കാലം കഴിഞ്ഞ കച്ചിത്തുറു
Wednesday, February 15, 2023 6:37 PM IST
പാടത്തു കൊയ്ത്തു കഴിഞ്ഞ് അടുത്ത ഒരു വര്‍ഷത്തെ ആഹാരത്തിനുള്ള നെല്ലും പിന്നെ കന്നുകാലികള്‍ക്കുള്ള കച്ചിയുമായിട്ടാവും കളം പിരിഞ്ഞ് ഉടമ വീട്ടിലെത്തുന്നത്. നെല്ല് അറപ്പുരയിലും കച്ചി തുറുവിലുമാണു സൂക്ഷിക്കുന്നത്. അരിവാള്‍ കൊയ്ത്തിനുശേഷം മെതിച്ചു കൂട്ടുന്ന വൈക്കോല്‍ പാടത്തെ തീ വെയിലില്‍ രണ്ടും മൂന്നും ദിവസം ഉണക്കിയ ശേഷമാണ് വീടുകളിലെത്തിക്കുന്നത്.
കുട്ടനാടന്‍ പ്രദേശങ്ങളില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളിലാണു കച്ചി കയറ്റിക്കൊണ്ടുവന്നിരുന്നത്. വള്ളം അടുപ്പിച്ച് കച്ചി വാരിയിറക്കുന്നത് ആഘോഷമായിട്ടായിരുന്നു. മിക്കവാറും രാത്രി കാലങ്ങളിലാണ് കച്ചി ഇറക്കുന്നത്. അടുത്ത പകലില്‍ ഒന്നുകൂടി ഇളക്കി ഉണക്കി കൂനകൂട്ടി വയ്ക്കുന്ന കച്ചി അന്നു രാത്രിയോ പിറ്റേന്നോ തുറുവില്‍ കയറ്റും. തുറു ഇടീല്‍ ഒരാഘോഷമാണ്. മൂപ്പന്റെ നേതൃത്വത്തില്‍ എട്ടു പത്തു പേര്‍ ചേര്‍ന്നാണു തുറു ഇടുന്നത്.
മഴക്കാലത്തു പെട്ടെന്നു വെള്ളം കയറാത്ത പൊക്കമുള്ള പുരയിട ങ്ങളിലോ ചിറകളിലോ ആണ് സാധാരണ തുറു ഇടുന്നത്. തെങ്ങുകള്‍ മുറിച്ചെടുത്തോ വണ്ണമുള്ള കമുകോ രണ്ടും മൂന്നും മുളകള്‍ ചേര്‍ത്തു കെട്ടിയോ ആണു തുറുവിന്റെ കാല്‍ ഒരുക്കുന്നത്. ചിലപ്പോള്‍ വളവില്ലാത്ത പാഴ്മരങ്ങളിലും കായ്ക്കാത്ത തെങ്ങു കളിലും തുറു ഇടാറുണ്ട്.
തുറുവിനു കാല്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ചുറ്റും ചതുരത്തില്‍ നാല് കുറ്റികള്‍ നാട്ടി പടങ്ങുണണ്ടാക്കും. ഏകദേശം മൂന്ന് മുതല്‍ നാല് വരെ അടി പൊക്കമുണ്ടാകും. പടങ്ങില്‍ വൈക്കോല്‍ ഇട്ട് ഉറപ്പിച്ചാണ് തുറു മേലോട്ട് ഉയര്‍ത്തുന്നത്. കൈവണ്ണത്തില്‍ വൈക്കോലില്‍ തന്നെ പിരിച്ചെടുക്കുന്ന തിരി കൊണ്ട് തുറുവും കാലുമായി ഇടയ്ക്കിടെ ബന്ധിക്കുകയും ചെയ്യും.
പടങ്ങിനൊപ്പം വലുപ്പത്തില്‍ കച്ചിയിട്ടു കയറുന്ന തുറു മുകളിലോട്ട് വരുന്നതോടെ വിസ്താരം കൂടും. നിശ്ചിത ഉയരത്തില്‍ എത്തിക്കഴിഞ്ഞാല്‍ വിസ്താരം കുറച്ചു തുടങ്ങും. അങ്ങനെ ഏറ്റവും മുകളില്‍ എത്തുമ്പോള്‍ തുറു കാലിനോട് ചേര്‍ന്നു നില്‍ക്കും. തുറുവിന്റെ വലുപ്പമനുസരിച്ച് രണ്ടിലേറെ ആളുകള്‍ കയറി നിന്നാണ് തുറുവില്‍ കച്ചി തളിച്ചു കയറുന്നത്.
