കൊതിയൂറും വാഴപ്പഴങ്ങൾ
Thursday, May 11, 2023 11:50 AM IST
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശത്തുമൊക്കെ വളരുന്ന വാഴയ്ക്കു ഏറെ സ്വീകാര്യതയുമുണ്ട്. മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത വിളകളിലൊന്നു വാഴയാണെന്നും കണക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ നാടിന്റെ സംസ്കാരിക പാരന്പര്യവുമായി വാഴയ്ക്ക് അടുത്ത ബന്ധവുമുണ്ട്. തൂശനിലയിൽ വിളന്പുന്ന ഭക്ഷണം മലയാളി എത്ര ആസ്വദിച്ചാണു കഴിക്കുന്നത് വാഴയില്ലാത്ത ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ കൂടിയാവില്ല. ആതു വിവാഹമായാലും ഉത്സവമായാലും.
വാഴപ്പഴം ലോകത്തിലെ എല്ലാത്തരം ആളുകളും കഴിക്കും. ആഗോള ഭക്ഷ്യവിള എന്ന നിലയിൽ നാലാം സ്ഥാനമുള്ള വാഴപ്പഴത്തിന്റെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. തൊട്ടു പിന്നിൽ ചൈനയും. ഉത്പാദനത്തിൽ പ്രഥമസ്ഥാനത്താണെങ്കിലും കയറ്റുമതിയുടെ കാര്യത്തിൽ നമ്മൾ വളരെ പുറകിലാണ്. ഇക്വഡോൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളാണ് മുന്നിൽ.
ഇന്ത്യയിൽ ആന്ധ്രാ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് വാഴകൃഷി ഏറെയുള്ളത്. മ്യൂസ പാരാഡൈസിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന വാഴയുടെ ജ·ദേശം തെക്കുകിഴക്കൻ ഏഷ്യയാണെന്നു കരുതപ്പെടുന്നു.
കേരളത്തിൽ ധാരാളം വാഴയിനങ്ങൾ കൃഷിചെയ്യുന്നുണ്ടെങ്കിലും ഉത്പാദനക്ഷമത തുലോം കുറവാണ്. ഇതു മറികടക്കാൻ കൂടുതൽ ശാസ് ത്രീയാടിസ്ഥാനത്തിലുള്ള വാണിജ്യ വാഴക്കൃഷിയിലേക്ക് മാറേണ്ടിയിരിക്കുന്നു. വാഴയുടെ എല്ലാഭാഗങ്ങളും ഉപയോഗയോഗ്യമാണ്.
പഴമായും, പച്ചക്കറിയായും അടുക്കളയിൽ എത്തുന്ന വാഴയുടെ ചുണ്ടും പിണ്ടിയുമൊക്കെ രുചിയൂറും കറികളായി മാറും. വിവിധയിനം വാഴയിനങ്ങൾ നമ്മൾ കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതലുള്ളത് നേന്ത്രനാണ്. റോബസ്റ്റ, ഞാലിപ്പൂവൻ, പൂവൻ, കദളി, ചെങ്കദളി, പാളയം കോടൻ എന്നിവയും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളെ പരിചയപ്പെടാം.
നേന്ത്രവാഴ
ഏത്തവാഴയെന്നു കൂടി പേരുള്ള നേന്ത്രവാഴകൃഷിയാണ് കേരളത്തിൽ ഏറ്റവും കൂടുതലുള്ളത്. പഴമായും പച്ചയായും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മെച്ചം.
1.ചെങ്ങാലിക്കോടൻ
ലക്ഷണമൊത്ത നേന്ത്രൻ ഇന മാണു ചെങ്ങാലിക്കോടൻ. സ്വർണ വർണമുള്ള കായ്കളും നിലംമുട്ടെയുള്ള വാഴക്കുടപ്പനും (ചുണ്ട്) കനംകുറഞ്ഞ തൊലിയും നല്ല മധുരമുള്ള പഴങ്ങളും ഇതിന്റെ പ്രത്യേകതകളാണ്. ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ ഏക വാഴപ്പഴയിനമെന്ന ഖ്യാതിയും ചെങ്ങാലിക്കോടനുണ്ട്.
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വേലൂർ, ഏരുമപ്പെട്ടി, പുതുരുത്തി, കടങ്ങോട്, നെല്ലുവായ്, വരവൂർ, ദേശമംഗലം എന്നിവിടങ്ങളിൽ ചങ്ങാലിക്കോടൻ പരന്പരാഗതമായി കൃഷി ചെയ്തുവരുന്നു.
