തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
Friday, January 15, 2021 2:14 PM IST
തെങ്ങിന്‍തോപ്പുകളില്‍ പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശം അരിച്ചിറങ്ങുന്ന ഓലകളും ചെറുവേരുകളുമാണ് തെങ്ങിനെ മറ്റുവിളകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. തെങ്ങിന്‍വേരുകള്‍ രണ്ടുമീറ്റര്‍ ചുറ്റളവില്‍ 30 മുതല്‍ 120 വരെ സെന്റീമീറ്റര്‍ താഴ്ചയിലാണു വ്യാപിക്കുന്നത്. ഇതിനാല്‍ സ്വന്തം വിളവിനെ ബാധിക്കാതെ മറ്റു വിളകളെ കൂടെകൂട്ടാന്‍ തെങ്ങിനാവും. അവയ്ക്കു കൊടുക്കുന്ന വെള്ളവും വളവും തെങ്ങിന്റെ ഉത്പാദനവും വര്‍ധിപ്പിക്കും.

കലയും ശാസ്ത്രവും സമന്വയിപ്പിച്ചാല്‍ തെങ്ങിന്‍തോപ്പിലും പൂന്തോട്ട മൊരുക്കാം. കണ്ണും മനസും നിറയുന്ന ആ മനോഹര കാഴ്ച ആദായത്തിനു കൂടി വക നല്കുന്നതായാലോ? അതേ, വളരെ ആദായകരമായി അധിക ചെലവി ല്ലാതെ തെങ്ങിന്‍തോപ്പിലും വാണിജ്യ പുഷ്പകൃഷി സാധ്യമാണ്.

വിപണി അറിഞ്ഞു കൃഷി

കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ കണക്കു നോക്കിയാല്‍ പൂക്കളുടെ ദേശീയ, അന്തര്‍ദേശീയ വിപണനത്തില്‍ സ്ഥായിയായ വളര്‍ച്ച കാണാം. വര്‍ഷം മുഴുവന്‍ നിശ്ചിത അളവില്‍ പൂക്കള്‍ ഉത്പാദിക്കാന്‍ സാധിച്ചാലേ കൃഷി വിജയിക്കൂ. പൂച്ചെടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇതു ശ്രദ്ധിക്കണം. കുറഞ്ഞ തോതില്‍ ചെടികള്‍ വച്ച് വിപണി മനസിലാ ക്കിയതിനു ശേഷം വിപുലമായ കൃഷിയിലേക്ക് ഇറങ്ങുന്ന താണ് അഭികാമ്യം. നമ്മുടെ കാലാവസ്ഥയും വിപണിയും അനുസരിച്ചാകണം കൃഷി. കേരളത്തില്‍ വെട്ടുപൂക്കള്‍ക്കും ഇലച്ചാര്‍ത്തിനും ആവശ്യക്കാര്‍ കൂടുന്നത് ഓഗസ്റ്റ് - മേയ് മാസങ്ങളിലാണ്. കുറ്റിമുല്ല, ബന്ദി മുതലായ തൂക്കി വില്‍ക്കുന്ന പൂക്ക ള്‍ക്ക് വര്‍ഷം മുഴുവന്‍ ആവശ്യ ക്കാരുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ വരവു കുറയുന്ന ഡിസംബര്‍ - ഫെബ്രുവരി മാസങ്ങളില്‍ പൂക്കള്‍ ഉത്പാദിപ്പി ച്ചാല്‍ അധിക വരുമാനം ഉറപ്പാക്കാം. വാടാ മുല്ലയ്ക്ക് ഓണക്കാലത്തു മാത്രമേ വില ലഭിക്കൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങിന്‍തോപ്പിലെ ഓരോ വിളയ് ക്കും ആവശ്യമായ വെള്ളവും വളവും പ്രത്യേകമായി നല്‍കണം.

2. തെങ്ങിന്റെ വേരു പടരുന്ന മണ്ണി ലേക്ക് ഇടവിളകളുടെ വേരുകള്‍ പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധി ക്കണം.

3.തെങ്ങിന്‍ ചുവട്ടില്‍ നിന്നു രണ്ടു മീറ്റര്‍ അകലത്തില്‍ വേണം ചെടികള്‍ നടാന്‍. വേരോട്ടം കുറഞ്ഞ പന്നല്‍ ച്ചെടികള്‍ തെങ്ങിന്‍ ചുവട്ടിലും നടാം. കൂടുതല്‍ ജലം ആവശ്യമുള്ള ഇവ യ്ക്കു കൊടുക്കുന്ന വെള്ളം തെങ്ങി ന്റെ വളര്‍ച്ചക്കു പ്രയോജനമാവും.

