വൈവിധ്യമാർന്നതാണ് സിന്ധുവിന്‍റെ കൃഷിലോകം
വൈവിധ്യമാർന്നതാണ് സിന്ധുവിന്‍റെ കൃഷിലോകം
ലോക്ക് ഡൗണിനേയും പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച് തന്‍റെ സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ് ഇടുക്കി-നായര്പാറയിലെ സിന്ധു ചാക്കോ.

കുറഞ്ഞസ്ഥലത്ത് പരിമിതമായ മൂലധനമുപയോഗിച്ച് കൃഷിസ്നേഹികളെ ഒപ്പംകൂട്ടിയാണ് ഇവർ വിജയഗാഥ രചിക്കുന്നത്.

എത്ര ചെറിയ സംരംഭമായാലും അർപ്പണമനോഭാവമുണ്ടെങ്കിൽ മുന്നോട്ടുപോകുമെന്നു കൂടി തെളിയിക്കുകയാണ് ഇടുക്കി ഡാമിനു തൊട്ടടുത്ത് താമസിക്കുന്ന ഈ വീട്ടമ്മ. കേരളത്തിലെ ചെറുകിട സംരംഭകർക്ക് ഒരു മാതൃകയാണിവർ.

തന്‍റെ 25 സെന്‍റിൽ കാട, കോഴി, താറാവ്, മുയൽ, ആട്, മത്സ്യം എന്നിവയെയെല്ലാം വളർത്തുന്നു. ഇവയുടെ കാഷ്ഠവും മറ്റു മാലിന്യങ്ങളും കന്പോസ്റ്റാക്കി പച്ചക്കറികൃഷിക്കുപയോഗിക്കുന്നു. വൈവിധ്യമാർന്നതാണ് സിന്ധുവിന്‍റെ കൃഷിലോകം. 25 സെന്‍റിൽ കൃഷി ക്രമീകരിച്ചിരിക്കുന്നതെന്നതാണു പ്രധാന പ്രത്യേകത.

കാടയുണ്ടെങ്കിൽ കാശ് റെഡി

വീടുനില്ക്കുന്ന സ്ഥലത്തോടു ചേർന്നാണ് സിന്ധു കാടകളെ വളർത്തുന്നത്. കുറച്ചു സ്ഥലം മതിയെന്നതാണു കാടകൃഷിയുടെ മേന്മ. ഒരു മുട്ടക്കോഴിയെ വളർത്തുന്ന സ്ഥലമുണ്ടെങ്കിൽ പത്തിലധികം കാടകളെ വളർത്തിയെടുക്കാം.

4000 കാടകളെയാണ് സിന്ധു വളർത്തുന്നത്. മികച്ച കാട കുഞ്ഞുങ്ങളെ വാങ്ങിയാണു കൃഷി ആരംഭിക്കുന്നത്. കാടകളിൽ 10 ശതമാനം മരണനിരക്കുണ്ടെന്നു സിന്ധു പറയുന്നു. ദിവസേന 3000 കാടമുട്ടകൾ ലഭിക്കുന്നുണ്ട്. ഒരു മുട്ടയ്ക്ക് രണ്ടുരൂപ നിരക്കിലാണ് വില്പന.

ആദ്യകാലങ്ങളിൽ വിപണി ഉറപ്പിക്കാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഈ കർഷക പറയുന്നു. എന്നാൽ ഇപ്പോൾ വീട്ടിൽ നിന്നുതന്നെ മുഴുവൻ കാടമുട്ടയും വിറ്റുപോകുന്നു. അതിനാൽ ലോക്ഡൗണിനും സിന്ധുവിനെ പരാജയപ്പെടുത്താനായില്ല.

തീറ്റച്ചെലവും വൃത്തിയാക്കലും പരിപാലനവും എല്ലാം കഴിഞ്ഞാലും ഒരു ദിവസം ഇതിൽ തിന്നുതന്നെ 2000-2500 രൂപ ലാഭമുണ്ടാകും. രണ്ടുമാസം പ്രായവ്യത്യാസമുള്ള രണ്ടുനിര കാടകളെയാണ് ഇവിടെ വളർത്തുന്നത്. 12 മാസമെത്തുന്നതോടെ മുട്ടയുത്പാദനം കുറഞ്ഞാൽ ഇറച്ചിക്കായി കാടകളെ വിൽക്കുന്നു. അതിനായി വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ട്. വിൽക്കുന്ന കാടകളുടെ കുറവു പരിഹരിക്കുന്നതിനാണ് രണ്ടു ബാച്ച് കാടകളെ വേറെ വളർത്തുന്നത്.

വർഷം മുഴുവൻ മുടങ്ങാതെ കാടമുട്ട ലഭ്യമാക്കുന്നെന്നതാണ് ഈ സംരംഭത്തിന്‍റെ വിജയരഹസ്യം. കാടയിറച്ചി വില്പനയും നല്ല വരുമാനം കൊണ്ടുവരുന്നു. കാടയിറച്ചിയുടെയും മുട്ടയുടെയും ഗുണം തിരിച്ചറിഞ്ഞ് ആവശ്യക്കാരുടെ എണ്ണവും വർധിക്കുന്നു. കാടകൃഷിയിലെ മാലിന്യം കന്പോസ്റ്റാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നു. കുറഞ്ഞ സ്ഥലമേയുള്ളൂവെങ്കിലും ഒട്ടും ദുർഗന്ധമോ മറ്റു മാലിന്യപ്രശ്നങ്ങളോ ഇവിടില്ല. ഇതിനായി ഇ.എം. കന്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

മത്സ്യകൃഷിക്കായി ബയോഫ്ളോക്കുകൾ


കാടയെപോലെതന്നെ നല്ല വരുമാനം തരുന്ന മേഖലയാണു മത്സ്യകൃഷിയും. സ്ഥലപരിമിതിയുള്ളതിനാൽ ആറു ബയോഫ്ളോക്കുകളിലായാണ് മത്സ്യകൃഷി പുരോഗമിക്കുന്നത്.


