ചേര്; ഔഷധ കലവറ
ചേര്; ഔഷധ കലവറ
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഔഷധമായി ഉപയോഗിച്ചിരുന്ന ഒരു മരമാണ് ചേര്. അലക്കു ചേരെന്നും തേങ്കൊട്ടയെന്നും പരക്കെ അറിയപ്പെടുന്ന ഈ വൃക്ഷം ഗ്രാമങ്ങള്‍ വികസിച്ചപ്പോള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ചേര് എന്ന ഔഷധ സസ്യത്തെപ്പറ്റിയുളള പുതിയ തലമുറയുടെ അറിവു കുറവും ചെറിയ - ചെറിയ കാവുകളെ സംരക്ഷിക്കാത്തതുമാണ് ഈ വൃക്ഷം നാട്ടില്‍ നിന്നകലാന്‍ കാരണം. സമുദ്രനിരപ്പില്‍ നിന്നും എണ്ണൂറ് മീറ്റര്‍വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ചേരുമരം കാണാറുണ്ട് ദക്ഷിണേന്ത്യയിലെ എല്ലാ ഇല കൊഴിയും വനങ്ങളിലും ഈ വൃക്ഷം കണ്ടുവരുന്നു . ഒരു കാലത്ത് അലക്കു വസ്ത്രങ്ങള്‍ അടയാളപ്പെടുത്താന്‍ ചേരു മരത്തിന്റെ ഫലകഞ്ചുകത്തില്‍ അടങ്ങിയിട്ടുള്ള എണ്ണമയമുള്ള വസ്തു ഇന്ത്യയൊട്ടാകെ ഉപയോഗിച്ചിരുന്നു. തന്‍മൂലം ചേര് ഡോബിനട്ട് എന്നപേരിലും അറിയപ്പെട്ടിരുന്നു.

സെമികാര്‍പ്പസ് അനാകാര്‍ഡിയം എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ചേരുമരം അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ടതാണ്. (അമ്പഴം,കശുമാവ്, മാവ്, എന്നിവയും അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ടതാണ്)

പതിനഞ്ചു മുതല്‍ ഇരുപതു വരെ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ വലുതാണ്. ഏതാണ്ട് മുപ്പതു സെന്റീമീറ്റര്‍ നീളവും പതിനഞ്ച് സെന്റീമീറ്റര്‍ വീതിയും കാണും. ഇലയുടെ ചുവടു ഭാഗം വീതി കുറഞ്ഞും അഗ്രഭാഗം പരന്ന് വീതി കൂടിയുമിരിക്കും. കേരളത്തില്‍ ചേരിന്റെ വിവിധയിനങ്ങള്‍ കണ്ടുവരുന്നതിനാല്‍ ഇലയുടെ രൂപത്തിലും വ്യത്യാസങ്ങളുണ്ട്. പഴം പഴുത്തുപാകമാകുമ്പോള്‍ കറുപ്പു നിറത്തോടു കൂടിയിരിക്കും. ഈ മരത്തിന്റെ തൊലി പൊട്ടി കറുപ്പു നിറത്തിലുള്ള ഒരു ദ്രാവകം ഊറി വരും. ഇക്കാലത്ത് വൃക്ഷത്തിന്റെ അടുത്തു കൂടി പോയാല്‍ ശരീരത്തില്‍ പൊള്ളലും ചൊറിച്ചിലും അനുഭവപ്പെടും. അലക്കുചേര് ആളുകളില്‍ നിന്നും അകലാന്‍ മുഖ്യ കാരണവും ഇതുതന്നെ. ചേരിന്റെ പഴങ്ങള്‍ പഴുത്ത് മഴക്കാലങ്ങളില്‍ വെള്ളത്തില്‍ കൂടി ഒഴുകി വരുന്നതും ഈ പഴങ്ങളുടെ മാംസളഭാഗം ശരീരത്തില്‍ വീഴുകയോ പറ്റുകയോ ചെയ്താല്‍ ചിലര്‍ക്ക് ശരീരമാസകലം നീരുവരുകയും ചെയ്യുന്നതിനാലാകാം ഈ വൃക്ഷം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അകന്നു പോയത്. ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ അലക്കുചേരിന്റെ ഫലമാണ് ഉപയോഗി ക്കുന്നത്


ആമവാതം, സന്ധിവാതം, അര്‍ശസ്, കുഷ്ഠം , അര്‍ബുദം, ദുര്‍മേദസ് , വാതം എന്നീ രോഗങ്ങള്‍ക്ക് ഔഷധമാണ്. ചേരിന്റെ കുരു ശുദ്ധി ചെയ്ത് ഉപയോഗി ച്ചാല്‍ ഉദരകൃമി നശിക്കും. ഇത്രയേറെ പ്രാധാന്യമുള്ള ഈ ഔഷധ വൃക്ഷത്തെ പുതിയ തലമുറയറിയാന്‍ വേണ്ടി ഔഷധ തോട്ടങ്ങളിലും വനമേഖലകളിലും നട്ടു പിടിപ്പിച്ച് സംരക്ഷിക്കുന്നത് നന്നായിരിക്കും.

സുരേഷ്‌കുമാര്‍ കളര്‍കോട്
ഫോണ്‍: സുരേഷ്- 94474 68077.