വിള തെരഞ്ഞെടുക്കല്‍

തെങ്ങിന്‍തോപ്പിന്റെ വിസ്തീര്‍ണ മനുസരിച്ചു വിളകള്‍ തെരഞ്ഞെ ടുക്കാം. വെട്ടുപൂക്കളും ഇലകളും കൃഷി ചെയ്യാന്‍ മുപ്പതു സെന്റ് തെങ്ങിന്‍തോപ്പ് ആവശ്യമാണ്. തെങ്ങിന് ഇടവിളയായി കൃഷി ചെയ്യാന്‍ സാധിക്കുന്ന ആദായ അലങ്കാര ചെടികളാണ് ഹെലിക്കോ ണിയ, അല്‍പിനിയാ, ജിന്‍ജേര്‍സ്, കലാത്തിയ, ഡ്രസീന മുതലായവ. അധിക ചെലവില്ലാതെ തെങ്ങിന്‍ തോപ്പില്‍ ലഭ്യമായ തണലില്‍ വിപണന യോഗ്യമായ പൂക്കളും ഇലകളും ഇവയില്‍ നിന്നു ലഭിക്കുന്നു. ആന്തൂറിയമാണ് കൃഷി ചെയ്യുന്നതെങ്കില്‍ തണല്‍ ലഭിക്കാന്‍ വലകള്‍ നാട്ടണം. വെയിലിന്റെ ഏറ്റക്കുറച്ചി ലുകള്‍ ആന്തൂറിയം പൂക്കളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നതിനാലാണിത്. പൂങ്കു ലയിലെ ഓരോ പൂവും അതിന്റെ ഭംഗി ചോരാതെ ഉപഭോക്താവിന്റെ കൈ യില്‍ എത്തിക്കുയാണ് ഓര്‍ക്കി ഡ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലു വിളി. വാണിജ്യാ ടിസ്ഥാന ത്തില്‍ ഓര്‍ക്കിഡ് വളര്‍ത്തുമ്പോള്‍ തെങ്ങിന്‍ തടിയില്‍ വച്ചു പിടിപ്പിക്കുന്ന രീതി അഭികാമ്യമല്ല. പൊഴിഞ്ഞു വീഴുന്ന ഓലകളും വെള്ളക്കയുമെല്ലാം പൂക്ക ളുടെ ഭംഗിക്കു കോട്ടം വരത്താന്‍ കാരണമാകാം. തറയില്‍ തന്നെ വളര്‍ ത്താവുന്ന അരാണ്ടാ മൊക്കാറ പോലു ള്ള ഇനങ്ങള്‍ വേണം വാണിജ്യ കൃഷിക്കായി തെരഞ്ഞെടുക്കാന്‍. തെങ്ങിന്‍ ചുവട്ടില്‍ നിന്ന് രണ്ടു മീറ്റര്‍ അകലത്തില്‍ ചാലുകളെടുത്തു തൊണ്ടടുക്കിയ ശേഷം വേരോടു കൂടിയ ഓര്‍ക്കിഡ് തണ്ടുകള്‍ ഏക ദേശം ഇരുപത്തഞ്ചു സെന്റീമീറ്റര്‍ അകലത്തില്‍ നടാം. കാലാവസ്ഥക്കു യോജിച്ച, രോഗകീട ശല്യം കുറഞ്ഞ ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേ കം ശ്രദ്ധിക്കണം. പല നിറത്തിലുള്ള ഓര്‍ക്കിഡ്, ആന്തൂറിയം ഇനങ്ങള്‍ നടുന്നതിലും നല്ലത് ഒരേ നിറത്തി ലുള്ള പൂക്കളുണ്ടാകുന്ന തൈകള്‍ നടുന്നതാണ്.


