കര്‍ഷകോത്തമ അനീഷിന്‍റെ കൃഷി വിശേഷങ്ങള്‍
കര്‍ഷകോത്തമ അനീഷിന്‍റെ കൃഷി വിശേഷങ്ങള്‍
ഒരേക്കറില്‍ നിന്ന് പത്തു വര്‍ഷംകൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന കര്‍ഷകനാകുക. പത്തു വര്‍ഷം കൂടി കഴിയുമ്പോള്‍ ഇത് ഇരട്ടിയാക്കുക. ഒരു ലക്ഷമോ രണ്ടു ലക്ഷമോ അല്ല. പത്തു ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. 2030ല്‍ ഇത് നേടാനുള്ള പരിശ്രമമാണ് നടത്തുന്നത്. 2040 ആകുമ്പോള്‍ ഇത് 20 ലക്ഷമാക്കുകയെന്നതാണ് സ്വപ്‌നം. അതായത് സ്വന്തമായുള്ള അഞ്ചേക്കറില്‍നിന്ന് ഒരു കോടി രൂപ വരുമാനം.

ഈ സ്വപ്നം കാണുന്നത് കണ്ണൂര്‍ ജില്ലയിലെ താബോര്‍ സ്വദേശി പരുവിലാങ്കല്‍ പി.ബി. അനീഷാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവാണ് ഈ യുവകര്‍ഷകന്‍. ആറാം വയസില്‍ അയല്‍ക്കാരന്‍ നല്‍കിയ ഒരു വാഴവിത്ത് നട്ടുകൊണ്ടാണ് അനീഷ് കൃഷിയിലേക്കിറങ്ങുന്നത്. അന്നുമുതല്‍ തുടങ്ങിയതാണ് മണ്ണിനോടും കൃഷിയോടുമുള്ള പ്രണയം. കൃഷിയിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് അനീഷിന്റെ കൃഷിയിടം ഒരു പാഠപുസ്തകം തന്നെയാണ്. ചരിത്രത്തില്‍ ബിരുദാനന്തരബിരുദമുണ്ടെങ്കിലും മണ്ണിനെ സ്‌നേഹിച്ച്, കൃഷിയെ സ്‌നേഹിച്ച്, കഠിനാധ്വാനത്തിലൂടെ ജീവിതം ആസ്വാദ്യജനകമാക്കുകയാണ് ഈ യുവകര്‍ഷകന്‍.

കുത്തനെ ചെരിവുള്ള കൃഷിയിടത്തിലെ കൃഷി

കുത്തനെ ചെരിവുള്ള കൃഷിയിടത്തിലും വിജയകരമായി കൃഷിചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് അനീഷ്. കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്തതായിരുന്നു അനീഷിന്റെ അഞ്ചേക്കര്‍. കൃഷിയിടത്തില്‍ വെള്ളമെത്തിക്കുകയെന്നതായി രുന്നു ആദ്യത്തെ ഉദ്യമം. 2010 വരെ അയല്‍വാസി ഒരു മണിക്കൂര്‍ നേരം കൊടുത്തിരുന്ന വെള്ളമാണ് വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കുമൊക്കെ ഉപയോഗിച്ചിരുന്നത്. ഇത് തീര്‍ത്തും അപര്യാപ്തമായിരുന്നു. സാമ്പത്തിക പ്രതിസന്ധികളും തിരിച്ചടിയായി. കൃഷിചെയ്യാന്‍ പണം കണ്ടെത്താനായി പ്ലംബിംഗ്, വയറിംഗ് ജോലികള്‍ ചെയ്തു. ഇവയില്‍നിന്നു കിട്ടുന്ന പണം കൃഷിക്കായി മുടക്കി. രണ്ടു കിണറും ഒരു കുളവും കൃഷിയിടത്തിന് ഏറ്റവും മുകളില്‍ ഏഴു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന പടുതാ കുളവും അനീഷ് നിര്‍മിച്ചു. കിണറുകളിലൊന്ന് തുരങ്ക കിണറാണ്. പടുതാ കുളത്തില്‍നിന്ന് ഒരു വര്‍ഷത്തേക്കു ജലസേചനത്തിനുള്ള വെള്ളം കിട്ടുമെന്ന് അനീഷ് പറയുന്നു. എല്ലാ ചെടികളുടെയും ചുവട്ടില്‍ വെള്ളവും വളവുമെത്തുന്ന ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷനാണ് അനീഷ് കൃഷിയിടത്തില്‍ നടപ്പിലാക്കുന്നത്.

