കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടിയില്‍ തിളങ്ങി നിന്ന ഹൈറേഞ്ച് മുന്നോട്ടു പോകാന്‍ കിതക്കുകയാണ്. ഏലക്കായുടെ വിലയിടിവിനടിയില്‍പ്പെട്ട് നടുവ് നിവര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഏലം കര്‍ഷകര്‍.

2020ല്‍ എലയ്ക്കാ കിലോയ്ക്ക് ശരാശരി 4100 രൂപ വില കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന ശരാശരി വില 850 രൂപയാണ്. 2021 മുതലാണ് വില ഇടിഞ്ഞു തുടങ്ങിയത്.

ഒരു കിലോ ഏലം ഉത്പാദിക്കാന്‍ 1200 രൂപയെങ്കിലും ചെലവിടണം. കിലോയ്ക്കു 400-450 രൂപ നഷ്ടത്തില്‍ ഏലയ്ക്കാ വിറ്റ് എത്രനാള്‍ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൃഷിയിറക്കി, സുന്ദര സ്വപ്‌നങ്ങള്‍ നെയ്തിരുന്ന കര്‍ഷകര്‍ക്ക് ഏലം കൃഷി പേക്കി നാവാകുകയാണ്. തകര്‍ച്ച നേരിടുന്ന കൃഷിയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണു കര്‍ഷകര്‍.

നേരത്തെ 1993ല്‍ ഏലം വില തകര്‍ന്നു കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ സ്‌പൈസസ് ബോര്‍ഡും കര്‍ഷക സംഘടനകളും ചേര്‍ന്നു കാര്‍ഡമം ഡവലപ്‌മെന്റ് ഫണ്ട് രൂപീകരിച്ചു കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് ഒരൂ രൂപ നിരക്കില്‍ ഫണ്ട് സ്വരൂപിച്ചിരുന്നു. സമ്പത്തു കാലത്തെ കരുതല്‍ ആപത്തു കാലത്ത് ഉപകരിക്കുകയായിരുന്നു ലക്ഷ്യം.

കോടിക്കണക്കിന് രൂപ ഈ ഇനത്തില്‍ സമാഹരിക്കുകയും ചെയ്തു. 'കഷ്ടകാലത്തിന്'പിന്നീട് ഏലത്തിനു വലിയ പ്രതിസന്ധി ഉണ്ടായില്ല. ആ ഫണ്ട് മുഴുവന്‍ അടിച്ചു തീര്‍ത്ത് പദ്ധതിയും ഉപേക്ഷിച്ചു. ഇപ്പോഴത്തെ റവന്യു സെക്രട്ടറി ജെ. ജയതിലക് സ്‌പൈസസ് ബോര്‍ഡ് ചെയര്‍ മാനായിരുന്നപ്പോള്‍, മൂന്നു വര്‍ഷം മുമ്പു മിച്ചമുണ്ടായിരുന്ന ഫണ്ട് ചില്ലറയാക്കി കര്‍ഷകര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്തു.

സ്‌പൈസസ് ബോര്‍ഡില്‍ ബാങ്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരുന്ന കര്‍ഷകര്‍ക്ക് ആയിരവും പതിനായിരവുമൊക്കെയായി വീതിച്ചു കൊടുത്ത് ഡവലപ്‌മെന്റ് ഫണ്ട് തീര്‍ത്തു. ഇപ്പോള്‍ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ ആണും തൂണും ഇല്ലാതായി.

വിലത്തകര്‍ച്ച ഉണ്ടാകുമ്പോള്‍ ഏലക്കായുടെ ഈടിന്മേല്‍ കൃഷി നടത്തിപ്പിനുള്ള പണം എങ്കിലും ആരെങ്കിലും നല്‍കിയാല്‍ കുറഞ്ഞ വിലയ്ക്ക് കായ് വില്‍ക്കാതെ കര്‍ഷകര്‍ക്കു കായ ഹോള്‍ഡ് ചെയ്യാനാകുമായിരുന്നു. വിപണിയില്‍ സാധനം ലഭിക്കാതെ വരുമ്പോള്‍ വില ഉയരാനുള്ള സാമാന്യ ധനതത്വ ശാസ്ത്രമെങ്കിലും പരീക്ഷിച്ചു നോക്കാന്‍ ഇന്നു കര്‍ഷകര്‍ക്ക് ആവതില്ല.

