വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
വേനലില്‍ ശരീരം തണുപ്പിക്കാന്‍ കൂവ
Tuesday, March 23, 2021 3:31 PM IST
കൂവയെപ്പറ്റി കേള്‍ക്കാത്ത മലയാളിയുണ്ടാവില്ല, കൂവക്കുറുക്കു കുടിക്കാത്ത ബാല്യവും. ഒരു സമ്പൂര്‍ണ ആരോഗ്യഭക്ഷണമാണു കൂവ. ഇളനീരില്‍ ഒരു സ്പൂണ്‍ കൂവപ്പൊടി ചേര്‍ച്ചു കഴിച്ചാല്‍ ഏതുക്ഷീണവും പമ്പ കടക്കും.

ഓട്‌സ് കാച്ചികുടിക്കുന്നതിനു പകരം കൂവക്കുറുക്കു കഴിച്ചാല്‍ വേനലില്‍ ശരീരം തണുപ്പിക്കാം. ക്ഷീണമകറ്റാനും ദഹനക്കേടിനും രോഗപ്രതിരോധത്തിനും കൂവകുറുക്ക് നല്ലതാണ്. മഴക്കുറവും ജലദൗര്‍ലഭ്യവുമുള്ള പ്രദേശങ്ങള്‍ക്കു പറ്റിയ ആദായവിളയാണു കൂവ. തെങ്ങിന്‍തോപ്പില്‍ ഇടവിളയാക്കാം. നമുക്കൊരു ബദല്‍, ആദായ വിളയായി കൂവയെ നമ്മുടെ കൃഷിയിടങ്ങളിലേക്കു മടക്കികൊണ്ടുവരാം.

25 മുതല്‍ 30 ശതമാനം വരെയാണ് കൂവയിലെ അന്നജത്തിന്റെ അളവ്. രണ്ടു മുതല്‍ മൂന്നു ശതമാനം വരെ നാരുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നീ ധാതുക്കളും കൂവയിലുണ്ട്. കൂവപ്പൊടി കൊണ്ട് ഹല്‍വ, കേക്ക്, പുഡ്ഡിംഗ്, ബിസ്‌കറ്റ്, ഐസ്‌ക്രീം എന്നിങ്ങനെ പലഹാരങ്ങള്‍ പലതുണ്ടാക്കാം. കൂവപ്പായസവും കൂവക്കൂട്ടുപുഴുക്കും നമ്മുടെ ഇഷ്ടആഹാര വിഭവങ്ങളായിരുന്നല്ലോ? പലതരം ഔഷധങ്ങള്‍, പശ, ഫേസ്പൗഡര്‍ എന്നിവയൊക്കെ കൂവകൊണ്ട് ഉത്പാദിപ്പിക്കുന്നു.

നമ്മുടെ ദഹനേന്ദ്രിയ കോശങ്ങളെ ശുദ്ധീകരിക്കുകയും അള്‍സറിന് ശമനമുണ്ടാകുകയും ചെയ്യുന്ന മികച്ച ആഹാരമാണ് കൂവ. കൂവയുടെ ഇലകള്‍ കന്നുകാലി തീറ്റയായി ഉപയോഗിക്കാം. കൂവപ്പൊടി ശുദ്ധീകരിക്കുന്ന വെള്ളം നല്ലൊരു ജൈവകീടനാശിനി കൂടിയാണ്.

മൂന്നു തരം കൂവകള്‍

വെള്ളക്കൂവ, മഞ്ഞക്കൂവ, നീലക്കൂവ എന്നിങ്ങനെ മൂന്നു തരം കൂവകളുണ്ട്. ഓരോന്നിനും പ്രത്യേക ഔഷധഗുണങ്ങളും. മൂത്രച്ചൂട്, മൂത്രക്കല്ല് എന്നിവ തടയുന്നതിനും ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വെള്ളക്കൂവ ബഹുകേമം. നീലക്കൂവ പ്രത്യുത്പാദന സംവിധാനങ്ങളെ ക്രമപ്പെടുത്തും. അതുകൊണ്ടു വന്ധ്യതാ നിവാരണത്തിനുള്ള പ്രകൃതിദത്ത ഔഷധമായി നീലക്കൂവ ഉപയോഗിക്കുന്നു.