വിജയരഹസ്യം

മനുഷ്യരിലെന്നപോലെ ചെടികളിലും ഇതിഹാസങ്ങളുണ്ടെ ന്നാണ് അനീഷ് പറയുന്നത്. അവയെ കണ്ടെത്തി തന്റെ കൃഷിയിടത്തിലേക്കു കൊണ്ടുവരികയും ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും എല്ലാ ചെടികളുടെയും അടുത്തെത്തി തൊട്ടുതലോടുന്നു. എന്തെങ്കിലും കുറവോ ക്ഷീണമോ ഉണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ പരിഹാരം കാണുന്നു. അസാമാന്യ വിളവുതരുന്നവയും രോഗപ്രതിരോധശേഷി കൂടുതലുള്ളവ യുമായ മാതൃവൃക്ഷങ്ങളെ കണ്ടെത്തുന്നതാണ് തന്റെ വിജയരഹസ്യമെന്നാണ് കര്‍ഷകോത്തമയുടെ അവകാശം. അനീഷിന്റെ കൃഷി കണ്ടാല്‍ ആര്‍ക്കും ഇതു ബോധ്യപ്പെടും. യാത്രയ്ക്കിടയില്‍ കാണുന്നതും പറഞ്ഞുകേട്ടറിഞ്ഞതുമായ മാതൃവൃക്ഷങ്ങളെ തേടി എത്രദൂരം വേണമെങ്കിലും യാത്രചെയ്യാനും ഈ 41 കാരന് യാതൊരു മടിയുമില്ല. എന്തു ത്യാഗം സഹിച്ചും അത്തരം ചെടികളും വൃക്ഷങ്ങളും തന്റെ കൃഷിയിടത്തിലെത്തിക്കുമെന്നതാണ് അനീഷിനെ മറ്റു കര്‍ഷകരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.

സമ്മിശ്ര കൃഷിയും പുത്തന്‍ ആശയങ്ങളും

വിളകളുടെ വൈവിധ്യമാണ് അനീഷിന്റെ കൃഷിയിടത്തെ വ്യത്യസ്തമാക്കുന്നത്. നാണ്യവിളകള്‍ക്കൊപ്പം ഭക്ഷ്യവിളക ളും ഫലവൃക്ഷങ്ങളും പഴവര്‍ഗങ്ങളും ഇവിടെ തഴച്ചുവളരുക യാണ്. ഒരു വിളയുടെതന്നെ അത്യുത്പാദനശേഷിയുള്ള വ്യത്യസ്തയിനങ്ങള്‍ കൃഷി ചെയ്യുന്നതാണ് രീതി. റബര്‍, തെങ്ങ്, കമുക്, ജാതി, കൊക്കോ എന്നിവയാണ് പ്രധാന കൃഷികള്‍. ഒന്‍പതിനങ്ങളിലായി 280 ജാതി, 20 ആണ്‍ ജാതി, 35 ഇനം പ്ലാവ്, 35 ഇനം പഴവര്‍ഗങ്ങള്‍, ആറിനം കരിമ്പ് , 30 ഇനം കിഴങ്ങുവര്‍ഗങ്ങള്‍, 16 ഇനം ഇഞ്ചി, ഏഴിനം കാച്ചില്‍, ഏഴിനം പൈനാപ്പിള്‍, ആറിനം കപ്പ, വിവിധയിനം ചേമ്പ്, ചേന എന്നിവയെല്ലാം ഈ കൃഷിയിടത്തില്‍ സുലഭമാണ്. നാടന്‍ ഇനങ്ങള്‍ക്കൊപ്പം വിദേശയിനം പഴവര്‍ഗങ്ങളും ധാരാളം. 38 ഓളം പഴവര്‍ഗങ്ങള്‍ ഉള്ളതില്‍ പലതും അപൂര്‍വങ്ങളാണ്. മില്‍ക്ക് ഫ്രൂട്ട്, അവക്കാഡോ (ഏഴ് ഇനം), മിറാക്കിള്‍ ഫ്രൂട്ട്, റൊളീനിയ, സാന്തോള്‍, ഓസ്‌ട്രേലിയന്‍ അബിയു, ബ്രസീലിയന്‍ മള്‍ബറി, കെപ്പല്‍ തുടങ്ങിയവയാണ് ഈ അപൂര്‍വ വിദേശ ഇനങ്ങള്‍. ഇവയ്‌ക്കൊപ്പം മാവ്, പ്ലാവ്, പപ്പായ, സപ്പോട്ട, പേര, മുള്ളാത്ത തുടങ്ങിയവയും 15 ഇനം പച്ചക്കറികളും ഇവിടെയുണ്ട്. അനീഷിന്‍റെ കൃഷിയിടത്തിലെ ഒരു ഏത്തവാഴക്കുലയ്ക്ക് ശരാശരി 50 കിലോവരെ തൂക്കമുണ്ടാകും.വ്യക്തമായ പ്ലാനും വാട്ടര്‍ മാനേജ്‌മെന്‍റും