ഇതെല്ലാം മുന്നില്‍ കണ്ട് വി. ജെ. കുര്യന്‍ സ്‌പൈസസ്‌ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്ത് അത്യാധുനിക രീതിയില്‍ വണ്ടന്മേട് പുറ്റടിയില്‍ സ്‌പൈസസ് പാര്‍ക്ക് ആരംഭിച്ചതാണ്. കാര്‍ഡമം ഡവലപ്‌മെന്റ് ഫണ്ടില്‍നിന്നുള്ള പണം കൊണ്ട് പുറ്റടിയില്‍ രണ്ടര ഏക്കറോളം സ്ഥലം വാങ്ങി ഗോഡൗണും ബാങ്ക് ശാഖയും കായ തരം തിരിക്കല്‍ യന്ത്രങ്ങളും മറ്റും സ്ഥാപിച്ചു ലേല കേന്ദ്രവും തുടങ്ങി.

ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നത് സ്‌പൈസസ് ബോര്‍ഡിന്റെ ഓഫീസും ഇ-ഓക്ഷന്‍ സംവിധാനവും മാത്രം. ഏലത്തിന്റെ പ്രതിസന്ധി ഹൈറേ ഞ്ചിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. മറിച്ചു രാജ്യത്തിന്റെ വിദേശ നാണ്യ സ്രോതസിനും നാടിന്റെ സാമ്പത്തിക വ്യവസ്ഥക്കും കടുത്ത പ്രഹരമാണത്.

2018ലെ മഹാപ്രളയം വരുത്തിയ മേല്‍മണ്ണ് ശോഷണവും പുതിയ കാലാവസ്ഥ മാറ്റവും ഏലക്കായുടെ ഉത്പാദന ക്ഷമത വലിയ തോതില്‍ കുറച്ചിട്ടുണ്ടെങ്കിലും വിപണന മാന്ദ്യ വും ഏലം കാര്‍ഷിക മേഖലയുടെ വ്യാപനവും ടണ്‍കണക്കിന് ഏലം വിപണിയില്‍ കെട്ടിക്കിടക്കാന്‍ കാരണ മായിട്ടുണ്ട്. വിദേശ ഡിമാന്‍ഡില്‍ കുറവു സംഭവിച്ചതു വിപണന മാന്ദ്യത്തിനു കാരണാമയി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ആഭ്യന്തര ഉപഭോഗ ത്തിലുണ്ടായിരിക്കുന്ന തകര്‍ച്ചയാണു കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.


ഔഷധക്കൂട്ടായും ഭക്ഷണ ചേരുവ യായും പുകയില ഉത്പന്നങ്ങളുടെ ഘടകമായും ക്ഷേത്രോത്സവത്തോടനു ബന്ധിച്ചു മാണ് പ്രധാനമായും ആഭ്യ ന്തര വിപണിയില്‍ ഏലം വിറ്റഴിക്കു ന്നത്. ഗള്‍ഫ് നാടുകളില്‍ പാനീയമായും ഉപയോഗിക്കുന്നുണ്ടത്രേ.


കഴിഞ്ഞ രണ്ടു സീസണുകളില്‍ ഏലക്കായ്ക്ക് ഉണ്ടായ വന്‍ വില വര്‍ധനവ് ഉപഭോഗത്തില്‍ മാന്ദ്യം വരുത്തിയിട്ടുണ്ടെന്നാണ് ഒരു നിഗമനം. വിലയിലുണ്ടായ അത്ഭുതകരമായ കുതിച്ചുചാട്ടം കൃഷി വ്യാപനത്തിന് കാരണമാകുകയും ചെയ്തു.

പുതിയ തരം വിത്തിനങ്ങള്‍ വരെ ഉപയോഗിച്ചു. മുമ്പ് 20 ഡിഗ്രിയില്‍ കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നാല്‍ ഏലം കൃഷി പ്രയോജനപ്പെടില്ലായി രുന്നു. പുതിയ വിത്തിനങ്ങളുടെ ആവിര്‍ഭാവത്തോടെ ഇതിന് മാറ്റം വന്നതും കൃഷി വ്യാപനത്തിനു കാരണമായി.

നിലവില്‍ ഒരുകിലോ ഏലം ഉത്പാദിപ്പിച്ചു മാര്‍ക്കറ്റിലെത്തിക്കാന്‍ 1200 രൂപയെങ്കിലും ചെലവു വരു മെന്നാണു കണക്ക്. കീടനാശിനികളു ടെയും വളങ്ങളുടെയും വമ്പന്‍ വില ക്കയറ്റവും കൂലിവര്‍ധനയും കൃഷി ച്ചെലവ് വര്‍ധിപ്പിച്ച ഘടകങ്ങളാണ്.

