ആരോഗ്യം കാക്കാന്‍ മരോട്ടി
ആരോഗ്യം കാക്കാന്‍ മരോട്ടി
മരോട്ടി എണ്ണ ഉപയോഗിച്ച് ഒരു പ്രത്യേക ബ്രാന്‍ഡ് സോപ്പ് പുറത്തിറങ്ങിയപ്പോള്‍ അതുപയോഗിച്ചവരുടെ ത്വക്ക് രോഗം മാറി.'' ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സുകുമാരന്റെ അനുഭവസാക്ഷ്യം. ഗോ മൂത്രത്തില്‍ നേര്‍പ്പിച്ച മരോട്ടി എണ്ണ ഉപയോഗിച്ചാല്‍ കുരുമുളകിന്റെ ദ്രുതവാട്ടം തടയാം.

തെങ്ങിന്റെ കൂമ്പ് ചീയലിനും ചെല്ലി ശല്യത്തിനും പ്രതിവിധിയാണു മരോട്ടി എണ്ണ. ഒരു കാലത്തു നമ്മുടെ പൂര്‍വികരുടെ ജീവിതവുമായി ഏറെ ബന്ധമുണ്ടായിരുന്ന മരോട്ടി, നാട്ടിന്‍പുറങ്ങളിലും വനങ്ങളിലും സഹ്യപര്‍വത നിരകളിലുമൊക്കെ കാണുന്ന വൃക്ഷമാണ്.

ആധുനിക വൈദ്യശാസ്ത്രം പുരോഗമിക്കുന്നതിനു മുമ്പ്, കുഷ്ഠ രോഗത്തിനുള്ള ഏകമരുന്ന് മരോട്ടി എണ്ണയും മരോട്ടി പരിപ്പുമായിരുന്നു. മരവിപ്പും ഉറക്കമില്ലായ്മയുമാണു കുഷ്ഠരോഗികളുടെ പ്രധാന പ്രശ്‌നം. മരോട്ടി എണ്ണ തടവിയാല്‍ മരവിപ്പിന് ആശ്വാസം കിട്ടും. പഴുപ്പിനു ശമനവുമാകും. പരിപ്പ് കഴിച്ചാല്‍ സുഖനിദ്രയും. പണ്ട് കോഴിക്കോട്ടെ സര്‍ക്കാര്‍ കുഷ്ഠരോഗാശുപത്രിയുടെ മുറ്റത്ത് ഒരു വലിയ മരോട്ടി മരമുണ്ടായിരുന്നു. ത്വക്ക് രോഗം മാറാന്‍ മരോട്ടി എണ്ണയില്‍ മഞ്ഞള്‍ പൊടി ചാലിച്ചു പശ പരുവത്തിലാക്കി പുരട്ടുന്ന പതിവുണ്ടായിരുന്നു.

മൃഗങ്ങളുടെ കുളമ്പു രോഗത്തിനും മനുഷ്യരുടെ കൈകാലുകളുടെ മരവിപ്പിനും മരോട്ടി എണ്ണ തടവിയാല്‍ ആശ്വാസം കിട്ടും. രക്തയോട്ടം കൂടും. അങ്ങനെ മരവിപ്പ് മാറും. മരോട്ടി എണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് കാച്ചി തണുപ്പിച്ച് ശിരസില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറും.

മരോട്ടി ഇല നിരത്തിയശേഷമാണു മര ഉരുപ്പടികള്‍ക്കു മുകളില്‍ പഴമക്കാര്‍ മണ്ണ് വച്ചിരുന്നത്. വീടിന്റെ മച്ച്, കട്ടിള, ജനാല തുടങ്ങിയവയ്ക്കു മുകളില്‍ മരോട്ടി ഇല നിരത്തുന്നതു വഴി ചിതല്‍ പിടിക്കുമായിരുന്നില്ല. മര ഫര്‍ണീച്ചറിലും പുരയുടെ കഴുക്കോലിലും ഊറന്‍ കുത്തുമ്പോള്‍ സോപ്പു വെള്ളത്തില്‍ ലയിപ്പിച്ച മരോട്ടി എണ്ണ ബ്രഷ് ചെയ്താല്‍ മതി.

മരോട്ടി തോട് വിറകിനു പകരം ഉപയോഗിക്കാം. അതിന്റെ പുകയേല്‍ക്കുന്നതുവഴി വീട്ടിലെ ക്ഷുദ്രജീവികളായ ചിലന്തി, പല്ലി, പാറ്റ തുടങ്ങിയവ സ്ഥലം വിടും. ഇതിന്റെ പുകയ്ക്ക് ചെറിയൊരു വിഷാംശം ഉള്ളതുകൊണ്ടു കൂടിയാണിത്. മരോട്ടി കായ് തിന്ന കാക്കയെ പോലെ എന്നൊരു ചൊല്ലും മലയാളത്തിലുണ്ട്. മരോട്ടിയുടെ കായ്ക്കും ചെറിയൊരു വിഷാംശമുള്ളതിലാണിത്.

പ്രശസ്തമായ ആറന്‍മുള കണ്ണാടി നിര്‍മാണത്തിലെ പ്രധാന ഒറ്റ മൂലിയാണു മരോട്ടി എണ്ണ. പുല്‍ത്തകിടികളിലെ പുല്ലിന് ചിതല്‍ ശല്ല്യമുണ്ടെങ്കില്‍ മരോട്ടി പിണ്ണാക്ക് വളമായി നല്‍കുന്നതു നല്ലതാണ്. കലര്‍പ്പില്ലാത്ത മരോട്ടി എണ്ണയ്ക്ക് ആഭ്യന്തര വിദേശ വിപണികളില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. നല്ല വിലയും ലഭിക്കും. ലിറ്ററിന് രണ്ടായിരം രൂപയ്ക്കു മുകളിലാണ് വില.

മരോട്ടിക്കായ ശേഖരണം വനത്തില്‍ വസിക്കുന്ന ആദിവാസികളുടെ ഒരു വരുമാന മാര്‍ഗമാണ്. വനശ്രീ വഴിയാണ് ഇതു വില്പന നടത്തുന്നത്. മരോട്ടിപരിപ്പ് ശേഖരിച്ച് എണ്ണയാക്കി വിദേശത്തേക്കു കയറ്റി അയയ്ക്കാന്‍ കഴിഞ്ഞാല്‍ അതു കര്‍ഷകര്‍ക്കു നല്ലൊരു വരുമാനമാര്‍ഗമായി മാറും. ഫോണ്‍: 9495355436

പോള്‍സണ്‍ താം