അനീഷിന് തന്‍റെ കൃഷിയെക്കുറിച്ച് വ്യക്തമായ പ്ലാനുണ്ട്. ഇതില്‍ പത്തു ശതമാനം മാത്രമേ പൂര്‍ത്തിയാക്കിയിട്ടു ള്ളൂവെന്നും ബാക്കി 90 ശതമാനം 2030ഓടെ പൂര്‍ത്തിയാക്കു മെന്നും അനീഷ് പറയുന്നു. 2000ലാണ് ഈ പ്ലാന്‍ തയാറാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 2010 മുതലാണ് പ്ലാന്‍ അനുസരിച്ച് പണികള്‍ നടത്താന്‍ കഴിഞ്ഞത്. തന്റെ കൃഷിയിടത്തിലുള്ള എല്ലാ വിളകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അനീഷ് എഴുതിസൂക്ഷിക്കുന്നുണ്ട്. വിത്ത് അഥവാ ചെടി എവിടെനിന്ന്, ആരില്‍നിന്ന്, എന്നു വാങ്ങി, എന്നാണു നട്ടത്, എന്തൊക്കെ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചു, ചെടിയുടെ വളര്‍ച്ച, കിട്ടിയ വിളവ് എന്നിവ യെല്ലാം എഴുതിസൂക്ഷിക്കുന്നത് ഒരുപക്ഷേ അനീഷിന്റെ മാത്രം പ്രത്യേകതയായിരിക്കും. വാട്ടര്‍ മാനേജ്‌മെന്റാണ് മറ്റൊരു പ്രത്യേകത. എത്ര ലിറ്റര്‍ വെള്ളം കിട്ടുന്നു, എത്ര ലിറ്റര്‍ ചെലവാകുന്നു എന്നൊക്കെയുള്ള കാര്യങ്ങളാണ് വാട്ടര്‍ മാനേജ്‌മെന്റിലുള്ളത്. ഇതിനും കൃത്യമായ കണക്കുകളുണ്ട്.

മത്സ്യവും പക്ഷികളും മൃഗങ്ങളും

മൂന്ന് കുളങ്ങളിലായി 4000 മത്സ്യങ്ങളെ വളര്‍ത്തുന്നു. വാള, നട്ടര്‍, ഗൗര എന്നിവയാണ് വളര്‍ത്തുമത്സ്യങ്ങള്‍. വളത്തിന്റെ ആവശ്യത്തിനായി നാടന്‍ ഇനമായ കാസര്‍ഗോഡ് കുള്ളന്‍ പശുവിനെ വളര്‍ത്തുന്നു. പാലിനായി രണ്ട് എച്ച്എഫ് പശുക്കളും. മുയല്‍, ഗിനിപ്പന്നി, കോഴി, കരിങ്കോഴി, താറാവ്, കാട, അരയന്നങ്ങള്‍ എന്നിവയും അനീഷിനു സ്വന്തം. ചെറുതേനും ഉത്പാദിപ്പിക്കുന്നുണ്ട്.