ഏലക്കായുടെ വില ഉയരുന്നതിനനുസരിച്ചു കുത്തക കമ്പനികള്‍ അവരുടെ കീടനാശിനികളുടെയും വളങ്ങളുടെയും കൃഷി അനുബന്ധ സാധനങ്ങളുടെയും വില വര്‍ധിപ്പി ച്ചാണ് കൃഷിച്ചെലവ് കൂട്ടിയത്. ഉത്പന്ന വില ഉയരുന്നതിനനുസരിച്ച് അനുബന്ധ സാധനങ്ങള്‍ക്ക് വിലകൂട്ടി കുത്തക കമ്പനികള്‍ കൊള്ളയടി ക്കുന്നതു നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷിച്ചെലവ് നിയ ന്ത്രിച്ചു നിര്‍ത്താനുളള പരിശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.

വിപണിയിലെ ചൂഷണവും കര്‍ ഷകര്‍ ആരോപണമായി ഉന്നയിക്കു ന്നുണ്ട്. ലേലത്തിലാണ് ഓരോ ദിവസത്തെയും ഏലത്തിന്റെ വില നിശ്ചയിക്കുന്നത്. ലേലം വിലയുടെ ശരാശരിയാണ് അടിസ്ഥാന വില. ലേല കേന്ദ്രങ്ങളില്‍ ശരാശരി വില കുറക്കുന്ന തന്ത്രമുണ്ടെന്ന് ആക്ഷേപമുണ്ട്. ഉത് പാദനം കുറവാണെന്നു പറയുമ്പോഴും ലേല കേന്ദ്രങ്ങളിലെ ലേല പതിവ് കുറയുന്നില്ല.

ശരാശരി 1,50,000 കിലോ ലേലത്തിനു വരുന്നുണ്ട്. വ്യാപാരികള്‍ അവരുടെ ഏലക്കാ ഗ്രേഡു ചെയ്തു മേന്മയുള്ളവ തരം തിരിച്ച് വേറെ വില്പന നടത്തി മേന്മ കുറഞ്ഞവ വീണ്ടും ലേലത്തില്‍ വച്ചു ശരാശരി വില കുറയ്ക്കുകയാണെ ന്നാണ് ആക്ഷേപം. വലിപ്പവും നിറവും സത്തും കൂടുതലുള്ളവ തെരഞ്ഞു മാറ്റി ബാക്കി വരുന്നതാണ് പുനര്‍ ലേലത്തിനു വയ്ക്കുന്നത്.

അതി നാലാണ് ലേലത്തിലെ പതിവ് കൂടി നില്‍ക്കുന്നതത്രേ. നിശ്ചിത ശതമാനം മുന്തിയ കായ് ഉള്ളവയും മുന്തിയ ഇനം കായ്കള്‍ ഇല്ലാത്തവയും വെവ്വേ റെ ലേലത്തിനു വച്ചാല്‍ ശരാശരി വില കുറയാതെ സാധാരണ കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കുമെന്നാണ് കര്‍ഷ കര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഏലക്കായുടെ വിലയിടിവ് തടഞ്ഞു നിര്‍ത്താനായില്ലെങ്കില്‍ സംസ്ഥാന ത്തിന്റെ സമ്പദ് ഘടന തന്നെ അവതാളത്തിലാകും. ദിവസവും പരിചരണം വേണ്ട കൃഷിയാണ് ഏലം. പരിചരണം കുറഞ്ഞാല്‍ കൃഷി പാടെ നശിക്കും. ഉത്പന്നത്തിന് ന്യായവില ലഭിച്ചില്ലെങ്കില്‍ ഏലം കൃഷി പരി ചരണം താറുമാറാകും. വരുമാനവും ഇല്ലതാകും. ഒരു നാടുതന്നെ കഷ്ടത്തിലാകും.

ഉദ്പാദന ചെലവു കുറയ്ക്കു ന്നതിനും പുതിയ വിപണികള്‍ കണ്ടെത്തുന്നതിനും അടിയന്തര നടപടി ഉണ്ടാകണം. കയറ്റുമതി വര്‍ധിപ്പിക്കാനും ശ്രമം ഉണ്ടാകണം. ഏലക്കായില്‍ കീടനാശിനിയുടെ അളവ് അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തിയതും കൃത്രിമ നിറം ചേര്‍ക്കുന്നതും കയറ്റുമതിക്ക് തടസമാകുന്നതായി ആക്ഷേപമുണ്ട്. ഫോണ്‍: 9447082268

കെ. എസ്. ഫ്രാന്‍സിസ്