അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
Wednesday, January 4, 2023 7:40 PM IST
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈനീസ് എവര്‍ഗ്രീന്‍. കൊക്കെടമ പോലുള്ള പുതു അലങ്കാര രീതികളിലും ആഗ്ലോനിമയ്ക്കു സ്ഥാനമുണ്ട്. ചേമ്പുകളുടെ കുടുംബമായ അരേസിയയില്‍ ഉള്‍പ്പെടുന്ന ആഗ്ലോനിമയുടെ ജന്മദേശം ഏഷ്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളാണ്.

ഒതുങ്ങിയ രൂപവും ഇലകളിലെ വര്‍ണവൈവിധ്യവും ഇവയെ ആകര്‍ഷകമാക്കുന്നു. കൃത്രിമ പരാഗണം വഴിയും മ്യൂട്ടേഷന്‍ വഴിയും ഉത്പാദിപ്പിച്ച നിരവധി പുതിയ ഇനങ്ങള്‍ മാര്‍ക്കറ്റിലുണ്ട്. പിങ്ക് പാന്‍തെര്‍, സൂപ്പര്‍ വൈറ്റ്, പിങ്ക് ഡാല്‍മേഷ്യന്‍, പിങ്ക് മജെസ്റ്റി, റെഡ് കോന്‍ഗോ, റെഡ് പനാമ, മേരാ മറോണ, ബെല്ലാട്രിക്‌സ്, റെഡ് സുക്‌സോം, റെഡ് സണ്‍, സ്റ്റാര്‍ ഡസ്റ്റ്, റൂബി ഗരുഡ, സൂപ്പര്‍ റെഡ്, പനാമ വാനില, റെയിന്‍ബോ, ഗ്രീന്‍ ഹൈസിന്ത് എന്നിങ്ങനെ പോകുന്നു അത്തരം ഇനങ്ങള്‍.

നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങളിലും വളര്‍ത്താവുന്ന ആഗ്ലോനിമയ്ക്കു നേരിയ നനവുള്ള പ്രദേശങ്ങളാണ് ഇഷ്ടം. മറ്റു ചേമ്പിനങ്ങളില്‍ നിന്നു വ്യത്യസതമായി ആഗ്ലോനിമയ്ക്കു മണ്ണിനടിയില്‍ കിഴങ്ങുകളുണ്ടാകാറില്ല. ഒതുങ്ങിയ പ്രകൃതിയായതിനാല്‍ നടുമുറ്റം, വരാന്ത, ബാല്‍ക്കണി, ജനല്‍പ്പടി എന്നിവിടങ്ങളില്‍ നട്ടു പരിപാലിക്കാം. തൈകള്‍ ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ളതിനാല്‍ ഇവയ്ക്കു വിലയും കൂടുതലാണ്.

നല്ല വായുസഞ്ചാരമുള്ള, ഈര്‍പ്പം നിലനിറുത്തുന്ന, 60 ശതമാനം കൊക്കോപീറ്റ് ചേര്‍ന്ന നടീല്‍ മാധ്യമമാണ് ഇതിനു വേണ്ടത്. കൊക്കോ പിറ്റും ഉമിയും ചേര്‍ന്ന മാധ്യമം ആഗ്ലോനിമയ്ക്ക് യോജിച്ചതാണ്. ഒരു ഭാഗം വീതം ചെമ്മണ്ണും ചകിരിച്ചോറും പെര്‍ലൈറ്റും ചേര്‍ത്തുണ്ടാക്കുന്ന മാധ്യമവും കൊള്ളാം.

ചെടിച്ചുവട്ടില്‍ കിളിര്‍ക്കുന്ന തൈകള്‍, തണ്ടുകള്‍ എന്നിവയാണ് നീടീല്‍ വസ്തു. ചെടി നട്ട് ഏകദേശം ഒരു വര്‍ഷം കഴിയുമ്പോഴാണ് തൈകളുണ്ടാകുന്നത്. തൈകള്‍ ആവശ്യത്തിനു വളര്‍ച്ചയെത്തുമ്പോള്‍ (3-4 ഇലകള്‍ വരുമ്പോള്‍) മാതൃസസ്യത്തില്‍ നിന്നു വേര്‍പെടുത്തി നടാം.

