ഉറവിന് ഉള്‍ക്കരുത്ത് മുള
ഉറവിന് ഉള്‍ക്കരുത്ത് മുള
Thursday, September 1, 2022 4:58 PM IST
സുസ്ഥിരവും വൈവിധ്യപൂര്‍ണവുമായ പ്രകൃതി വിഭവങ്ങളില്‍ ഒന്നാണ് മുള. 'ഹരിത സ്വര്‍ണം', 'പാവപ്പെട്ടവന്റെ തടി' എന്നൊക്കെ അറിയപ്പെടുന്ന മുള ആയിരത്തി അഞ്ഞൂറിലധികം ഇനങ്ങളുണ്ട്. കുറ്റിച്ചെടികളും വള്ളികളും വന്‍ മരങ്ങളുമൊക്കെ ഇക്കൂട്ടത്തില്‍പ്പെടും. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇതു കാണാം. വാര്‍ഷിക മഴ, സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം, മണ്ണിന്റെ ഘടന, താപനില എന്നിവ അടിസ്ഥാനമാക്കിയുള്ള ഭിന്ന ഇനങ്ങളാണു വിവിധ പ്രദേശങ്ങളിലുള്ളത്.

മുളയും പരിസ്ഥിതിയും

അന്തരീക്ഷത്തിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുള പ്രധാന പങ്ക് വഹിക്കുന്നു. മറ്റു മരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുള കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുകയും 35% കൂടുതല്‍ ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഒരു ഹെക്ടര്‍ മുളക്കൂട്ടം പ്രതിവര്‍ഷം ശരാശരി 17 ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നുണ്ടെന്നാണു കണക്ക്.

ചുറ്റുപാടുകളെ തണുപ്പിക്കുന്ന മുളയുടെ പ്രക്രിയ ഗട്ടേഷന്‍ എന്നാണ് അറിയപ്പെടുന്നത്. പുലര്‍ച്ചെ ഇലകളില്‍ നിന്ന് ഒഴുകി വീഴുന്ന വെള്ളത്തുള്ളികളുടെ ബാഷ്പീകരണം ചുറ്റുവട്ടത്തെ താപനില കുറയ്ക്കുകയും ഈര്‍പ്പം വര്‍ധിപ്പിക്കുകയും ചെയ്യുന്നു വെന്നതാണ് ഗട്ടേഷന്‍ വഴി സംഭവിക്കുന്നത്.

ഒപ്പം പ്രകാശ തീവ്രത കുറച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു സംരക്ഷണം നല്‍കുന്ന മുള, മണ്ണൊ ലിപ്പ് തടയുകയും നദീതീരങ്ങളില്‍ മണ്ണ് ബന്ധിപ്പിക്കുകയും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കുകയും ചെയ്യുന്നു. നിഴല്‍ നല്‍കുകയും വിന്‍ഡ് ബ്രേക്ക്, അക്കോസ്റ്റിക്കല്‍ ബാരിയര്‍ എന്നിവ യായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ലാന്‍ഡ്‌സ്‌കേപ്പിന് ഏറ്റവും അനുയോജ്യമാണു മുള.

മുളയുടെ പാരിസ്ഥിതിക, വ്യാവസാ യിക പ്രാധാന്യങ്ങള്‍ കണക്കിലെ ടുത്തും, മുള അടിസ്ഥാനമാക്കിയുള്ള ഉത്പാദന യൂണിറ്റുകള്‍ക്ക് അസംസ് കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാ ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും ആരംഭിച്ച ഉറവ് നഴ്‌സറി കെട്ടിട നിര്‍മ്മാണം, കരകൗശല വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിം ഗ്, ജൈവവേലി, പാഴ്‌നിലങ്ങളുടെ പുനരുത്തേജനം എന്നിവക്കെല്ലാം ഉതകുന്ന അമ്പതിലേറെ വൈവിധ്യ മാര്‍ന്ന മുളത്തൈകള്‍ നഴ്‌സറിയി ലുണ്ട്.

കേരളത്തിന്റെ തനതു മുളയിന ങ്ങളായ മുള്ളു മുള, ഈറ്റ, എരങ്കോല്‍ എന്നിവക്കു പുറമെ കെട്ടിടനിര്‍മ്മാ ണത്തിന് ഉപയോഗിക്കുന്ന കൊളമ്പി യന്‍ മുളയിനമായ ഗഡുവ അംഗുസ്റ്റി ഫോളിയ, മുളകളിലെ രാജാവ് എന്നറിയപ്പെടുന്ന ആനമുള, അസം മുള, ബിലാത്തി മുള, ലാത്തി മുള, വള്ളി മുള, അലങ്കാര മുളകളായ ഗോള്‍ഡന്‍ ബാംബൂ, ബ്ലാക്ക് ബാംബൂ, വൈറ്റ് ലീഫ് ബാംബൂ എന്നിങ്ങനെ പോകുന്നു നഴ്‌സറിയിലെ മുളയിന ങ്ങള്‍.

