അറിയാം ചില കാട വിശേഷങ്ങൾ
Saturday, August 5, 2023 5:04 PM IST
കേരളത്തിന്റെ മലഞ്ചെരുവുകളിൽ പണ്ടുകാലം മുതലേ കണ്ടുവരുന്ന പക്ഷിയാണു കാട. പഴമക്കാർക്ക് ഇവയുടെ ഗുണങ്ങളും ഔഷധമേന്മയും അറിയാമായിരുന്നെന്നു വെളിപ്പെടുത്തുന്നതാണ് ആയിരം കോഴിക്ക് അര കാട എന്ന പഴഞ്ചൊല്ല്.
ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് ഇതു നൽകുന്ന ആശ്വാസം ചെറുതല്ല. കാടപക്ഷി വളർത്തലിനു കേരളത്തിൽ വൻസാധ്യതയുണ്ടെന്നു കേരള കാർഷിക സർവകലാശാല നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.
കാടപക്ഷികളുടെ സവിശേഷതകൾ
1. ഹ്രസ്വ ജീവിതചക്രമാണ്. അതായതു വർഷത്തിൽ 3-4 തലമുറകളുണ്ടാകും.
2. കുറഞ്ഞ തീറ്റച്ചെലവ്
3. മുട്ട വിരിയാൻ 16-18 ദിവസം മതി.
4. വളർത്താൻ കുറഞ്ഞ സ്ഥലം. ഒരു കോഴിക്ക് ആവശ്യമുള്ള സ്ഥലത്ത് 8-10 കാടകളെ വളർത്താം.
5. ആറാഴ്ച പ്രായമാകുന്പോൾ മുട്ടയിട്ടു തുടങ്ങും. ഇറച്ചിക്ക് വേണ്ടിയുള്ളവയെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം.
6. വർഷം 300 ഓളം മുട്ട കിട്ടും. മുട്ടയുടെ തൂക്കം പക്ഷിയുടെ ഭാരത്തിന്റെ 8 ശതമാനം വരും. എന്നാൽ, കോഴിമുട്ടയ്ക്ക് ഇത് 3 ശതമാനവും ടർക്കി മുട്ടയ്ക്ക് ഒരു ശതമാനവും മാത്രമാണ്.
7. അതീവ രുചിയും ഔഷധമേന്മയും ഒത്തിണങ്ങിയതാണു മുട്ടയും മാംസവും.
വിവിധയിനങ്ങൾ
കോകൂർണിക്സ് (ജപ്പാനീസ് കാടകൾ), സ്റ്റബിൾ ബോബ്വൈറ്റ്, ഫാറൊ ഈസ്റ്റേണ് തുടങ്ങിയവയാണു പ്രധാന ഇനങ്ങൾ. എങ്കിലും ജപ്പാനീസ് കാടകളും ബോബ് വൈറ്റ് കാടകളുമാണ് ഏറെ പ്രചാരത്തിലുള്ളത്.
ഇവയിൽ തന്നെ ജപ്പാനീസ് കാടകളാണ് മുന്നിൽ നിൽക്കുന്നത്. 13 ഡിഗ്രി ചൂടും 75 ശതമാനം ജലാംശവുമുള്ള അന്തരീക്ഷത്തിൽ വേണം മുട്ടകൾ സൂക്ഷിക്കാൻ. ശേഖരിച്ച് ഏഴ് ദിവസത്തിനുള്ളിൽ വിരിയിക്കാൻ എടുക്കണം.
വിരിയിക്കാൻ ഇൻകുബേറ്ററിൽ വയ്ക്കുന്നതിനു മുന്പ് മുട്ടകൾ അന്തരീക്ഷോഷ്മാവിന് ഒപ്പമെത്തുന്നതുവരെ പുറത്തു വയ്ക്കണം.
മുട്ടവിരിയിക്കൽ
കാടകൾ അടയിരിക്കില്ല. അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ച് മുട്ട വിരിയിച്ചെടുക്കാമെങ്കിലും ഇൻകുബേറ്റർ ഉപയോഗിച്ച് വിരിയിച്ചെടുക്കുന്ന രീതിയാണ് കൂടുതലുള്ളത്.