പുഷ്പറാണി ഹെലിക്കോണിയ

പൂക്കൂടയില്‍ കൂടുതല്‍ നാള്‍ വാടാ തിരിക്കുന്ന തീപന്തങ്ങള്‍ പോലെ കടുംവര്‍ണങ്ങള്‍ വാരിവിതറുന്ന തെക്കന്‍ അമേരിക്കന്‍ പുഷ്പറാ ണികളാണ് ഹെലിക്കോണിയ. വിദേ ശപൂച്ചെടിയാണെങ്കിലും നമ്മുടെ കാലാവസ്ഥയില്‍ തെങ്ങിന്‍ തോപ്പു കളില്‍ അധിക പരിചരണമില്ലാതെ വളര്‍ത്താമെന്നതാണ് ഇവയുടെ പ്രത്യേകത. ഇക്കോടൂറിസത്തില്‍ സ്ഥലങ്ങളുടെ മോടികൂട്ടാന്‍ യോജിച്ച താണ് ഈ ചെടികള്‍. ഇനങ്ങ ളനുസരിച്ച് രണ്ടുമാസം മുതല്‍ ഒരു വര്‍ഷം വരെയെടുക്കും ഇവ പുഷ്പി ക്കാന്‍. രൂപഭേദം വന്ന ഇലകളാണ് പൂക്കളുടെ ആകര്‍ഷണം. ഇനങ്ങള്‍ ക്കനുസരിച്ചു നിവര്‍ന്നും തൂങ്ങി യും വളരുന്ന പൂത്തണ്ടുകള്‍ ഹെലിക്കോ ണിയകളില്‍ ഉണ്ടാ കുന്നു. നൂറോളം ഇനങ്ങള്‍ ലഭ്യമാണെങ്കിലും വളരെ കുറച്ചിനങ്ങള്‍ മാത്രമേ വാണിജ്യ കൃഷിക്കു യോജിച്ചതുള്ളു. ഇനം അനുസരിച്ചു സൂര്യപ്രകാശത്തിന്റെ ആവശ്യകത വ്യത്യസ്തമാണ്. ഹെലി ക്കോണിയ കൃഷി വിജയത്തില്‍ നിര്‍ണായകമാണ് ഇനം തെരഞ്ഞെ ടുക്കല്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനങ്ങ ളാണ് ഐറിഷ്, കവൗച്ചി, ജാക്വിനി, സണ്‍റൈസ്, ഷി മുതലായവ. എല്ലാം തന്നെ തണല്‍ ആവശ്യമുള്ളവയുമാണ്. ശാസ്ത്രീയമായ കൃഷിമുറ കളിലൂടെ ഇവയെല്ലാം തെങ്ങിന്റെ ഇടവിളയായി വളര്‍ത്താം.


സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക്

സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക് അനുവാര്‍ഷിക പൂക്കളായ ബന്ദി, വാടാമുല്ല, കോഴിപ്പൂവ് എന്നിവ വളര്‍ത്താം. തെങ്ങിന്‍ ചുവട്ടില്‍ നിന്നു രണ്ടു മീറ്റര്‍ അകലത്തില്‍ ചാലുക ളെടുത്തു തൈകള്‍ നടാം. ബന്ദി, കോഴിപ്പൂവ് എന്നിവ നാല്പത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ നടണം. വാടാമുല്ല പടര്‍ന്നു വളരുന്നതിനാല്‍ ചെടികള്‍ തമ്മില്‍ അറുപതു സെന്റീ മീറ്റര്‍ അകലം ആവശ്യം. ബന്ദിത്തൈ കള്‍ നട്ട് ഒന്നര മാസത്തിനു ശേഷമേ പൂക്കാന്‍ അനുവദിക്കാവൂ. അതിനു മുമ്പു വരുന്ന പൂമൊട്ടുകള്‍ നുള്ളി കളഞ്ഞാല്‍ ചെടികള്‍ പടര്‍ന്നു വളരു കയും ധാരാളം പൂക്കളുണ്ടാകുകയും ചെയ്യും. പൂക്കാന്‍ തുടങ്ങുമ്പോള്‍ താങ്ങുനല്‍കാന്‍ ശ്രദ്ധിക്കണം. ഒരേ വരിയില്‍ വളരുന്ന ചെടികള്‍ പൂക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മുളചീളുകള്‍ വലിച്ചു കെട്ടി താങ്ങുനല്‍കാം. ഒരോചെടിക്കും പ്രത്യേകം കമ്പുനാട്ടി കൊടുക്കുന്ന രീതി കൃഷി ചെലവു വര്‍ധിപ്പിക്കും. ഓണത്തിനായി ബന്ദി കൃഷി ചെയ്യുമ്പോള്‍ കാലവര്‍ഷം അവസാനിക്കുന്നതോടെ ജൂലൈ അവസാന വാരം ചാലുകളെടുത്തു നാലഞ്ച് ഇലകളോടു കൂടിയ ഇളം തണ്ടുകള്‍ നട്ടു കൊടുക്കാം.

കൊറോണ അലങ്കാര സസ്യങ്ങ ളുടെ വിപണനത്തെ സാരമായി ബാ ധിച്ചു. ഈയവസരങ്ങളില്‍ പൂജാവശ്യ ങ്ങള്‍ ക്കു നിത്യവും വേണ്ട തെറ്റിയും തുളസിയും പോലും വിപ ണിയില്‍ ലഭ്യമല്ലാതായി. ചെറിയ തോതിലുള്ള തെറ്റി, തുളസി തുടങ്ങിയവയുടെ കൃഷിയും തെങ്ങിന്‍ തോപ്പു കളില്‍ തുടങ്ങാം.