എന്നാല്‍, ഏറ്റവും മുകളില്‍ എത്തുമ്പോള്‍ ഒരാള്‍ക്ക് മാത്രം നില്‍ക്കാനുള്ള സ്ഥലമേ ഉണ്ടാവൂ. അതു മിക്കവാറും മൂപ്പനായിരിക്കുകയും ചെയ്യും. തുറുവിന്റെ കാലില്‍ ചേര്‍ത്ത് വൈക്കോല്‍ വിതറി ഏണിയിലൂടെ നിലത്തത്തേക്ക് ഇറങ്ങുന്ന മൂപ്പന്റെ കരവിരുതും നിശ്ചയവും ആരിലും അതിശയം ജനിപ്പിക്കും. അടുത്ത ഒരു വര്‍ഷത്തേക്ക് കന്നുകാലികള്‍ക്കു വേണ്ട വൈക്കോലാണ് ഇങ്ങനെ തുറുവായി സൂക്ഷിക്കുന്നത്.
സാധാരണ വെള്ളപ്പൊക്കം തുറുവിന്‍റെ പടങ്ങിനു മുകളില്‍ എത്താറില്ല. അതുകൊണ്ട് കച്ചി സുരക്ഷിതമായിരിക്കും. താഴത്ത് നിന്നാണു കച്ചി വലിച്ചെടുത്തു കന്നുകാലിക്ക് കൊടുക്കുന്നത്. താഴത്തെ വൈക്കോല്‍ തീരുന്ന മുറക്ക് മുകളില്‍ നിന്ന് കച്ചി താഴേക്കു വന്നുകൊണ്ടിരിക്കും.
തിരിയുടെ ബലത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. തുറുവ് ഇടാന്‍ അറിയാവുന്നവര്‍ ഇട്ടാലെ ഇങ്ങനെ കൃത്യമായി കച്ചി ഇറങ്ങി വരികയുള്ളൂ. അല്ലാത്തവര്‍ തുറുവ് ഇട്ടാല്‍ ആണ്ടു വട്ടത്തിന്റെ പകുതി പോലും അതു നില്ക്കില്ല.

മിക്കവാറും വേനല്‍ക്കാലത്താണ് തുറു ഇടുന്നത്. അതുകൊണ്ട് കുട്ടികളും തുറു ഇടീലില്‍ അണി ചേരും. വൈക്കോല്‍ വാരി കൂട്ടാനും, അതു കൊളുത്തില്‍ കെട്ടി മുകളിലെത്താനും അവര്‍ മുന്നിലുണ്ടാകും. തുറുവിന്‍ കാലിനു സമീപത്തെ ഉയര്‍ന്ന മരത്തില്‍ നീളമുള്ള കമ്പ് കെട്ടിയാണ് കൊളുത്ത് ഉണ്ടാക്കുന്നത്. കമ്പിന്‍റെ ഒരറ്റത്ത് നീളമുള്ള കയറുണ്ടാകും.
മറുവശത്ത് കച്ചിക്കെട്ട് കൊളുത്താനുള്ള കൊളുത്തും. കൊളുത്തില്‍ കച്ചിക്കെട്ട് വച്ചുകഴിഞ്ഞാല്‍, മറുവശത്തെ കയര്‍ വലിച്ചു കച്ചി തുറവിലെത്തിക്കുന്നതാണ് രീതി.
വീട്ടിലെ കന്നുകാലികളുടെ എണ്ണം അനുസരിച്ച് തുറുവിന്റെ വലുപ്പവും ചിലപ്പോള്‍ എണ്ണവും കൂടും. തുറുവ് ഇടുന്ന ദിവസം ആഘോഷമായ സദ്യ ഉണ്ടാകും. തുറു ഇടാന്‍ വരുന്ന മൂപ്പനു പ്രത്യേക പാരിദോഷികങ്ങളും കൂടുതല്‍ പണവും സമ്മാനമായി നല്‍കാറുണ്ട്. തുറു ഇട്ടു കഴിഞ്ഞാല്‍ കോഴിയും മറ്റ് പക്ഷികളും കയറി ചികയാതിരിക്കാന്‍ നീളമുള്ള തെങ്ങോല തുറുവിന്‍ കാലില്‍ നിന്ന് കെട്ടിത്തൂക്കിയിടുക പതിവാണ്.
അക്കാലമൊക്കെ പോയി മറഞ്ഞു. ഇന്ന് അരിവാള്‍ കൊയ്ത്തുമില്ല. ആളനക്കമുള്ള മെതിക്കളങ്ങളുമില്ല. എല്ലാം യന്ത്രമയം. പാടങ്ങളില്‍ കൊയ്ത്തുപാട്ടിനു പകരം യന്ത്രങ്ങളുടെ മുരള്‍ച്ച മാത്രം. പുറത്തിറിങ്ങാതെ കൂടുകളില്‍ ഒതുങ്ങുന്ന കന്നുകാലികള്‍ തിന്നുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വൈക്കോല്‍ തിരികളും. ഫോണ്‍: 9447505677
ആന്‍റണി ആറില്‍ചിറ