പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളിലൊതുക്കി കഴിയുകയാണ്. ചിലര്‍ക്ക് സ്ഥലമില്ല. മറ്റു ചിലര്‍ക്കു ഫ്‌ളാറ്റ് ജീവിതം. വേറെ ചിലര്‍ക്കു സമയക്കുറവ്... അങ്ങനെ പരിമിതികള്‍ പലതാണ്. അങ്ങനെയുള്ളവര്‍ക്ക് ജോയല്‍ മാത്യുവിന്റെ ജീസസ് ഫിഷ് ഫാം നിശ്ചയമായും പരിഹാരമുണ്ടാക്കിത്തരും. തൊടുപുഴ- മുവാറ്റുപുഴ ഹൈവേയില്‍ കദളിക്കാടാണു ജീസസ് ഫിഷ് ഫാം.

ഫാമിന്റെ മുറ്റത്തെ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള മെറ്റില്‍ നിറച്ച ട്രേകളില്‍ നിറഞ്ഞു കായിച്ചു കിടക്കുന്ന വെണ്ടയും ചീരയും പാവലും വഴുതനയും മുളകും. അദ്ഭുതപ്പെട്ടുപോകും. ട്രേയില്‍ ഒരു തരി മണ്ണുപോലുമില്ല. ചെറിയ പൈപ്പുകളിലൂടെ ട്രേകളിലേക്കു സദാ ഒഴുകുന്ന വെള്ളം. പച്ചക്കറികളെ നനച്ച് അതു വന്നു വീഴുന്നതു താഴെ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍. അതില്‍ തത്തിക്കളിക്കുന്ന ഗിഫ്റ്റ് തിലാപ്പിയ മത്സ്യങ്ങള്‍.

അക്വാ ഫോണിക് സിസ്റ്റമാണത്. മീന്‍ വളരുന്ന ടാങ്കിലെ വെള്ളം ഫില്‍റ്റര്‍ വഴി ശുദ്ധീകരിച്ച് ചെടികള്‍ക്ക് അവശ്യമായ വളവും അവശ്യ മൂലകങ്ങളും നല്‍കി വീണ്ടും മത്സ്യടാങ്കിലെത്തിക്കുന്ന സാങ്കേതിക സംവിധാനം. സബ്‌മേഴ്‌സിബിള്‍ മോട്ടോര്‍ ഉപയോഗിച്ചു മീന്‍ വളരുന്ന ടാങ്കിലെ വെള്ളം പമ്പ് ചെയ്ത് അല്പം ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫില്‍റ്റര്‍ ടാങ്കില്‍ എത്തിക്കുകയാണ് ആദ്യപടി.

അതിലുള്ള ബോയോ സ്‌പോഞ്ചിലൂടെ കടന്നു പോകുന്ന വെള്ളത്തിലെ വലിയ മാലിന്യങ്ങള്‍ ടാങ്കിന് അടിയില്‍ അടിഞ്ഞു കൂടും. ശുദ്ധീകരിച്ച വെള്ളം ചെറു കുഴലുകളിലൂടെ പച്ചക്കറികളോ ചെടികളോ നട്ടു പിടിപ്പിച്ചിട്ടുള്ള ട്രേകളിലെത്തും. വെള്ളത്തിലെ അമോണിയം, നൈട്രേറ്റ് തുടങ്ങിയ മൂലകങ്ങള്‍ ചെടികള്‍ ആഗീരണം ചെയ്യും.

അതുവഴി കൂടുതല്‍ ശുദ്ധമായ വെള്ളം സൈഫണ്‍ വഴി തിരിച്ച് മത്സ്യടാങ്കിലെത്തും. അതില്‍ മീനുകള്‍ നന്നായി വളരുകയും ചെയ്യും. ഇങ്ങനെ വെള്ളം തെല്ലും നഷ്ടപ്പെടുത്താതെ പുനരുപയോഗിക്കുന്ന പ്രക്രിയയാണ് അക്വാ ഫോണിക് സിസ്റ്റത്തില്‍ നടക്കുന്നത്.

