പൊട്ടുവെള്ളരി: ഭാഗ്യതാരകം
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര്‍ ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല്‍ പൊട്ടിപോകുന്ന സ്വഭാവമുള്ളകൊണ്ടാണ് പൊട്ടുവെള്ളരി എന്ന പേര് വന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ തീരദേശങ്ങളില്‍ വേനല്‍ക്കാലത്ത് പൊട്ടുവെള്ളരി വില്പന നടത്തുന്ന അനേകം സ്റ്റാളുകള്‍ കാണാം. കഴിക്കുന്നവരുടെ മനവും ശരീരവും ഒരുപോലെ കുളിര്‍ പ്പിക്കുന്ന പൊട്ടുവെള്ളരി കര്‍ഷകരുടെ ഭാഗ്യതാരകവും കൂടിയാണ്.

കഴിഞ്ഞ 22 വര്‍ഷങ്ങളായി വിജയരമായ രീതിയില്‍ പൊട്ടുവെള്ളരി കൃഷി നടത്തുന്ന കര്‍ഷകനാണ് തൃശൂര്‍ ജില്ലയിലെ മാള-പുത്തന്‍ചിറയിലെ സജീവ് തിരുകുളം. മുംബൈയില്‍ ജോലിനോക്കിയിരുന്ന സജീവ് 2000 ത്തോടെ തിരിച്ചെത്തുകയും കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്തപ്പോള്‍ പ്രധാന കൃഷി പൊട്ടുവെള്ളരിയായിരുന്നു. വാഴ, നെല്ല്, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ടെങ്കിലും വരുമാനത്തിന്റെ 60 ശതമാനവും പൊട്ടുവെള്ളരിയില്‍ നിന്നാണ്.

സ്വന്തമായുള്ള രണ്ട് ഏക്കര്‍ കുടുംബസ്വത്തായിട്ടുള്ള 5 ഏക്കര്‍ എന്നിങ്ങനെ 7 ഏക്കര്‍ സ്ഥലത്താണ് പൊട്ടുവെള്ളരികൃഷി. ഡിസംബര്‍ പകുതിയോടെ കൃഷി ആരംഭിക്കും. ആദ്യം ഒരേക്കറില്‍ കൃഷിയിറക്കും. പിന്നെ 15 ദിവസം വ്യത്യാസത്തില്‍ ബാക്കിയുള്ള സ്ഥലത്ത് ഓരേക്കര്‍ വീതം കൃഷിയാരംഭിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇടതടവില്ലാതെ 4 മാസത്തോളം വിളവെടുക്കാം. നല്ല സൂര്യപ്രകാശമുള്ളസ്ഥലത്ത് പൊട്ടുവെള്ളരി നന്നായി വളരും.

മണല്‍ കലര്‍ന്ന ഏക്കര്‍ മണ്ണാണെങ്കില്‍ 100 ശതമാനം അനുയോജ്യം. പരമ്പരാഗതമായി കൈമാറിവരുന്ന നാടന്‍ വിത്താണ് നടീലിന് ഉപയോഗിക്കുന്നത്. ധാരാളം ശിഖരങ്ങള്‍ ഉള്ളതും ഇലകള്‍ വിതിയുള്ളതും മികച്ച കായ്ഫലമുള്ളതുമായ ചെടികളില്‍ നിന്നാണ് വിത്തെടുക്കുന്നത്. ഒരേക്കര്‍ നടാന്‍ 200 ഗ്രാം വിത്ത് വേണം. ഒരേക്കറില്‍ 9200 മുതല്‍ 10000 തൈകള്‍ നടുന്നതാണ് അഭികാമ്യം. ആവശ്യത്തിന് നീളവും 3 അടി വീതിയും ഒരടി ഉയരവുമുള്ള വാരമെടുത്താണ് കൃഷി.

ഒരേക്കറിന് 3000 കിലോ / കോഴിവളം, ചാണകപ്പൊടി എന്നിവ നിറച്ച് വാരം മൂടുന്നു. 25 സെന്റിമീറ്റര്‍ അകലത്തിലാണ് വിത്തിടുന്നത്. വാരങ്ങള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം നല്‍കുന്നത് ചെടിയുടെ വളര്‍ച്ചക്ക് നല്ലതാണ്. വാരത്തിന് നടുവിലൂടെ ഡ്രിപ്പ് ലൈന്‍ നല്‍കുന്നു. ഡ്രിപ്പ് ലൈനിന്റെ ഇരുവശത്തുമായി ഒരടി അകലത്തില്‍ വിത്തിട്ടാണ് കൃഷിയിറക്കുന്നത്.

