് എത്തുന്നതു കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുറക്കുന്നതിന് സഹായകമാണ്. സംഭരിക്കുന്ന ചരക്കിന് ഉടൻ തന്നെ പണം കൈമാറാനുള്ള സാഹചര്യം കൂടി ഒരുക്കിയാൽ മാത്രമേ ഇത് വിജയകരമാകുകയുള്ളൂ എന്നതു മറ്റൊരു യാഥാർഥ്യം.
കൊപ്ര സംഭരണം വിജയകരമായി മുന്നേറിയാൽ കർഷകർക്ക് ക്വിന്റലിന് 3360 രൂപയുടെ നേട്ടം കൈവരിക്കാനാവും. ഒപ്പം വിപണി വിലയും മുന്നോട്ടുകയറും. ഇതു നാളികേരോത്പാദന മേഖലയുടെ അടിത്തറയ്ക്കു തന്നെ കരുത്തുകൂട്ടും.
കർഷകർക്ക് ആശ്വാസം ഏകണമെന്ന ഇച്ഛാശക്തിയോടെ മുന്നേറിയാൽ മാത്രമേ സംഭരണം ഉദ്ദേശലക്ഷ്യം പൂർത്തികരി ക്കുകയുള്ളൂ. ഉത്സവ സീസണിൽ ഭക്ഷ്യയെണ്ണകളുടെ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള തീവ്രശ്രമത്തിലാണു കേന്ദ്ര സർക്കാർ.
ഇതിനു മുന്നോടിയായി റിഫൈൻഡ് സണ്‍ ഫ്ളവർ, സോയ ഓയിലുകളുടെ ഇറക്കുമതി ഡ്യൂട്ടി 17.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി കുറച്ചു. 2022-23 നവംബർ-ഒക്ടോബർ കാലയളവിൽ ഇന്ത്യ 90.55 ലക്ഷം ടണ്‍ ഭക്ഷ്യയെണ്ണ ഇറക്കുമതി നടത്തി.
മുൻവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ ഇറക്കുമതി 19.96 ശതമാനം വർധിച്ചതായി കാണാം. മെയ് മാസം കൊച്ചിയിൽ 13000 രൂപ ക്വിന്റലിന് രേഖപ്പെടുത്തിയ വെളിച്ചെണ്ണ ജൂണ്‍ മാസം 12200 ലേക്കു താഴ്ന്നു.
തമിഴ്നാട്ടിൽ വെളിച്ചെണ്ണയുടെ നിരക്ക് 10500 രൂപയാണ്. അവിടെ വിളവെടുപ്പു സീസണാണ്. ഇതും വിപണിയുടെ സമ്മർദം കൂട്ടുന്ന വസ്തുതകളാണ്. ആഗോള തലത്തിൽ ഭക്ഷ്യ എണ്ണ ഉത്പാദനം വർധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യയെണ്ണകളുടെ വിലയിൽ കിലോഗ്രാമിന് 12 രൂപ കുറയ്ക്കണം എന്നൊരു നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്.

ഏലം
ഏലം കർഷകർ പ്രതീക്ഷയിലാണ്. മഴ സുലഭമായി ലഭിക്കുന്നതിനാൽ പുതിയ സീസണിൽ മികച്ച വിളവ് ലഭിക്കുമെന്നാണ് അവരുടെ നിഗമനം.
ജൂലൈ- ഓഗസ്റ്റോടെ പുതിയ വിളവെടുപ്പു തുടങ്ങാനാവുമെന്നാണു കാർഷിക മേഖലയിൽ നിന്നു ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിപണിയിൽ ഇറക്കാൻ താത്പര്യം കാണിക്കുന്നുണ്ട്.
മികച്ചയിനങ്ങൾക്ക് കിലോഗ്രാമിന് 1695 രൂപയും ശരാശരി ഏലത്തിനു 1150 രൂപയും വില ലഭിച്ചു.

കാപ്പി
കാപ്പി വിപണന രംഗം റെക്കോർഡുകളുടെ നക്ഷത്ര തിളക്കത്തിലാണ്. ആഗോള ഉത്പാദനത്തിലുണ്ടായ ഇടിവാണ് വിപണിയിലെ വില കുതിപ്പിനു കാരണം. റോബസ്റ്റ കാപ്പിയുടെ നിരക്ക് ഈ വർഷം 40 ശതമാനം കുതിച്ചുയർന്നു.
അതേസമയം ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയിൽ 10 ശതമാനം തളർച്ച ഉളവാക്കുമെന്നു ജർമനി കണക്കാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയിൽ ജർമനി രണ്ടാം സ്ഥാനത്താണ്.
ലില്ലിബെറ്റ് ഭാനുപ്രകാശ്