തൈകള്‍ വിതരണം ചെയ്യുന്നതിനു പുറമെ, കരാര്‍ അടിസ്ഥാന ത്തില്‍ പ്ലാന്റേഷന്‍, പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളും ഉറവ് ഏറ്റെടുത്തു നടത്തി വരുന്നുണ്ട്. കര്‍ഷകരില്‍നിന്ന് മൂപ്പെത്തിയ മുള വില കൊടുത്തു വാങ്ങുന്നതിനും ഉറവിന് പദ്ധതിയുണ്ട്.


മുള കൃഷി

ചെലവ് കുറഞ്ഞതും കുറച്ചു പരിചരണം മാത്രം മതിയാവുന്നതും രാസവളങ്ങളും കീടനാശിനികളും തീര്‍ത്തും ആവശ്യമില്ലാത്തതുമാണു മുള. വ്യാവസായിക പ്രാധാന്യമുള്ള ആസാം മുള, ബിലാത്തി, ഗഡുവ മുള തുടങ്ങിയവ ഒരേക്കറില്‍ വാണിജ്യാ ടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനും അഞ്ച് വര്‍ഷംവരെ പരിപാലിക്കുന്ന തിനും അമ്പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെ (ജല സേച നവും ഫെന്‍സിംഗും ഉള്‍പ്പെടാതെ) സഹായം നല്‍കുന്നുണ്ട്.

ഉയി മുള (സ്റ്റോക്‌സി), ബംഗാള്‍ മുള, ആനമുള, ആസ്പര്‍ എന്നിവയും വ്യാവസായിക പ്രാധാന്യമുള്ള ഇനങ്ങളാണ്. ഈ ഇനങ്ങള്‍ കൃഷി ചെയ്താല്‍ അഞ്ചാം വര്‍ഷം മുതല്‍ വരുമാനം ലഭിച്ചുതുടങ്ങും. എട്ടാം വര്‍ഷത്തില്‍ ഒരേക്കറില്‍ നിന്ന് പ്രതിവര്‍ഷം ഒരുലക്ഷത്തി ലധികം രൂപ വരുമാനം ലഭിക്കും. 25 മുതല്‍ 30 വര്‍ഷം വരെയാണു മുളയുടെ ശരാശരി ആയുസ്.


മുളയിനങ്ങളും ഉപയോഗങ്ങളും

* അലങ്കാര മുളയിനങ്ങള്‍:

ഗോള്‍ഡന്‍ ബാംബൂ, ബ്ലാക്ക് ബാംബൂ, മഞ്ഞ മുള, മൊണാസ്റ്ററി ബാംബൂ, ബുദ്ധമുള, വൈറ്റ് ഡ്രാഗണ്‍, ബ്ലൂ പൈന്‍ ബാംബൂ തുടങ്ങിയവ.

* ബയോ ഫെന്‍സിംഗ്

ബാംബുസ വേരിഗേറ്റ (വൈറ്റ് ലീഫ് ബാംബൂ), പെന്‍സില്‍ ബാംബൂ, ടുള്‍ട ബംബു (ഷോര്‍ട്ട്), പെന്നോട മുതലായവ.

* കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ളവ

(തോട്ടിക്കും ഏണിക്കും വാഴക്കുത്തിനും)

ഇല്ലിമുള, കല്ലന്‍ മുള, എരങ്കോല്‍, തോട്ടിമുള, ബാംബുസ ന്യുട്ടണ്‍സ് മുതലായവ.

* വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നവ

(കെട്ടിട നിര്‍മാണം, ഫര്‍ണിച്ചറുകള്‍, ബാംബൂ ടൈല്‍സ്)

ആസാം മുള, ബിലാത്തി മുള, ഗഡുവ മുള, ആസ്പര്‍, ഉയി മുള (സ്റ്റോക്‌സി) തുടങ്ങിവ.

* കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന്

ഈറ്റ, മലയോട, ആനമുള, പെന്നോട, ഗഡുവ മുള, ഇല്ലി മുള മുതലായവ.

* മണ്ണൊലിപ്പ് തടയാനും തീര സംരക്ഷണത്തിനും

മൂളി ബാംബൂ (മെലോക്കന്ന ബാസിഫറ), ചൈനീസ് മുള, ഗഡുവ മുള, ഈറ്റ, ബിലാത്തി മുള, മഞ്ഞ മുള, പച്ച മുള തുടങ്ങിയവ.

* ഭക്ഷണത്തിന്

ഇല്ലിമുള, ആസ്പര്‍, ബിലാത്തി മുള, കല്ലന്‍മുള തുടങ്ങിയവയുടെ കൂമ്പുകള്‍.


ഡോ. എ.കെ.അബ്ദുള്ളകുട്ടി
ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക വിദ്യാ പഠന കേന്ദ്രം