ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊടി
Thursday, June 1, 2023 3:38 PM IST
കുട്ടിക്കാലം മുതലേ പറവകളോടു കൂട്ടുകൂടാൻ ഇഷ്ടപ്പെട്ട ഫാർമസി ബിരുദധാരിയായ യുവാവിനു പറവകൾ തന്നെ ജീവിതമാർഗം തുറന്നു കൊടുത്തു. കാട ഫാമിലൂടെയാണു പാലക്കാട് ജില്ലയിൽ മംഗലം ഡാമിനടുത്തു പൊൻകണ്ടം കടപ്പാറ റോഡിൽ ഒലിംകടവ് പോസ്റ്റ് ഓഫീസിനു പുറകിൽ ഷാലു എന്ന 27 കാരൻ വിപണി കൈയടക്കുന്നത്.
കാടയുടെ വ്യത്യസ്ഥ മൂല്യ വർധിത ഉത്പന്നങ്ങൾക്കൊപ്പം സ്പെഷലായി കാടമുട്ടപ്പൊടി കൂടി ഇറക്കിയാണ് ഈ രംഗത്ത് ഷാലു തലയെടുപ്പോടെ നിൽക്കുന്നത്. കാട മുട്ട അച്ചാർ, കാട ഇറച്ചി അച്ചാർ, കാട ഉണക്ക ഇറച്ചി അച്ചാർ തുടങ്ങി കൊതിയൂറും വിഭവങ്ങളും ഷാലു മാർക്കറ്റിലെത്തിക്കുന്നു.
ബീഫ്, ചിക്കൻ, മീൻ (ചൂര), പൈനാപ്പിൾ അച്ചാറുകളും ഷാലുവിന്റെ ഫാമിനോട് ചേർന്ന ഷോപ്പിലുണ്ട്. ഓണ്ലൈൻ ഓർഡറുകൾ കൊറിയർ വഴി അയച്ചുകൊടുക്കും. ഗൂഗിൾ പേ വഴിയോ ഫോണ് പേ വഴിയോ പണം അടയ്ക്കുകയും ചെയ്യാം.
ഷാലുവിന്റെ നാടൻ രുചി അച്ചാറുകൾ ഹിറ്റായതോടെ കൊടുത്തു തീർക്കാൻ കഴിയാത്തത്ര ഓർഡറുകളാണു നേരിട്ടും ഓണ്ലൈനായും ദിനംപ്രതി എത്തുന്നത്. ഉത്പന്നങ്ങളുടെ രുചിക്കൂട്ടിനു പിന്നിൽ അമ്മ സാലിയുടെ കൈപ്പുണ്യമാണെന്നു പറയാൻ ഷാലുവിനു നൂറ് നാവ്.
അച്ചാറുകൾക്കും ഡ്രൈ മീറ്റിനുമൊക്കെ വേണ്ടിയുള്ള ഇഞ്ചി, പച്ചമുളക്, മഞ്ഞൾ, കുരുമുളക്, വെളിച്ചെണ്ണ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും സ്വയം കൃഷി ചെയ്തുണ്ടാക്കുന്നതാണ്. ഉത്പന്നങ്ങളിൽ കുരുമുളക് അല്പം കൂടുതൽ ഉപയോഗിക്കുന്നതിനാൽ അതീവ രുചിയാണ് ഓരോ വിഭവങ്ങൾക്കും.
ഫാർമസി വിദ്യാർഥി കൾക്കായി ഷാലു ലേണിംഗ് സെന്റർ എന്ന പേരിൽ ഓണ്ലൈൻ ക്ലാസുകളും നടത്തുന്നുണ്ട്. അങ്കമാലിയിലാണ് ഓഫീസ്. അമ്മയും അച്ഛൻ ഷാജിയും സഹോദരി ഷിലുമടങ്ങുന്നതാണ് ഷാലുവിന്റെ കുടുംബം. ഷിലു വിദ്യാർഥിനിയാണ്.
അച്ഛൻ ഷാജി റബർ കൃഷി നോക്കി നടത്തുകയാണ്. എല്ലാവരും വീട്ടിൽ ഒത്തുകൂടുന്പോഴാണ് വിഭവങ്ങൾ ഒരുക്കുന്നത്. അഞ്ചു വർഷം മുന്പു മൂവാറ്റുപുഴ നിർമല കോളജിൽ ബിഫാമിനു പഠിക്കുന്പോഴാണ് 150 കാട കോഴികളുമായി ഷാലു ഫാം തുടങ്ങിയത്.
തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടുകളും അവഗണന കളും ഒറ്റപ്പെടുത്തലുകളുമെല്ലാം നേരിടേണ്ടി വന്നു. കുറച്ചു റബർ മരങ്ങൾ മുറിച്ചുമാറ്റി ഷെഡ് കെട്ടിയാണു ഫാം തുടങ്ങിയത്. 150 നിന്ന് ക്രമേണ 500, 1000, 1500 എന്നിങ്ങനെ ഘട്ടം ഘട്ടമായി കാടകളുടെ എണ്ണം ഉയർത്തി.
ഇപ്പോൾ രണ്ടായിരത്തിൽ കൂടുതലുണ്ട്. കുറച്ചു വെള്ള കാടയുമുണ്ട്. ദിവസവും 1500 ൽ കൂടുതൽ മുട്ട കിട്ടും. പ്രളയവും പിന്നാലെ കോവിഡുമായി മുട്ടക്ക് ആവശ്യക്കാർ കുറഞ്ഞ പ്പോഴാണു ഷാലു കാടമുട്ട പൊടി വിപണിയിൽ ഇറക്കിയത്.
ഫോണ്: 9074209257
ഫ്രാൻസിസ് തയ്യൂർ