ഓരോ വര്‍ഷവും വിപുലീകരിക്കുന്ന കൃഷി

സ്വന്തമായി കൂടുതല്‍ സ്ഥലമില്ലാത്തതിനാല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്നു. ശ്രീകണ്ഠപുരത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 1400 ചുവട് ക്വിന്‍റല്‍ കപ്പ നട്ടിട്ടുണ്ട്. ഒരു ചുവടില്‍നിന്ന് 40 മുതല്‍ 50 കിലോ വരെ കപ്പ കിട്ടും. തളിപ്പറമ്പില്‍ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയുമുണ്ട്. ഓരോ വര്‍ഷവും കൃഷി വിപുലീക രിക്കുകയാണ് ലക്ഷ്യം.

വന്യമൃഗങ്ങളെ തുരത്താന്‍

വന്യമൃഗങ്ങളെയും പക്ഷികളെയും തുരത്താന്‍ സ്വന്തമായി കണ്ടുപിടിച്ച പിവിസി പൈപ്പുകൊണ്ടുള്ള ഉപകരണമാണ് അനീഷ് ഉപയോഗിക്കുന്നത്. ബോഡി സ്‌പ്രേ, പേപ്പര്‍, ലൈറ്റര്‍ എന്നിവയാണ് ഇതില്‍ ഉപയോഗിക്കുന്നത്. വലിയ ശബ്ദത്തോടെ പൊട്ടുന്ന ഇതിനെ പീരങ്കിയെന്നാണ് അനീഷ് വിളിക്കുന്നത്. ചെരിവുള്ള സ്ഥലമായതിനാല്‍ താഴെനിന്നും സാധനങ്ങള്‍ മുകളിലെത്തിക്കാന്‍ റോപ്പ്‌വേയും തയാറാക്കിയിട്ടുണ്ട്. തന്‍റേതായ രീതിയിലാണ് തുള്ളിനന സംവിധാനം ഒരുക്കിയിട്ടുള്ളത്.

പ്രോത്സാഹനവും പ്രചോദനവും മാതൃകയും അമ്മ

മണ്ണില്‍ പണിയെടുക്കണമെന്നും കര്‍ഷകനാകണമെന്നും പറഞ്ഞുകൊടുത്തത് അനീഷിന്റെ അമ്മ മേരിയാണ്. അമ്മയുടെ ആഗ്രഹം പോലെതന്നെ അനീഷ് ഒരു മികച്ച കര്‍ഷകനായി. മക്കളെ മണ്ണിലിറക്കാത്ത, കൃഷിചെയ്യിക്കാത്ത മാതാപിതാക്കള്‍ക്ക് അനീഷിന്റെ അമ്മ മേരിയും പിതാവ് ബേബിയും ഒരു മാതൃകയാണ്.

പാലായില്‍നിന്ന് 1959ല്‍ ആലക്കോട് പരപ്പയിലെത്തി അവിടെനിന്ന് 1975ല്‍ താബോറിലെത്തിയതാണ് അനീഷിന്റെ മാതാപിതാക്കളായ പരുവിലാങ്കല്‍ ബേബിയും മേരിയും. 72 കാരനായ പിതാവ് ബേബി വീട്ടുപരിസരത്തെ കാര്യങ്ങള്‍ നോക്കിനടത്തുമ്പോള്‍ അമ്മ മേരി പറമ്പിലൊട്ടാകെയെത്തി കൃഷിയില്‍ സഹായിക്കുന്നു.

ഭാര്യ ട്രീസ ഉദയഗിരി പിഎച്ച്‌സിയിലെ നഴ്‌സാണ്. മൂന്നാം ക്ലാസുകാരനായ എയ്ബലും ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഏഞ്ചലുമാണ് മക്കള്‍. പ്ലംബിംഗ് ജോലിക്ക് പോകേണ്ട ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ അനീഷ് കൃഷിപ്പണികള്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒമ്പത് വരെയും ചില ദിവസങ്ങളില്‍ കൃഷിയിടത്തില്‍ ജോലിചെയ്യും. ഫോണ്‍: അനീഷ്- 9744568937.

ജിനോ ഫ്രാന്‍സിസ്
കണ്ണൂര്‍