ഐസ് സ്‌പ്രേയില്‍ വിരിഞ്ഞ കോളി ഫ്‌ളവര്‍
ഐസ് സ്‌പ്രേയില്‍ വിരിഞ്ഞ കോളി ഫ്‌ളവര്‍
ലോക്ക്ഡൗണ്‍ പ്രതിഭാസം മലയാളിയെ ശീലിപ്പിച്ചത് പരീക്ഷണ ഭക്ഷണ ക്രമങ്ങളാണ്. താളും തകരയും കണ്ടറിവുള്ള മിക്ക ഇലത്തരങ്ങളും ആഹാരപ്പാകമാകുന്നതില്‍ നാം വിജയിച്ചു. പൊതുവേ കാണപ്പെടാത്ത വിളകളെ വിപണിയിലെത്തിക്കാനും ഈ കെട്ടകാലം നമ്മെ പ്രാപ്തരാക്കിയിട്ടുണ്ട്.

എംസി റോഡില്‍ പത്തനംതിട്ട അടൂര്‍ ഏനാത്ത് പാലം കഴിഞ്ഞ് ഒരു കിലോമീറ്റര്‍ തെക്കോട്ടു പോകുമ്പോള്‍ കുളക്കടലക്ഷംവീട് മുക്ക്. റോഡിന്റെ വലതുവശത്തു കണ്ട പഴം- പച്ചക്കറിക്കടയിലെ കാഴ്ചയാണ് ഏറെ ആനന്ദം പകര്‍ന്നത്. അയ്യപ്പന്റെ കടയിലെ പഴക്കുലകള്‍ക്കും പച്ചക്കറികള്‍ക്കും ഇടയില്‍ ഹരിത ഭംഗിവിടര്‍ത്തി വലിയ ബൊക്കേകള്‍ക്കു സമാനമായി നിരകൊണ്ട വിളകളാണ് കൗതുകമായത്. നല്ല പ്രസരിപ്പോടെ തൂവെള്ള കോളിഫ്‌ളവര്‍ ചുറ്റും ഇല അലങ്കാരങ്ങളോടെ ചാരുത പകരുന്നു. സമൂലം പാചകം ചെയ്യാവുന്ന പൂവ് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു മാറുന്നതിന്റെ തൃപ്തിയിലായിരുന്നു കടയുടമ അയ്യപ്പന്‍. ഇവിടേക്ക് കോളിഫ്‌ളവര്‍ എത്തുന്നതെവിടെ നിന്നെന്ന അന്വേഷണമാണ് ഇതുകൃഷിചെയ്യുന്ന വിജയന്‍പിള്ളയുടെ അടുത്ത് എന്നെ എത്തിച്ചത്.

കഥയില്‍ അല്പം കാര്യം

ഇടയ്ക്കടം തോട്ടത്തില്‍ വീട്ടിലെ കര്‍ഷകനായ ഗോപാലപിള്ളയുടെ മകനാണ് ജി. വിജയന്‍പിള്ള. പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച ഇദ്ദേഹം പാരമ്പര്യമായി ചെയ്യുന്ന കൃഷി കാര്യക്ഷമമായി തന്നെ ഏറ്റെടുത്തു. വാഴയും ഇഞ്ചിയും ഇതര നടുതലകളും മെച്ചപ്പെട്ട ആദായം നല്‍കി തുടങ്ങി. ശീതകാല പച്ചക്കറികൃഷിയില്‍ ഏറെ ശ്രദ്ധ കാട്ടിത്തുടങ്ങിയത് സ്വന്തം പരീക്ഷണങ്ങളിലൂടെ.

