ഈ മണ്ണില്‍ വിളയാത്തതൊന്നുമില്ല
Tuesday, February 14, 2023 6:26 PM IST
കൃഷ്ണനും രാധയും മണ്ണിലിറങ്ങിയാല്‍ വിളയുന്നതു പത്തരമാറ്റ് പൊന്നാണ്. രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയും വിയര്‍പ്പൊഴുക്കുന്ന കൃഷിയിടത്തില്‍ വിളയാത്തതൊന്നുമില്ല.
വാഴ, കൂര്‍ക്ക, തക്കാളി, ബീറ്റ്‌റൂട്ട്, കാരറ്റ്, കോളിഫ്‌ളവര്‍, നിലക്കടല, വന്‍കടല, എള്ള്, മത്തിപ്പുളി, ചീര (വെളുത്തതും ചുവന്നതും) ഉരുളക്കിഴങ്ങ്, സവോള, മല്ലി, മുളക്, മാലി മുളക്, വെളുത്തുള്ളി, ചുവന്നുള്ളി, കടുക്, ചീനി, മധുരക്കിഴങ്ങ്, ചോളം, പടവലം, പാവല്‍, നെല്ല്, മൂന്നുതരം പയര്‍ (കുറ്റി, വള്ളി, സാധാ) ബീന്‍സ്, വെണ്ട, കത്രിക്ക, വഴുതന, മുള്ളരിങ്ങ, ലെറ്റിയസ്, ചേമ്പ്, ചേന, കാച്ചില്‍, മഞ്ഞള്‍, ഇഞ്ചി, കപ്പ...
കീട രോഗനിയന്ത്രണത്തിന് ബന്ദി, കടുക്, സൂര്യകാന്തി, തുടങ്ങിയവയും. ഉള്ള മണ്ണില്‍ ഒരിഞ്ചു പോലും നഷ്ടപ്പെടുത്തിയിട്ടില്ല. പറമ്പാകെ വിള സമൃദ്ധം.
ഒരു വിള തീരുന്നതിനു മുമ്പ് അടുത്തത്. അതാണു രീതി. അതുകൊണ്ട് വരുമാനത്തിന് ഒരു മുട്ടുമുണ്ടാകുന്നില്ല. വെയിലായാലും മഴയായാലും ഇരുവരും മുഴുവന്‍ സമയം കൃഷിയിടത്തില്‍ തന്നെ. രാവിലെ ആറരക്ക് തോട്ടത്തിലെത്തുന്ന ഇവര്‍ തിരിച്ചു കയറുന്നതു കണ്ണില്‍ ഇരുട്ടാകുമ്പോഴാണ്.
തങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത പണികള്‍ക്ക് മാത്രമേ പുറമേ നിന്ന് ആളുകളെ വിളിക്കാറുള്ളൂ. വിള ആരോഗ്യ പരിപാലന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് കൃഷി.
കൃഷിഭവന്‍, പഞ്ചായത്ത്, ബ്ലോക്ക് എന്നിവിടങ്ങളില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കൃഷി നഷ്ടമാണെന്ന അഭിപ്രായം ഇവര്‍ക്കു തീര്‍ത്തുമില്ല. ഒരോ വര്‍ഷവും ലാഭമായി ലക്ഷങ്ങളാണ് കൈയിലെത്തുന്നത്.
ജിജോ രാജകുമാരി