മഞ്ഞക്കൂവയാണ് കുഞ്ഞുങ്ങള്‍ക്ക് കുറുക്കുണ്ടാക്കാന്‍ ഉത്തമം. ക്ഷീണമകറ്റാനും ഉന്മേഷത്തിനും മഞ്ഞക്കൂവ ഉപയോഗിക്കാം. വ്യാവസായിക പ്രാധാന്യമേറെയുള്ളത് വെള്ളക്കൂവയ്ക്കാണ്. കൃഷി ചെയ്യാനെളുപ്പം, കൂവപ്പൊടി കൂടുതല്‍ ലഭിക്കുന്നു എന്നീ ഗുണങ്ങളുമുണ്ട്.

കൂവകൃഷി വളരെ എളുപ്പം

ഏതു മണ്ണിലും കൂവ വളരും. വരള്‍ച്ചയെ ചെറുക്കാന്‍ ശേഷിയുള്ള സസ്യമാണു കൂവ. അതുപോലെ വര്‍ധിച്ച മഴയെയും അതിജീവിക്കും. തണലിലും വളരും. നല്ല ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ കൂവ നന്നായി വളരും.

കിഴങ്ങുകളാണ് നടീല്‍ വസ്തു. എന്നിരുന്നാലും ഭൂകാണ്ഠവും ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. വാരം കോരി കൂവ നടുന്നതാണു നല്ലത്. വാരങ്ങളില്‍ ചാണകപ്പൊടി, ചാരം, കോഴിക്കാഷ്ഠം, എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ് എന്നിവ അടിവളമായി ചേര്‍ക്കാം. കൂവയ്ക്ക് രാസവളം തീരെ വേണ്ട. കീട-രോഗബാധകള്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തികച്ചും ജൈവ രീതിയില്‍ തന്നെ കൂവ കൃഷി ചെയ്യാം.

മേയ്-ജൂണ്‍-ജൂലൈ മാസത്തില്‍ കൃഷി തുടങ്ങാം. മൂന്നു നാലു മഴകൊണ്ടു കൂവക്കിഴങ്ങു മുളച്ചു തുടങ്ങും. വാരങ്ങളില്‍ ഒരടി മുതല്‍ ഒന്നരയടി വരെ അകലത്തില്‍ കൂവ നടണം. കൂവ നട്ട് ഒന്നര മാസത്തിനുള്ളില്‍ കളകള്‍ മാറ്റി മണ്ണടുപ്പിച്ചു കൊടുക്കണം. ആ സമയത്ത് ചാരം ധാരാളമായി ചേര്‍ത്തു കൊടുക്കുന്നതു നല്ലതാണ്. മഴ കൂടുതലാണെങ്കില്‍ കുറഞ്ഞതിനു ശേഷമേ മണ്ണടുപ്പിക്കല്‍ നടത്താവൂ. ചേറുമണ്ണു പാടില്ല. പൊടിമണ്ണാണു വേണ്ടത്. ഇളക്കമുള്ള മണ്ണില്‍ നട്ടാലേ ചിനപ്പുകള്‍ പൊട്ടി കഴങ്ങുകളുണ്ടാവൂ. പൊടി മണ്ണുകൊണ്ട് മാസത്തില്‍ ഒന്നെന്ന കണക്കില്‍ രണ്ടു മൂന്നു തവണ മണ്ണടുപ്പിച്ചാല്‍ വിളവു കൂടും.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ നട്ട് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വിളവെടുക്കാം. പുഴുക്കിനും മറ്റും ആറാം മാസം മുതല്‍ വിളവെടുക്കാം. നട്ട് ഏഴെട്ടു മാസമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ച് ചെടി കരിഞ്ഞുണങ്ങും. ഇതാണ് വിളവെടുപ്പുലക്ഷണം. പാകമെത്തി പറിച്ചെടുത്ത കൂവക്കിഴങ്ങില്‍ നിന്നു മാത്രമേ നല്ല കൂവപ്പൊടി ലഭിക്കൂ.

