വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീരാശാപമാണ്. ജലാശയങ്ങളില്‍ വെള്ളം തെല്ലുപോലും കാണാനാകാതെ ആര്‍ത്തുവളരുന്ന പോളകള്‍ എങ്ങനെയും തള്ളിമാറ്റിക്കളയാനാണു നാട്ടുകാര്‍ ശ്രമിക്കുന്നത്.

എന്നാല്‍, ഈ പോള കൊണ്ട് ഉപകാരപ്രദമായ പല വസ്തുക്കളും നിര്‍മിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് കുമരകത്തെ പ്രസിദ്ധ റിസോര്‍ട്ടായ കോക്കനട്ട് ലഗൂണ്‍. ക്രിസ്മസ് ട്രീ മുതല്‍ തൊപ്പികളും പായകളും വരെ അവര്‍ പോളയില്‍ നിര്‍മിച്ചു കഴിഞ്ഞു.

ആറുകളിലും തോടുകളിലുമൊക്കെ കിടക്കുന്ന പോളയുടെ നീളമുള്ള തണ്ടുകളും ഇലകളും അരിഞ്ഞെടുക്കുകയാണ് ആദ്യപടി. ഇവ റബര്‍ ഷീറ്റ് അടിക്കുന്ന മെഷീനിലൂടെ കടത്തിവിട്ടു അവയിലെ ജലാംശം മാറ്റിയശേഷം മൂന്നുദിവസം വെയിലത്ത് ഇട്ട് ഉണക്കും.




പിന്നീട് ആവശ്യത്തിനു വീതിയിലും നീളത്തിലും കീറിയെടുക്കും. പിന്നെ കൈതയോല കൊണ്ടുള്ള തഴപ്പായ്കള്‍ക്കു സമാനമായ പായ്കളും നല്ല ബലമുള്ള കയറുകളും തൊപ്പികളുമൊക്കെ ഇതുകൊണ്ട് നെയ്‌തെടുക്കും. പോളത്തണ്ടില്‍ നെയ്‌തെടുക്കുന്ന തൊപ്പികള്‍ വിദേശ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഇല ഉണക്കിപ്പൊടിച്ചു പള്‍പ്പാക്കി പേപ്പര്‍ നിര്‍മിക്കും. ഇത്തരം പേപ്പറുകള്‍കൊണ്ടാണു ഭക്ഷണശാലയിലെ മെനു കാര്‍ഡുകള്‍ തയാറാ ക്കിയിരിക്കുന്നത്.

ഹോട്ടലിലെ തൊഴിലാളികള്‍ ഒഴിവുസമയങ്ങളിലാണ് ഇത്തരം വസ്തുക്കള്‍ നിര്‍മിക്കുന്നത്. റിസോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന പത്തടി ഉയരമുള്ള ക്രിസ്മസ് ട്രീ പൂര്‍ണമായും പോളയിലാണ് നിര്‍മിച്ചിരിക്കുന്നത്. ടേബിള്‍ മാറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണെന്നു കോക്കനട്ട് ലഗൂണ്‍ ജനറല്‍ മാനേജര്‍ ശംഭു പറഞ്ഞു.

കുര്യന്‍ കുമരകം