ബ്രൂഡിംഗ് (കുഞ്ഞുങ്ങളുടെ പരിപാലനം)
വിരിഞ്ഞിറങ്ങിയ കാടക്കുഞ്ഞുങ്ങൾക്കു കോഴിക്കുഞ്ഞുങ്ങൾക്കു നൽകുന്ന പരിപാലനമെല്ലാം നൽ കണം. മൂന്നാഴ്ചക്കാലം കാടകുഞ്ഞുങ്ങൾക്ക് കൃത്രിമ ചൂട് നൽകേണ്ടി വരും.
ആരംഭദശയിൽ 37.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് വേണ്ടത്. മൂന്നാഴ്ചക്കുശേഷം അന്തരീക്ഷത്തിൽ ചൂട് വളരെ കുറവാണെങ്കിൽ കൃത്രിമ ചൂടു നൽകണം.
ഒരു കാടകുഞ്ഞിനു 75 ചതുരശ്ര സെ. മീ നിരക്കിൽ തീറ്റ സ്ഥലവും ഒരു ലീനിയൻ സെ. മീ നിരക്കിൽ വെള്ളത്തിനുള്ള സ്ഥലവും ഉണ്ടാവണം.
പരിപാലനം
മൂന്നാഴ്ച മുതൽ ആറാഴ്ച വരെയാണ് ഇവയുടെ ഗ്രോവർ അഥവാ വളരുന്ന പ്രായം. ഈ സമയത്ത് കൃത്രിമ ചൂട് പിൻവലിക്കാം. അതിനുശേഷം ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെ തെരഞ്ഞു മാറ്റണം.
തീറ്റയും ക്രമങ്ങളും
കാടകൾക്കും മറ്റു കോഴികളെപ്പോലെ സമീകൃതാഹാരം നൽകണം. മൊത്തം ഉത്പാദനച്ചെലവിന്റെ 60-70 ശതമാനം തീറ്റയ്ക്കുവേണ്ടി വരും.
എല്ലാ പോഷക മൂല്യങ്ങളും കൃത്യമായ അളവിലും തോതിലും തീറ്റയിൽ ഉണ്ടായിരിക്കണം.
രോഗപ്രതിരോധം
ആദ്യത്തെ രണ്ടാഴ്ച വരെ കാലാവസ്ഥയിലെ വ്യതിയാനങ്ങളും പരിസ്ഥിതിയിലെ മാറ്റങ്ങളും കാടപ്പക്ഷികളെ ബാധിക്കും. കോഴികളിൽ സാധാരണ കണ്ടുവരാറുള്ള രോഗങ്ങൾ ഇവയെയും ബാധിക്കും.
എന്നാൽ, കോഴികളിൽ നടത്തിവരുന്ന രോഗപ്രതിരോധ കുത്തിവയ്പുകളോ വിരയിളക്കലോ ഇവയിൽ പ്രയോഗിക്കാറില്ല. അതുകൊണ്ട് കാടപക്ഷികളിൽ അർശസ് അഥവാ ക്വയൽ ഡിസീസ് രോഗം സാധാരണയാണ്.
ഒരു ഗ്രാം സട്രൈപ്റ്റോമെസിൻ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി കൊടുക്കുകയാണു പ്രതിവിധി. മരുന്നു ചേർത്ത വെള്ളം കൊടുക്കുന്പോൾ ആ വെള്ളം കുടിച്ചു തീർന്നതിനുശേഷമേ വേറെ വെള്ളം കൊടുക്കാവൂ. മൂന്നു ദിവസം തുടർച്ചയായി മരുന്നു വെള്ളം കൊടുക്കുകയും വേണം.
രോഗങ്ങൾ
അൾസറേറ്റീവ് എന്ററ്റൈറ്റിസ് അഥവാ ക്വയൽ രോഗം - ക്ലോസ്ട്രീഡിയം കോല്ലിനം എന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഇത് രണ്ടുതരത്തിലുണ്ട്.
അതിശക്തമായ ലക്ഷണങ്ങളോടു കൂടിയതാണ് ഒന്ന്. ഇതു വന്നാൽ ദിവസങ്ങൾക്കുള്ളിൽ പക്ഷികൾ ചത്തുപോകും. മരണനിരക്ക് 100 ശതമാനമാണ്.
കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാന പ്രതി വിധി. ചത്ത പക്ഷികളെ എത്രയും വേഗം കൂട്ടിൽ നിന്ന് നീക്കം ചെയ്യണം. പ്രതിരോധ കുത്തിവയ്പും ലഭ്യമാണ്.
കോളിബാസിലോസിസ്
എസ്കരീഷ്യ കോളി എന്ന ഇനം ബാക്ടീരിയാണ് ഈ രോഗമുണ്ടാക്കുന്നത്. കോളിഗ്രാനുലോമ എന്ന ഈ രോഗം സാധാരണ പ്രായം കൂടിയ പക്ഷികളിലാണ് കണ്ടുവരുന്നത്.
ഭക്ഷണത്തോടുള്ള വിരക്തിയും നടക്കാനുള്ള വിഷമവും അപസ്മാര സമാനമായ വിഴ്ചയുമാണ് രോഗലക്ഷണങ്ങൾ. ക്ളോറോം ഫിനിക്കോൾ, നിയോ മൈസിൻ എന്നീ ഔഷധങ്ങൾ ഫലപ്രദമാണ്.
സ്റ്റഫൈലോകോക്കൽ രോഗം
ഉന്മേഷത്തോടെ ഓടിനടക്കുന്ന പ്രകൃതക്കാരാണ് കാടപക്ഷികൾ. ഇതുമൂലം പക്ഷിയുടെ ശരീരത്തിൽ പലതരത്തിലുള്ള മുറിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഈ മുറിവുകളിൽ അന്തരീക്ഷത്തിലുള്ള സ്റ്റഫൈലോ കോക്കൽ ബാക്ടീരിയകൾ അക്രമിക്കുകയും പഴുപ്പുണ്ടാകുകയും ചെയ്യും.
തീറ്റയിൽ ചേർക്കുന്ന ആന്റിബയോട്ടിക്കുകൾ രോഗനിവാരണത്തിന് സഹായിക്കും.
പ്രോട്ടിയാസ് രോഗം
പ്രോട്ടിയാസ് മിറാബിലിസ് എന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. തളർച്ചയും ക്ഷീണവുമാണ് രോഗലക്ഷണങ്ങൾ.
ഫുറന്പോൾ എന്ന മരുന്ന് ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ 10 ദിവസം തുടർച്ചയായി നൽകുന്നത് ഉത്തമമാണ്.
പ്രത്യുത്പാദനം
വർഷത്തിൽ ഏതവസരത്തിലും ഏതു കാലാവസ്ഥയിലും കാട മുട്ടകൾ വിരിയിച്ചെടുക്കാം. അട വയ്ക്കാനുള്ള മുട്ടകൾ ശേഖരിക്കുന്പോൾ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.
1. 10 മുതൽ 23 ആഴ്ചവരെ പ്രായമുള്ള പക്ഷികളുടെ മുട്ടയാണ് വിരിയിക്കാൻ എടുക്കേണ്ടത്.
2. മൂന്നോ അതിൽ കുറവോ പിടകൾക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽ നിന്നു ശേഖരിക്കുന്ന മുട്ടകൾക്ക് വിരിയാൻ ശേഷി കൂടുതലായിരിക്കും.
3. പിടകളുടെ കൂട്ടത്തിലേക്ക് ഒരു പൂവനെ വിട്ടാൽ ചുരുങ്ങിയത് നാലുദിവസം കഴിഞ്ഞ ശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കിൽ അതിനുശേഷം മൂന്നു ദിവസത്തിനുള്ളിൽ എടുക്കുന്ന മുട്ടകളും ആയിരിക്കും വിരിയിച്ചെടുക്കാൻ ഉത്തമം.
4. പ്രജനനത്തിനുവേണ്ടി വളർത്തുന്ന കാടകൾക്ക് പ്രത്യേകം പോഷകാഹാരം നൽകണം.
മുട്ടയുത്പാദനവും ശേഖരണവും
കാടകൾ 6-7 ആഴ്ച പ്രായത്തിൽ മുട്ടയിട്ടു തുടങ്ങും. ഒരു വർഷത്തിൽ 250-300 മുട്ടകൾ വരെയിടും. എട്ടാഴ്ച പ്രായം മുതൽ 25 ആഴ്ച പ്രായം വരെയുള്ള കാലം മുട്ടയുത്പാദനം ഏറ്റവും കൂടുതലായിരിക്കും.