തെറ്റി പൂക്കള്‍ക്ക് കൂടുതല്‍ വെയില്‍ ആവശ്യമായതിനാല്‍ അവ തോപ്പുകളുടെ വരമ്പുകളില്‍ നടു ന്നതാണു നല്ലത്. തെങ്ങിന്‍തോപ്പു കളില്‍ സൗന്ദര്യാനുഭൂതി നല്‍കുന്ന തോ ടൊപ്പം വരുമാനമാര്‍ഗം കൂടിയാക്കാന്‍ യോജിച്ച ഒന്നാണ് തെറ്റിപ്പൂ കൃഷി. നട്ടു നാലഞ്ചു മാസം മുതല്‍ പൂക്കള്‍ ലഭ്യമായി തുടങ്ങുമെ ങ്കിലും ആദ്യവര്‍ഷം വിളവു പൊതു വെ കുറവായിരിക്കും. എന്നാല്‍ ഒരിക്കല്‍ നടുന്ന ചെടികള്‍ പത്തു വര്‍ഷം വരെ വിളവു നല്‍കും. ഓഗസ്റ്റു മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ വേരുപിടിപ്പിച്ച തൈകള്‍ നടാം. വളക്കൂറും ജലലഭ്യതയുമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. നടുന്ന സ്ഥലം നല്ലതു പോലെ ഉഴുതു മറിച്ച് ഒമ്പതടി അകലത്തില്‍ അര അടി വീതിയുള്ള ചെറു ചാലുകളെടുത്തു മൂന്നടി അകലത്തില്‍ ചെടികള്‍ നടാം. തനി വിളയായി ആയിരം കമ്പുകള്‍ നടുന്നതിന് അറുപതു സെന്റ് സ്ഥലം ആവശ്യമാണ്. അരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെ ടുത്ത് ഉണങ്ങിയ ചാണകപ്പൊടി ചെടി ഒന്നിന് കാല്‍കിലോ മേല്‍ മണ്ണുമായി ചേര്‍ത്തു മുക്കാല്‍ ഭാഗം നിറച്ചതിനു ശേഷം ചെടികള്‍ നടാം. പുളിപ്പിച്ച കടലപ്പിണ്ണാക്ക് രണ്ടു മാസത്തിലൊരിക്കല്‍ ചെടി ഒന്നിന് അമ്പതു ഗ്രാം നല്‍കണം. ചെടിക ളുടെ മണ്ടനുള്ളി കൊടുത്തു പന്ത ലിച്ചു വളര്‍ത്തുന്ന രീതി അവലംബി ക്കണം. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മൂന്നു വര്‍ഷമാകുമ്പോള്‍ ഏഴടിയില്‍ കൂടുതല്‍ പൊക്കം വയ്ക്കും. പൂവ് നുള്ളാന്‍ ബുദ്ധിമുട്ടാവും. പൂക്കള്‍ 80 ശതമാനം വിരിയുമ്പോള്‍ കുലയോടെ പറിച്ചെടുക്കാം. ചെടികളില്‍ ഒരാഴ്ച വരെ പൂക്കള്‍ വാടാതെ നില്‍ക്കും. പറിച്ചെടുത്ത പൂക്കള്‍ മൂന്നു ദിവസം വരെ സൂക്ഷിക്കാം.

തുളസി കൃഷി

തുളസിച്ചെടികളുടെ കൃഷിയും വാണിജ്യ സാധ്യതയുള്ള മറ്റൊ ന്നാണ്. നട്ടു രണ്ടാം മാസം മുതല്‍ അഞ്ചു വര്‍ഷം വരെ വിളവു ലഭി ക്കുന്ന വിളയാണ് തുളസി. ഒരു സെന്റില്‍ നിന്നു പത്തു പിടി തുളസിക്കതിര്‍ ലഭിക്കും. പച്ച ഇലകള്‍ വെള്ളം തളിച്ച് രണ്ടു ദിവസം വരെ വാടാതെ സൂക്ഷിക്കാം. രോഗ കീടാക്രമണം പൊതുവെ കുറവാണ്. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ നടാം. ഒരു സെന്റ് സ്ഥലത്തേക്ക് ഒരു കിലോ പുളിപ്പിച്ച കടലപ്പിണ്ണാക്ക് മൂന്നു മാസത്തിലൊരിക്കല്‍ ചെടി കളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം.

സ്ഥലസൗകര്യമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മഴമറകള്‍ പോലെ ചെലവേറിയ സംരംഭങ്ങള്‍ ഒന്നുമില്ലാ തെ തെങ്ങിന്‍ തോപ്പുകളിലും പൂക്കള്‍ കൊണ്ട് വര്‍ണജാലം ഒരുക്കാം. ഉഷ്ണമേഖലാ പ്രദേശത്തു വളരു ന്നതും പരമ്പരാഗതമായി തെങ്ങിന്‍ തോപ്പുകളില്‍ ഇടം നേടിയതുമായ ഇടവിളകളില്‍പെടുന്ന അലങ്കാര സസ്യവര്‍ഗങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കണം.

ഡോ. കെ. നിഹാദ്
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കായംകുളം, ആലപ്പുഴ
ഫോണ്‍: 94466 16449