ഉരുണ്ട് ഏണുകൾ ഇല്ലാത്ത നീണ്ട കായ്കൾക്കു മഞ്ഞയിൽ ചുവപ്പ് രാശിയോട് ചേർന്ന നിറമാണുള്ളത്. ഓണക്കാലത്ത് കാഴ്ചക്കുല നൽകുന്നതിനായി ഉപയോഗിക്കുന്നു. ഉപ്പേരി, പഴം നുറുക്ക് എന്നിവയ്ക്ക് കെങ്കേമം. കുലകൾക്ക് 12- 15 കിലോ തൂക്കമുണ്ടാകും. കാഴ്ചക്കുലകളുടെ ഭംഗിയനുസരിച്ചു കുലയ്ക്ക് 2000-3000 രൂപ വരെ വില കിട്ടാറുണ്ട്.
2.മഞ്ചേരി
വടക്കൻ ജില്ലകളിലാണ് ഈ ഇനം ധാരാളമായി കൃഷി ചെയ്യുന്നത്. മഞ്ചേരി നേന്ദ്രൻ വാഴകൾക്ക് അധികം ഉരമില്ലത്തതിനാൽ കാറ്റ് പിടിക്കില്ല. കുലകൾക്ക് അധികം വലുപ്പമില്ല. കുംഭ കൃഷിക്കാണ് ഇതു കൂടുതലയായും ഉപയോഗിക്കുന്നത്.
3.നെടുനേന്ത്രൻ
കേരളത്തിൽ എല്ലായിടത്തും തന്നെ കൃഷി ചെയ്തുവരുന്ന ഇനമാണു നെടുനേന്ത്രൻ. പത്തു മാസം കൊണ്ട് വിളവെടുക്കാം. 5-6 പടലകളുള്ള കുലയ്ക്ക് ശരാശരി 10-12 കിലോ തൂക്കവുമുണ്ടാകും.
4.ആറ്റുനേന്ത്രൻ
12 -14 മാസത്തെ വിളദൈർഘ്യമുള്ള ഇനമാണിത്. നന്നായി പരിചരിച്ചാൽ 25 മുതൽ 30 കിലോ വരെയുള്ള കുല കിട്ടും. സ്വർണമുഖി എന്ന പേരിൽ വിപണനത്തിനെത്തുന്ന കുല ആറ്റുനേന്ത്രൻ ഇനത്തിൽപ്പെട്ടതാണ്.
5.മിന്റോളി
ക്വിന്റൽ നേന്ത്രൻ എന്നും ഈ ഇനം അറിയപ്പെടുന്നു. 14 മാസത്തിലധികം മൂപ്പുള്ള മിന്റോളിയിൽ പത്തു പടലകളും 35 കിലോ വരെ തൂക്കവുമുള്ള കുലകൾ ഉണ്ടാകും.
6.സാൻസിബാർ
പടലവിരിഞ്ഞ് കഴിയുന്നതോടെ കുലത്തണ്ട് അവസാനിക്കുന്ന വാഴയിനമാണിത്. ആനക്കൊന്പൻ എന്നും പറയാറുണ്ട്. 2-3 പടലകളേ ഒരു കുലയിൽ കാണാറുള്ളൂ. കായ്കൾ വലിപ്പ മേറിയതും കോണുകളോ കൂടിയതുമാണ്. സാധാരണ നേന്ത്രൻ ഇനങ്ങളെ അപേക്ഷിച്ച് മൂപ്പെത്താൻ ഒരു മാസം കൂടുതൽ വേണം. ചിപ്സിന് ഏറെ അനുയോജ്യമാണ്.
7.ബിഗ് എബാംഗ
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നു പുറത്തിറക്കിയിട്ടുള്ള ഒരു വിദേശയിനമാണ് ബിഗ് എബാംഗ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. നട്ട് 11-ാം മാസം കുലവെട്ടാം. ഏഴു വരെ പടലകളും 50 തിലധികം കായ്കളും ഉണ്ടാകും.
നേന്ത്രൻ ഇനങ്ങളിലെ ജനിതക വൈവിധ്യം നിലനിർത്തികൊണ്ടുതന്നെ ഓരോ പ്രദേശത്തിന്റെ യും പ്രത്യേകതകൾക്ക് അനുസരിച്ചുള്ള കൃഷിയാണ് നല്ലത്. അതുകൊണ്ടു തന്നെ ഇനങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.
മറ്റിനങ്ങളുടെ വിശേഷങ്ങൾ അടുത്ത ലക്കം (ജൂണ്) കർഷകനിൽ.
ഫോണ് : 9447529904.
ജോസഫ് ജോണ് തേറാട്ടിൽ