ജൈവവളം ഇടുന്നതിനുമുമ്പ് ഏക്കറിന് 400 കിലോഗ്രാം കുമ്മായം ചേര്‍ക്കും. വിത്ത് നട്ടാല്‍ 3-4 ദിവസത്തിനുള്ളില്‍ മുളച്ചുവരും. ഏതെങ്കിലും വിത്തുകള്‍ മുളക്കാതെ വന്നാല്‍ അവിടെ തൈകള്‍ നട്ടുകൊടുക്കും. അതിനായി പ്രോട്രേയില്‍ വിത്തുകള്‍ മുളപ്പിച്ചെടുക്കും. 2013 ല്‍ ആരംഭിച്ച ഓപ്പണ്‍ പ്രിസിഷന്‍ യൂണിറ്റ് തന്നെയാണ്ഇപ്പോഴും ഉപയോഗിച്ചുവരുന്നത്.

ജൈവവളത്തിന് പുറമെ 19:19:19 സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഫെര്‍ട്ടിഗേഷന്‍ രീതിയില്‍ നട്ട് 16, 22, 36, 45 ദിവസങ്ങളില്‍ നല്കും. ഇത്തവണ നാനോയൂറിയ മൂന്നു മില്ലി ഒരു ലിറ്റര്‍ എന്നതോതിലെടുത്ത് തളിച്ചുകൊടുത്തതിനു നല്ല ഫലം ലഭിച്ചുമെന്ന് സജീവ് പറഞ്ഞു. 22 ദിവസമാകുമ്പോഴേയ്ക്കും ആണ്‍പൂക്കളും, 28 ദിവസത്തോടെ പെണ്‍പൂക്കളും വിരിഞ്ഞുകഴിയും. 40-42 ദിവസത്തിനുള്ളില്‍ ആദ്യഫലം വിളവെടുക്കാനാകും. 70 ദിവസം വരെ വിളവെടുപ്പ് തുടരും.

ഏക്കറില്‍ 10-12 ടണ്‍ കായ്കള്‍ സാധാരണയായി ലഭിക്കും. ഏക്കറിന് 50000 രൂപ ചെലവ് വരും. മൊത്ത വിപണിയില്‍ കിലോക്ക് 20-25 രൂപ ലഭിക്കും. ചില്ലറ വില്പനയില്‍ 50-55 രൂപയാകും. കിലോയ്ക്ക് 20 രൂപവച്ച് കര്‍ഷകന് ലഭിച്ചാലും രണ്ടു ലക്ഷത്തിലധികം രൂപ ഏക്കറില്‍ നിന്നു ലഭിക്കും. ചെലവ് കഴിച്ച് ഒന്നര ലക്ഷത്തോളം ലാഭം. വിപണി നോക്കി കൃഷിയിറക്കണമെന്നുമാത്രം. ഒരു മാസം ചരക്ക് മൊത്തമായി വിപണിയില്‍ എത്തിച്ചാല്‍ വില താഴെപ്പോകും. അതിനാണ് സജീവിന്റെ പോല്‍ വിള ആസൂത്രണം ചെയ്യേണ്ടത്.

കായീച്ചയാണു പ്രധാനവില്ലന്‍. ചെടി നടുമ്പോള്‍ തന്നെ കായീച്ചക്കെണി ഏക്കറിന് എട്ടു എണ്ണം വീതം വയ്ക്കുന്നതാണ് സജീവിന്റെ രീതി. തണ്ടുതുരപ്പന്റെ ആക്രമണവും, മത്തന്‍വണ്ടും ഇടയ്ക്കിടെ ശല്യം ചെയ്യും. അതിന് നിംബിസിഡിന്‍ ഉപയോഗിക്കും. ഇലകരിച്ചില്‍ മറ്റൊരു പ്രധാന രോഗമാണ്. വേനല്‍മഴ ശക്തമായാല്‍ അല്ലെങ്കില്‍ മൂട്ടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ കുമിള്‍ രോഗം ഉറപ്പാണ്. അതിനെതിരെ സ്യൂഡോമോണസ് ഉപയോഗമുണ്ട്. ആവശ്യമെങ്കില്‍ സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗവും നടത്താറുണ്ട്. കള ഒഴിവാക്കലും, കൃത്യമായ നനയും പൊട്ടുവെള്ളരിയുടെ കൃത്യമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

വിളവെടുത്ത പൊട്ടുവെള്ളരി എത്രയും പെട്ടെന്ന് വില്പന കേന്ദ്രങ്ങളില്‍ എത്തിക്കണം. നിലവില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ പടിഞ്ഞാറന്‍ മേഖലയില്‍ പൊട്ടുവെള്ളരിയുടെ വിപണനം ഒരു പ്രശ്‌നമല്ല. പക്ഷെ മേഖലകള്‍ മാറുമ്പോള്‍ വിപണി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മേഖലകളില്‍ വര്‍ഷത്തില്‍ 100 കോടിയിലധികം രൂപയുടെ പൊട്ടുവെള്ളരി വിപണനം നടക്കുന്നുണ്ട്. ഫോണ്‍: 9387662863

ജോസഫ് ജോണ്‍ തേറാട്ടില്‍