രോഹു, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെ ഇതിൽ വളർത്തുന്നു. ഒരു ബയോഫ്ളോക്കിൽ നിന്ന് 450 കിലോ മത്സ്യമാണു ലഭിക്കുന്നത്. കിലോഗ്രാമിന് 200 രൂപയ്ക്കാണു വില്പന. ബയോഫ്ളോക്ക് ടാങ്കിൽ നിന്ന് ഇഷ്ടമുള്ള മീൻ പിടിച്ചുകൊടുക്കുന്നതുകൊണ്ട് ഉപഭോക്താക്കളും ഹാപ്പി.

ഒരു ബയോഫ്ളോക്കിന് ഏകദേശം 75,000 രൂപ ചെലവുവരും. 50 ശതമാനത്തോളം സബ്സിഡി പ്രതീക്ഷിക്കുന്നു. ഇനി സബ്സിഡിയില്ലെങ്കിൽ പോലും ആദ്യവിളവെടുപ്പു കഴിയുന്നതോടെ ഉത്പാദനചെലവ് മുഴുവനായും തിരിച്ചുകിട്ടുമെന്നതാണ് ഇവരുടെ അനുഭവം.

മുയലിലൂടെ മുന്നോട്ട്...

മുയലിറച്ചി വില്പന ലക്ഷ്യമിട്ട്, രണ്ടു വർഷം മുന്പാണ് സോവിയറ്റ് ചിഞ്ചില എന്നയിനം മുയൽ വളർത്തൽ ആരംഭിച്ചത്. എന്നാൽ മുയലിന്‍റെ കുഞ്ഞുങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ 45 ദിവസം പ്രായമുള്ള മുയൽ ജോടികളുടെ വില്പന തുടങ്ങി. 650 രൂപയാണ് ഒരു ജോടിയുടെ വില. സോവിയറ്റ് ചിഞ്ചിലയ്ക്കു പുറമെ, ഗ്രേ ജയന്‍റ്, വൈറ്റ് ജയന്‍റ് എന്നിവയും സിന്ധുവിന്‍റെ ശേഖരത്തിലുണ്ട്. ഒരുപാട് സമയമൊന്നും ചെലവാക്കാതെ തന്നെ മികച്ച വരുമാനം നൽകുന്ന മുയലും സിന്ധുവിനു കൂട്ടാവുകയാണ്.

മുട്ടക്കോഴി വളർത്തൽ

ബി.വി- 380 എന്നയിനം കോഴികൾ നൂറെണ്ണമാണ് സിന്ധുവിനുള്ളത്. അഞ്ചര മാസമാകുന്പോഴേക്കും ഇവ മുട്ടയിട്ടു തുടങ്ങും. കൂട്ടിലിട്ടാണ് കോഴികളെ വളർത്തുന്നത്. നാടൻ മുട്ടയ്ക്ക് ധാരാളം ആവശ്യക്കാരുള്ളതിനാൽ വില്പന ഒരു പ്രശ്നമേയല്ല. ഒരു മുട്ടയ്ക്ക് 7.50 രൂപയ്ക്കാണു വിൽക്കുന്നത്. സ്ഥിരമായി മുട്ടയിട്ടു തുടങ്ങുന്നതോടെ കാടപോലെ കോഴിയും ദിവസേന വരുമാനം നൽകുന്ന സംരംഭമാകും.

ജൈവപച്ചക്കറി കൃഷി

പച്ചക്കറികൃഷി പൂർണമായും ജൈവരീതിയിലാണു മുന്നേറുന്നത്. കാട, കോഴി, താറാവ്, മുയൽ എന്നിവയുടെയെല്ലാം ജൈവമാലിന്യങ്ങൾ കന്പോസ്റ്റ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ പച്ചക്കറികൃഷിക്കാവശ്യമായ മുഴുവൻ ജൈവവളങ്ങളും ലഭ്യമാകുന്നു.

സ്ഥലപരിമിതി മൂലം ഒരുപാടു സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നത് എളുപ്പമല്ല. പക്ഷെ നേരിട്ടുപയോഗിക്കേണ്ട മല്ലിയില, പുതിന തുടങ്ങിയ സുഗന്ധവിളകളും ചീര പോലുള്ള ഇലക്കറികളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ബാക്കിയെല്ലാ പച്ചക്കറികളും വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നു.

സിന്ധുവും നാലു മക്കളും അമ്മച്ചിയും അടങ്ങുന്ന കുടുംബത്തിന്‍റെ മുഴുവൻ ചെലവുകളും കൃഷിയിൽ നിന്നു മാത്രമാണു നടന്നുപോകുന്നത്. പ്രതിസന്ധികളെ പതറാതെ നേരിട്ടതിനാൽ നിത്യചെലവിനൊപ്പം ഭാവിയിലേക്കുള്ള കരുതലും ഈ സംരംഭക നേടിക്കഴിഞ്ഞു. കാർഷിക കേരളത്തിനു മുതൽക്കൂട്ടാവുകയാണ് സി ന്ധുചാക്കോ എന്ന ഈ യുവകർഷക.

ജോസഫ് ജോണ്‍ തേറാട്ടിൽ
കൃഷിഓഫീസർ, ജില്ലാ മണ്ണുപരിശോധന കേന്ദ്രം, തൃശൂർ
ഫോണ്‍: 94475 29904.

സുരേഷ് കെ. പി.
കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ, എഝഇഘ, പാലക്കാട്

ജോബി ജോസഫ്
കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ, MSTL, തൃശൂർ