മഞ്ഞളിച്ച ഇലകള്‍ അരിഞ്ഞു മാറ്റിയശേഷം കൂവ കിളച്ചെടുക്കാം. ഭൂകാണ്ഡം പറമ്പില്‍ തന്നെ ഇട്ടേക്കുക. വേനല്‍ മഴയില്‍ മുളച്ചു തുടങ്ങുന്ന ഇവ അടുത്ത കൃഷിക്കു നടീല്‍ വസ്തുവാക്കാം.

കൂവകൃഷിയുടെ പ്രധാന ശത്രു എലികളാണ്. എലി നിയന്ത്രണത്തിന് വിവിധ മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം കൂവ ഉയര്‍ന്ന വാരങ്ങളില്‍ നടുകയെന്നതാണ്. എലിയുടെ ആക്രമണം കണ്ടെത്താന്‍ വാരങ്ങള്‍ സഹായിക്കും.

ബയോ എന്‍ജിനീയറിംഗ് രീതിവഴി കൂവത്തോട്ടത്തിനു ചുറ്റും എലികള്‍ക്കു പ്രീയപ്പെട്ട മരച്ചീനിയോ, വെട്ടുചേമ്പു പോലുള്ള കിഴങ്ങുവിളകളോ കൃഷി ചെയ്താല്‍ എലികള്‍ അവ തിന്നു മടങ്ങിക്കൊള്ളും.

മറ്റൊരു കെണിവിളയാണ് നീലക്കൊടുവേലി. ഇതിന്റെ തൈകള്‍ കൂവയ്‌ക്കൊപ്പം അവിടവിടെയായി നട്ടു വയ്ക്കുക. തുരപ്പന്‍ എലികള്‍ മണ്ണിനടിയിലൂടെ തുരന്നു വരുമ്പോള്‍ കൊടുവേലിയുടെ വേരു മുറിഞ്ഞാല്‍ എലികള്‍ക്കു പൊള്ളലേല്‍ക്കും. പിന്നീട് ആ പ്രദേശത്തേക്ക് എലി അടുക്കില്ല. പക്ഷേ ഒരു കുഴപ്പമുണ്ട്, കൂവ വിളവെടുക്കുമ്പോള്‍ ഇതിന്റെ വേരുകളില്‍ തൊടാനിടയായാല്‍ നമുക്കും പൊള്ളലോ അലര്‍ജിയോ ഉണ്ടാക്കും. കൊടുവേലി കിളച്ചുമാറ്റിയ ശേഷമേ കൂവ വിളവെടുക്കാവൂ.

ഒരു ഹെക്ടറില്‍ തനിവിളയായി കൃഷി ചെയ്താല്‍ 45 ടണ്‍ വരെ വിളവു പ്രതീക്ഷിക്കാം. കിഴങ്ങായും പൊടിയായും വില്പന നടത്താം. പൊടിക്കാണ് വിലകൂടുതല്‍. വെള്ളക്കുവ നാലഞ്ചു കിലോ കിഴങ്ങില്‍ നിന്ന് ഒരു കിലോഗ്രാം കൂവപ്പൊടി ലഭിക്കും. ഒരു കിലോ കൂവപ്പൊടിക്ക് ആയിരം രൂപയിലധികം വിലയുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പതിനായിരത്തിനു മുകളിലാണു വില.