സാധാരണ നിലയില്‍ മത്സ്യങ്ങള്‍ക്കായി 2000 ലിറ്ററിന്റെ ട്രിപ്പിള്‍ ലെയര്‍ ടാങ്കാണ് ഉപയോഗിക്കുന്നത്. അതില്‍ 100 ഗിഫ്റ്റ് തിലാപ്പിയ മത്സ്യങ്ങളെ വളര്‍ത്താം. നലാം മാസത്തില്‍ മീനിന് 200-250 ഗ്രാം തൂക്കം വയ്ക്കും. അപ്പോള്‍ മുതല്‍ പിടിച്ചു തുടങ്ങാം. ഇതിനൊപ്പം ട്രേകളില്‍ വളരുന്ന പച്ചക്കറികളും പറിച്ചെടുക്കാം. വീട്ടില്‍ അപ്രതീക്ഷിതമായെത്തുന്ന സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ അപ്പോള്‍ പിടിച്ച മീനും അപ്പോള്‍ പറിച്ചെടുത്ത പച്ചക്കറികളും കൂട്ടി ഭക്ഷണം നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വളരെ കുറച്ച് സ്ഥലം മതി. വീട്ടു മുറ്റത്തോ, അടുക്കള മുറ്റത്തോ, ടെറസിലോ, ഫ്‌ളാറ്റുകളുടെ ബാല്‍ക്കണിയിലോ സ്ഥാപിക്കാം.

2000 ലിറ്ററിന്റെ ടാങ്ക്, രണ്ട് പച്ചക്കറി ട്രേകള്‍, സൈഫണ്‍, ഫില്‍റ്ററേറ്റര്‍, സബ്‌മേഴ്‌സിബിള്‍ മോട്ടോര്‍, ഏയിറേറ്റര്‍, 100 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങള്‍, മത്സ്യത്തീറ്റ, നെറ്റ് എന്നിവയുടള്‍പ്പെടെ സജ്ജീകരിക്കുന്നതിന് 19,500 രൂപയാണ് ജോയല്‍ മാത്യു ഈടാക്കുന്നത്.

ഗിഫ്റ്റ് തിലാപ്പിയ, ചിത്രലാഡ, റെഡ് തിലാപ്പിയ, എംഎസ്ടി കുഞ്ഞുങ്ങളെ വില്‍ക്കുന്ന അംഗീകൃത സ്ഥാപനം കൂടിയാണ് ജീസസ് ഫിഷ് ഫാം. കുഞ്ഞുങ്ങളുടെ വലുപ്പമനുസരിച്ച് ഒന്നിന് രണ്ടര രൂപ മുതലാണു വില.

സംസ്ഥാനത്ത് ഗിഫ്റ്റ് മത്സ്യ ഇനങ്ങള്‍ വില്‍ക്കാന്‍ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണെങ്കിലും നിരവധിപ്പേര്‍ അതില്ലാതെയും വില്പന നടത്തുന്നുണ്ടെന്ന് ജോയല്‍ ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയില്‍ ജീസസ് ഫിഷ് ഫാം ഉള്‍പ്പെടെ രണ്ടു സ്ഥാപനങ്ങള്‍ക്കു മാത്രമാണ് രജിസ്‌ട്രേഷനും ലൈസന്‍മുള്ളത്. വല്ലാര്‍പാടം ആര്‍ജിസിഎയില്‍ നിന്നാണ് ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്.

മത്സ്യവളര്‍ത്തലിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബോ യോ ഫ്‌ളോക്ക് ടാങ്കുകളും ജോയല്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. നാലുമീറ്റര്‍ വൃത്താകൃതിയിലുള്ള ടാങ്കിന് 50,000 രൂപയോളം ചെലവ് വരും. വേണ്ടിവന്നാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്യാവുന്ന വിധത്തിലാണ് നിര്‍മാണം. ഇതില്‍ 750 തിലാപ്പിയ മീനുകളെ വളര്‍ത്താം. മീന്‍ വളര്‍ത്തിലിന് ആവശ്യമായ തീറ്റ, എയറേറ്റര്‍, പമ്പ്, വലകള്‍, തുടങ്ങി മുഴുവന്‍ സാമഗ്രികളും ജീസസ് ഫിഷ് ഫാമില്‍ ലഭിക്കും.