നല്ല വളര്‍ച്ചയെത്തിയ ചെടിയുടെ തലപ്പ് മുറിച്ചെടുത്തും നടീല്‍ വസ്തുവായി ഉപയോഗിക്കാം. മണ്ണും മണലും ഒരേ അനുപാതത്തില്‍ കലര്‍ത്തിയ നടീല്‍ മാധ്യമം ആഗ്ലോനിമയുടെ വേര് പിടിപ്പിക്കാന്‍ ഉപയോഗിക്കാം. തലപ്പ് മുറിച്ചെടുത്ത ചെടിയുടെ മുറിപ്പാടിന് താഴെ നിന്ന് ഒന്ന് ഒന്നര മാസം കൊണ്ട് വശങ്ങളിലേക്ക് മുള പൊട്ടും. ഇവയും നടാനായി മുറിച്ചെടുക്കാം. വലിയ ചെടികളിലെ തണ്ടിന്റെ മുട്ട് ഭാഗങ്ങള്‍ ഒരു സെന്റിമീറ്റര്‍ കനത്തില്‍ മുറിച്ചെടുത്തു നടാം. മുട്ട് ഭാഗം ഇലകൊണ്ടു മൂടിയ ചെടികളില്‍ ഓരോ ഇലയും മുട്ടുഭാഗം ചേര്‍ത്ത് മുറിച്ചെടുക്കണം.


ചട്ടിയില്‍ നനവ് നിലനിര്‍ത്തുന്ന വിധത്തില്‍ വേണം നനയ്ക്കാന്‍. വേനല്‍ക്കാലത്ത് ഒരു ദിവസം രണ്ടു നനയും വര്‍ഷകാലത്ത് ആഴ്ചയില്‍ ഒന്നോ രണ്ടോ വീതവും കൊടുക്കാം. വേനല്‍ക്കാലത്ത് ചെടികള്‍ ഒരുമിച്ചു കൂട്ടമായി അടുക്കി വയ്ക്കുന്നത് ആവശ്യമായ ഈര്‍പ്പം നിലനിറുത്താന്‍ സഹായിക്കും. ഇടയ്ക്ക് ഇലകളില്‍ വെള്ളം തളിച്ചു കൊടക്കുന്നതും ഗുണകരമാണ്.


ചെടികളില്‍ നേരിട്ട് വെയിലേല്‍ക്കുന്നതു ഇലകളുടെ അഗ്രഭാഗം കരിയാന്‍ കാരണമാകും. മഴക്കാലത്താവട്ടെ മഴവെള്ളം നേരിട്ടു ചെടികളില്‍ വീഴാത്ത വിധത്തില്‍ മരച്ചുവട്ടിലോ സണ്‍ ഷേഡിനു ചുവട്ടിലോ ചെടികള്‍ അടുക്കി വയ്ക്കാം. ഫാന്‍, എസി എന്നിവയുടെ ചുവട്ടില്‍ ചെടികള്‍ വയ്ക്കുന്നത് ഒഴിവാക്കണം. ചട്ടിയിലെ മണ്ണ് കട്ടിയായി തുടങ്ങുമ്പോള്‍ ചെടി ശ്രദ്ധയോടെ മറ്റൊരു പോട്ടിംഗ് മിശ്രിതത്തിലേക്കു മാറ്റി നടാം.

വളപ്രയോഗം നടത്തുന്നതു ആഗ്ലോനിമയുടെ ഭംഗി നിലനിറുത്താന്‍ അത്യാവശ്യമാണ്. കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ തെളി നേര്‍പ്പിച്ചത് രണ്ടാഴ്ചയിലൊരിക്കല്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്. രണ്ടു മാസത്തിലൊരിക്കല്‍ എല്ലുപൊടിയും കംപോസ്റ്റും ചേര്‍ത്ത വളക്കൂട്ടും നല്‍കാം. തുടക്കത്തില്‍ കരുത്തുറ്റ വളര്‍ച്ചയ്ക്കു വെള്ളത്തില്‍ പൂര്‍ണമായി ലയിക്കുന്ന എന്‍പികെ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലായനിയായി ഇലകളിലും നട്ടിരിക്കുന്നിടത്തും തുള്ളിനനയായി നല്‍കാം.

അഗ്ലോനിമ ഇലകളുടെ അത്ര ആകര്‍ഷണീയത പൂക്കള്‍ക്കില്ല. പൂമൊട്ട് വരുമ്പോള്‍ തന്നെ അതു പൊട്ടിച്ചു കളയുന്നതാണ് നല്ലത്. ഇതോടൊപ്പം പഴയ ഇലകളും മുറിച്ചു കളയണം.

ആഗ്ലോനിമയില്‍ കാണുന്ന തണ്ടു ചീയലിനു കാരണം പോട്ടിംഗ് മിശ്രിതത്തിലെ പിഴവാണ്. മണ്ണില്‍ വെള്ളം കെട്ടി നില്‍ക്കുകയും അതിന്റെ ഫലമായി വേരുകള്‍ ചീഞ്ഞു പോകുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചാല്‍ ചെടി പുറത്തെടുത്ത് ചീഞ്ഞ വേരുകള്‍ മുറിച്ചു മാറ്റി മറ്റൊരു പോട്ടിംഗ് മിശ്രിതത്തില്‍ നടണം. ഫോണ്‍: 9497453663

അശ്വതി നാരായണദാസ്, ഡോ. എ. ഷീന
അസി. പ്രഫ. കാര്‍ഷിക കോളജ്, വെള്ളായണി