വീട്ടില്‍ തന്നെ കൂവപ്പൊടി ഉണ്ടാക്കാം

വിളവെടുത്ത കിഴങ്ങുകള്‍ നന്നായി ശുദ്ധജലത്തില്‍ കഴുകി മണ്ണു നീക്കണം. തുടര്‍ന്നു പോളകള്‍ ഇളക്കിക്കളയണം. വീണ്ടുമൊന്നു കൂടി കഴുകി മണ്ണിന്റെ അംശങ്ങള്‍ പൂര്‍ണമായി നീക്കി വൃത്തിയാക്കുക. വെള്ളം വാര്‍ന്നുപോകാന്‍ ചെറുതണലില്‍ ഉണക്കിയെടുക്കാം. ചെറുകഷണങ്ങളാക്കി മിക്‌സി-ഗ്രൈന്‍ഡര്‍, ഉരല്‍, ആട്ടുകല്ല് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അരച്ചെടുക്കണം. ആട്ടുമില്ലില്‍ കൊടുത്തും അരപ്പിച്ചെടുക്കാം.

അരച്ചെടുത്ത കൂവ വൃത്തിയുള്ള വെളുത്ത ശീലത്തുണിയില്‍ കിഴിയാക്കുക. ഒരു പ്ലാസ്റ്റിക് ബക്കറ്റിലോ, വലിയ സ്റ്റീല്‍ അണ്ടാവിലോ മുക്കാല്‍ ഭാഗം ശുദ്ധജലം നിറയ്ക്കുക. ക്ലോറിന്‍ കലര്‍ന്ന പൈപ്പുവെള്ളം ഉപയോഗിക്കരുത്. ഈ പാത്രത്തിലെ വെള്ളത്തിലേക്ക് കിഴിയാക്കിയ കുവക്കുഴമ്പ് പകുതി മുക്കി കെട്ടിത്തൂക്കുക. നാലഞ്ച് മണിക്കൂര്‍ കൊണ്ട് കിഴിയില്‍ നിന്ന് നൂറ് അഥവാ കൂവപ്പൊടി വെള്ളത്തിലേക്ക് ഊര്‍ന്നിറങ്ങി പാത്രത്തില്‍ അടിയും. വൈകുന്നേരങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ രാവിലെ കിഴിയില്‍ നിന്നു കൂവപ്പൊടി തെളിഞ്ഞടിയും. പാത്രത്തിലെ വെള്ളം വാര്‍ത്തു കളഞ്ഞ് കൂവപ്പൊടി വേര്‍തിരിക്കാം. പച്ചക്കറികളിലും മറ്റുമുള്ള കീടങ്ങളെ തുരത്താനുള്ള ഒന്നാന്തരം ജൈവ കീടനാശിനിയായി കൂവപ്പൊടി വേര്‍തിരിച്ച വെള്ളം ഉപയോഗിക്കാം.

വെള്ളം ഊറ്റി കൂവപ്പൊടി പാത്രത്തിനടിയില്‍ നിന്ന് ഇളക്കി വൃത്തിയുള്ള ഷീറ്റില്‍ വിരിച്ച് രണ്ടു മൂന്നു ദിവസം നല്ല വെയിലില്‍ ഉണക്കണം. ഈര്‍പ്പം നിശേഷം മാറ്റിയ കൂവപ്പൊടി ടിന്നിലടച്ചു സൂക്ഷിച്ചാല്‍ മൂന്നു-നാലു വര്‍ഷം വരെ കേടുകൂടാതിരിക്കും.

വിപണനം

ബ്രാന്‍ഡു ചെയ്ത കൂവപ്പൊടി നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. മൂന്നിനം കൂവകളെക്കുറിച്ച് പറഞ്ഞതില്‍ വെള്ളക്കൂവ മാത്രമേ ഒരു തവണ കൊണ്ട് ഇത്തരത്തില്‍ വെള്ളത്തില്‍ ശുദ്ധീകരിക്കപ്പെടുകയുള്ളൂ. നീലക്കൂവയ്ക്കും മഞ്ഞക്കൂവയ്ക്കും രണ്ടുമൂന്നു തവണ വെള്ളം മാറ്റേണ്ടിവരും. നല്ല വെളുത്ത നിറമുള്ള കൂവപ്പൊടിക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. അതുകൊണ്ടു തന്നെ കൃഷി ചെയ്യാന്‍ പറ്റിയ ഇനം വെള്ളക്കൂവയാണ്.