അക്വാകള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് കൂടിയായ ജോയല്‍, പുതുസംരംഭകര്‍ക്കായി എല്ലാ രണ്ടാം ശനിയാഴ്ചയും ജീസസ് ഫാമില്‍ പ്രത്യേക പരിശീലന ക്ലാസും ക്രമീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യണമെന്നു മാത്രം. ക്ലാസിനോട് അനുബന്ധിച്ച് മത്സ്യവിഭവങ്ങള്‍ കൂട്ടി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഫാമിലെത്തുന്നവര്‍ക്ക് ആവശ്യ മനുസരിച്ച് മീന്‍പിടിച്ച് വൃത്തിയാക്കി നല്‍കുകയും ചെയ്യും. ബൈ ബാക്ക് രീതിയനുസരിച്ച് ഫാമില്‍ നിന്നു കുഞ്ഞുങ്ങളെ വാങ്ങുന്ന സംരംഭകരില്‍ നിന്നു വളര്‍ച്ചയെത്തിയ മീനുകളെ ജോയല്‍ തിരിച്ചു വാങ്ങും. ഇങ്ങനെ ഇരുപതോളം കര്‍ഷകര്‍ ജീസസ് ഫാമില്‍ പതിവായി മത്സ്യം നല്‍കുന്നുണ്ട്.

ഏറെക്കാലം വിദേശത്തായിരുന്ന ജോയല്‍ അലങ്കാര മത്സ്യ വളര്‍ത്തലൂടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. അലങ്കാര മത്സ്യങ്ങളുടെ വിപണ രംഗത്തെ കടുത്ത അനീതി ഉള്‍ക്കൊള്ളാനാവാതെ 2014-ല്‍ ഫിഷ് ഫാമിലേക്കു മാറുകയായിരുന്നു. തൊടുപുഴ, വഴിത്തല, പാറക്കടവ്, കോലടിയിലെവീട്ടിയാങ്കല്‍ വീടിനോട് അനുബന്ധിച്ചാണ് ആദ്യം ഫിഷ് ഫാം തുടങ്ങിയത്. ഇതിനുവേണ്ടി പല വലുപ്പത്തിലുള്ള നിരവധി ടാങ്കുകള്‍ വീടിനോട് അനുബന്ധിച്ചു നിര്‍മിച്ചു.

കഴിഞ്ഞ വര്‍ഷം ജീസസ് ഫാം തുടങ്ങിയതോടെ വീടിനോട് അനുബന്ധിച്ചുള്ള ജോയല്‍ ഫാമിന്റെ ചുമതല ഭാര്യ റൂബിക്കു നല്‍കി. ഇവിടെ പ്രധാനമായും ജയിന്റ് ഗൗര ഇനങ്ങളാണ് വളര്‍ത്തി വില്‍ക്കുന്നത്. ഗൗര ആല്‍ബിനോ-റെഡ് ഐ, പിങ്ക്, ബ്ലാക്ക് കുഞ്ഞുങ്ങളേയും വില്‍ക്കുന്നുണ്ട്.

റെഡ് തിലാപ്പിയായുടെ ബ്രീഡിംഗിനുള്ള ക്രമീകരണവും ഇവിടെ ഏര്‍പ്പെടുത്തിവരുന്നു. മക്കള്‍: സ്‌നേഹ, സാന്ദ്ര, സെബിന്‍.
ഫോണ്‍: 9496513559, 9961108999.
ചിത്രങ്ങള്‍: അഖില്‍ പുരുഷോത്തമന്‍

ജെപി