കുളക്കടയിലെ നന്ദനം വീട്ടില്‍ അഞ്ചു സെന്റിലേറെ സ്ഥലത്ത് മഴമറ പന്തലൊരുക്കി. നിലം നന്നായി കൊത്തിയിളക്കി ചാണകവും വേപ്പിന്‍ പിണ്ണാക്കും ഇല കമ്പോസ്റ്റും അടിസ്ഥാനവളമായി ചിക്കിച്ചേര്‍ത്തു. മഞ്ഞുകാലം തുടങ്ങും മുമ്പുതന്നെ കോളിഫ്‌ളവര്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. സ്വന്തമായിത്തന്നെ തൈകള്‍ മുളപ്പിച്ചെടുത്തും അണുമുക്തമാക്കിയ ചകിരിച്ചോറും മണ്ണിരകമ്പോസ്റ്റും പ്രോട്രേകളില്‍ നിരത്തിയും കടുകുമണി സമാനവിത്ത് ജാഗ്രതയോടെ പാകി.


ഒരാഴ്ചയ്ക്കുള്ളില്‍ കുരുപ്പ് കണ്ടതോടെ പ്രത്യാശവര്‍ധിച്ചു. കൃത്യമായ പരിചരണം. നാലഞ്ചില വിടര്‍ന്നപ്പോള്‍ ട്രേകളില്‍ നിന്നിളക്കി വാരങ്ങളിലെ തടങ്ങളിലേക്കു പറിച്ചു നടല്‍. ഒരടി അകലത്തില്‍ ഇരൂന്നൂറിലേറെ മൂടുകള്‍. ജലസേചന പാതയ്ക്കായി വാരങ്ങള്‍ തമ്മില്‍ മതിയായ അകലവും പാലിച്ചു. നന മുടങ്ങാതെ നടത്തുന്നതില്‍ അധ്യാപികയായ സഹധര്‍മ്മിണി ഭാഗ്യലക്ഷ്മിയും ജാഗ്രത പുലര്‍ത്തി.

പുലരും മുമ്പ് ഐസ് വാട്ടര്‍ സമൂലം ചെടികളില്‍ തളിക്കുന്ന രീതിയും വിജയന്‍പിള്ള പരീക്ഷിച്ചു. ഇടയ്ക്ക് എല്ലുപൊടിയും കടലപിണ്ണാക്കും ഒരു പ്രോത്സാഹനവളമായി പ്രയോഗിച്ചു. വളം വലിച്ചെടുക്കുന്നതിന് യൂറിയയും പൊട്ടാഷും ചേര്‍ന്ന മിശ്രിതം മൂടൊന്നിന് 75 ഗ്രാം എന്ന തോതില്‍ അകലത്തില്‍ ചേര്‍ത്തു കൊടുത്തു. ഒരു മൂട്ടില്‍ തന്നെ ഇരുപതിലേറെ ഇലകള്‍ പീലിവിടര്‍ത്തിയ മയിലിനെപ്പോലെ അഴകുപകര്‍ന്നു. നൂറു ദിനം പിന്നിട്ട മുറയ്ക്ക് പൂക്കള്‍ വിളവെടുക്കാന്‍ പാകമായിത്തുടങ്ങി.

'ചില്ലി ഗോബിയും ഗോബിമഞ്ചൂറിയനും ഗോബിബജിയും' ഒക്കെയായി പൂക്കള്‍ വിഭവമാക്കാമെങ്കില്‍ കൊഴുപ്പിന്റെയും അന്നജത്തിന്റെയും സാന്നിധ്യം കുറവുള്ള ഇല ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണെന്ന് വിജയന്‍പിള്ള പറയുന്നു. വിറ്റമിന്‍ സി, ഇ, ഫൈറ്റോ ന്യൂട്രിയന്റുകളുടെ സമ്പന്നതയുമുണ്ട്. ഇവ കൊണ്ട് കോളിഫ്‌ളവര്‍ ഇലയും അടുക്കള വിഭവങ്ങളിലെ താരമായിക്കഴിഞ്ഞു. ഫോണ്‍: വിജയന്‍പിള്ള- 9446106443.

ഹരികുമാര്‍ വാലേത്ത്‌