ഗ്രോ-ബാഗിലെ കൂവ

ഗ്രോ-ബാഗിലും കൂവ കൃഷി ചെയ്യാം. മണ്ണും ചാണകപ്പൊടിയും മണലും തുല്യ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയ പോട്ടിംഗ് മിശ്രിതത്തില്‍ ആവശ്യാനുസരണം റോക്ക് ഫോസ്‌ഫേറ്റ്, മറ്റു ജൈവവളങ്ങള്‍ എന്നിവയും ചേര്‍ത്തു കൊടുക്കണം. മണലിനു പകരം ചകിരിച്ചോര്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇങ്ങനെ തയാറാക്കിയ പോട്ടിംഗ് മിശ്രിതം ഗ്രോ-ബാഗില്‍ നിറച്ച് കിഴങ്ങുകള്‍ നടുക. ജലസേചനം കുറച്ചുമതി. ഇടയ്ക്കിടയ്ക്കു അടുപ്പുചാരവും ചാണകത്തെളിയും ഒഴിച്ചു കൊടുക്കുക. ഏഴെ ട്ടു മാസത്തിനുള്ളില്‍ വിളവെടുക്കാം. ഒരു ഗ്രോ-ബാഗില്‍ നിന്ന് 4.5 കിലോ കൂവക്കിഴങ്ങ് ലഭിക്കും.

വെള്ളമില്ലാത്തിടത്തും കൃഷിചെയ്യാം കൂവ

വേനലില്‍ ശരീരം തണുപ്പിക്കും, വെള്ളമില്ലാത്തിടങ്ങളിലും കൃഷിചെയ്യാം, കൂവയുടെ ഗുണമിതാണ്. ജലലഭ്യത പൊതുവേ കുറവുള്ള പാലക്കാട്ടെ വാണിയംകുളത്ത് കൂവ കൃഷി ചെയ്ത് വിജയം കൊയ്യുന്ന കര്‍ഷകനാണ് പാവുക്കോണത്ത് അടവക്കാട് വീട്ടില്‍ അജിത്കുമാര്‍ . കേരളത്തില്‍ കൂവകൃഷി തന്നെ വിരളം, കൃഷി ചെയ്യുന്നവര്‍ തന്നെ വിരലില്‍ എണ്ണാവുന്നവര്‍. അവരില്‍ ഒരാളാണ് അജിത്. വര്‍ഷങ്ങളായി അജിത്തിന്റെ പ്രധാന കൃഷി കൂവ മാത്രമാണ്. വെറും 50 സെന്റില്‍ തുടങ്ങിയ കൃഷി ഇത്തവണ പാട്ടത്തിനെടുത്ത 10 ഏക്കറിലേക്കാണ് വ്യാപിപ്പിച്ചിരിക്കുന്നത്.