കോഴികൾ സാധാരണയായി 75 ശതമാനം മുട്ടയും കാലത്താണ് ഇടുന്നത്. കാടകൾ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെയുള്ള സമയത്താണ് കൂടുതൽ മുട്ടയിടുന്നത്.
ഏകദേശം 75 ശതമാനത്തോളം മുട്ടയും ഈ സമയത്തും 20 ശതമാനത്തോളം രാത്രി കാലങ്ങളിലും ഇടുന്നു. എട്ടുതൊട്ട് 12 മാസം വരെ ഉത്പാദനം തുടർന്നുകൊണ്ടിരിക്കും.
മുട്ടയുത്പാദനം തുടങ്ങിശേഷം ദിവസം 2-3 തവണ മുട്ടകൾ ശേഖരിക്കണം. ശേഖരിച്ച മുട്ടകൾ 13 ഡിഗ്രി സെൽഷ്യസും 70 ശതമാനം ജലാംശവും ഉള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം.
വിരിയിക്കുവാനുള്ള മുട്ടശേഖരത്തിലെ അണുബാധ തടയാൻ ഫ്രുമിഗേഷൻ നടത്തേണ്ടതാണ്. അടച്ചിട്ട മുറിയിൽ (മുട്ട ശേഖരിച്ചു വച്ചിരിക്കുന്ന മുറിയിൽ തന്നെയാകാം) ഒരു ഘന ഇഞ്ചിന് 40 ഗ്രാം പൊട്ടാസ്യം പെൽമാംഗനേറ്റും 80 മി. ലി. ഫോർമാലിനും കൂടിയ മിശ്രിതം 10 മിനിറ്റ് വയ്ക്കുക.
മാരക്സ്രോഗം
ഹെർപിസ് വിഭാഗത്തിൽപ്പെട്ട ഒരു വൈറസാണ് രോഗകാരണം. പ്രായം കുറഞ്ഞ കാടപക്ഷികളിലാണ് രോഗം കാണുന്നത്. നാഡീ ഞരന്പുകളെ മാരക്സ് രോഗം ബാധിച്ചാൽ തളർച്ചയുണ്ടാകും.
കോഴികളിൽ ഉപയോഗിക്കുന്ന മാരക്സ് വാക്സിൻ കാടകളിൽ ഫലപ്രദമല്ല. അതുകൊണ്ട് കാടപക്ഷികളെ കോഴികളിൽ നിന്നുമാറ്റി പാർപ്പിക്കുന്നതാണു നല്ലത്.
കാടകളെ ലഭിക്കുന്ന സ്ഥലങ്ങൾ
യൂണിവേഴ്സിറ്റി പൗൾട്രി ഫാം മണ്ണുത്തി, എവിഎം ഹാച്ചറീസ് ആൻഡ് പൗൾട്രി ബ്രീഡിംഗ് റിസർച്ച് സെന്റർ കോയന്പത്തൂർ, മൃഗസംരക്ഷണ മേഖലയിലെ വിവിധ കോഴിവളർത്തൽ കേന്ദ്രങ്ങൾ.
ഉത്പാദന ക്ഷമത വർധിപ്പിക്കാനുള്ള മാർഗങ്ങൾ
1. നല്ല കാട കുഞ്ഞുങ്ങളെ വാങ്ങിക്കുക.
2. ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിക്കുക.
3. ലിറ്റർ പരിചരണത്തിൽ ശ്രദ്ധിക്കുക.
4. സന്തുലിതമായ തീറ്റ നൽകുക
5. തീറ്റ നഷ്ടപ്പെടുന്നതു തടയുക
6. ജൈവ സുരക്ഷ കാര്യക്ഷമമാക്കുക.
7. പോഷകമൂല്യങ്ങളുടെ ലഭ്യത വർധിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുക.
ഫോണ് : 9496762407
ഡോ. എസ്. ജയബാബു, പ്രീതു കെ. പോൾ, ഡോ. ആർ മരിമുത്തു
കെ.വി.കെ ഇടുക്കി