അജിത്കുമാറിനിത് പാരമ്പര്യ കൃഷിയാണ്. കൂവ കൃഷി ചെയ്ത് പൊടിയാക്കി അമ്മ വില്പന നടത്തുന്നതു കണ്ടാണ് അജിത് വളര്‍ന്നത്. നാട്ടില്‍ എവിടെ കുഞ്ഞുങ്ങള്‍ ഉണ്ടോ അവരൊക്കെ അടവക്കാട് വീടു തേടിപ്പിടിച്ച് എത്തുമായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് കുറുക്ക് ഉണ്ടാക്കാന്‍ കൂവപ്പൊടി തേടിയാണ് ആളുകള്‍ എത്തുന്നത്. അമ്മ അതിപ്പോഴും തുടരുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല ഏതൊരു മനുഷ്യനും ദിവസേന ഉപയോഗിക്കാന്‍ പറ്റിയ ഒരു ഹെല്‍ത്ത് ഡ്രിങ്കാണ് കൂവ എന്നതും ഇതിന്റെ പ്രാധാന്യമാണ്. അജിത് മറ്റു പല ജോലികളും ചെയ്തിരുന്നു. പക്ഷേ അതിനേക്കാള്‍ മെച്ചം കൂവകൃഷിയാണ് എന്നതുകൊണ്ട് കൂവകൃഷിയില്‍ ഉറച്ചു. അത്യാവശ്യം നല്ല വരുമാനവുമുണ്ട്. പ്രധാനമായും ആയുര്‍വേദ ഔഷധശാലക്കാരാണ് അജിതിന്റെ കൂവയുടെ ആവശ്യക്കാര്‍. ഇപ്പോള്‍ കൂവപ്പൊടി കയറ്റുമതിക്കും അജിതിനെ തേടി ആളുകള്‍ എത്തുന്നുണ്ട്.

പാലക്കാട് ജില്ലയില്‍ പൊതുവെ മഴ കുറവാണ്. മഴക്കുറവുള്ള പ്രദേശത്തിനു യോജിച്ച വിളയാണ് കൂവ. വരള്‍ച്ചയെ അതിജീവിക്കാനുള്ള ശേഷി വളരെ കൂടുതലാണ് കൂവയ്‌ക്കെന്ന് അജിത്തിന്റെ അനുഭവ സാക്ഷ്യം. വെള്ളക്കുറവുള്ളയിടങ്ങളില്‍ കര്‍ഷകര്‍ക്ക് ഒരു ബദല്‍ വിളയായി കൂവ തെരഞ്ഞെടുക്കാമെന്ന് അജിത് അഭിപ്രായപ്പെടുന്നു. രോഗങ്ങളും കീടങ്ങളുമൊന്നും കൂവയെ ബാധിക്കാറില്ല. കൃഷി ചെലവും വളരെ കുറവ്. ജൈവവളങ്ങള്‍ മാത്രം മതിയാകും കൃഷിക്ക്. ആകെ പ്രശ്‌നമുള്ളത് തുരപ്പന്‍ എലിയുടെ ശല്യമാണ്. അവയെ നിയന്ത്രിക്കലാണ് പ്രധാന പണി. അതിനായി അജിത് കെണിവിളയായ വെട്ടുചേമ്പ് തോട്ടത്തിനു ചുറ്റും കൃഷി ചെയ്യുന്നു. കൂവക്കിഴങ്ങിനെക്കാള്‍ എലിക്കു പ്രീയം വെട്ടുചേമ്പിന്റെ കിഴങ്ങാണത്രേ. കൂടാതെ നീലക്കൊടുവേലിയും തോട്ടത്തില്‍ വളര്‍ത്തും. തുരന്നു വരുന്ന എലി കൊടുവേലി വേരില്‍ തട്ടിയാല്‍ ചേര്, ചൊറിഞ്ഞണം എന്നിവ മൂലം നമുക്കുണ്ടാകുന്നതുപോലെയുള്ള ഒരു അനുഭവമുണ്ടാകും. പിന്നീട് ആ പ്രദേശത്തേക്ക് എലി അടുക്കില്ല. എന്നാല്‍ കൂവക്കിഴങ്ങ് വിളവെടുക്കും മുമ്പ് ശ്രദ്ധാപൂര്‍വം കൊടുവേലി കിളച്ചു മാറ്റിയില്ലെങ്കില്‍ നമുക്കും പ്രശ്‌നമാകുമെന്നും അജിത് ഓര്‍മപ്പെടുത്തുന്നു. അജിത്തിന്റെ ഫോണ്‍ : 9400381850, 94462 35354.

അഭിലാഷ് കരിമുളയ്ക്കല്‍
മുന്‍ കൃഷി ഓഫീസര്‍, ഫോണ്‍: 9447459071