സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
Friday, October 30, 2020 4:32 PM IST
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്പം തന്നെ പശുവളര്‍ത്തലിലൂടെ മാസം ശരാശരി 30,000-40,000 രൂപ അധികവരുമാനമുണ്ടാക്കുകയാണ് കണ്ണൂര്‍ ചൊക്ലി ഒളവിലത്ത് കോട്ടേമ്മല്‍ സുഗീഷ് എന്ന മുപ്പതുകാരന്‍. കോവിഡ് കാലത്ത് ഉയര്‍ന്നുവരുന്ന വിപണന സമ്പ്രദായമാണ് ലോക്കല്‍ ഫാം മൂവ്‌മെന്റ് എന്നുള്ളത്. പ്രാദേശിക വിപണികളെ ആശ്രയിച്ചുള്ള വില്‍പനയാണ് ഇതു മുന്നോട്ടു വയ്ക്കുന്ന ആശയം. ഈ രീതി നേരത്തെ പരീക്ഷിച്ച് വിജയിച്ചയാളാണ് സുഗീഷ്.

നാട്ടിലെ മാര്‍ക്കറ്റും വില വര്‍ധനയും

നിലവില്‍ കറവയുള്ള 11 പശുക്കളാണുള്ളത്. ഇതില്‍ ചിലതിന്റെ കറവ കഴിയാറായതുമാണ്. രാവിലെയും വൈകിട്ടുമായി 80 ലിറ്റര്‍ പാല് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ 40 ലിറ്ററോളം പാല്‍ നാട്ടുകാര്‍ തന്നെ വാങ്ങുന്നു. ലിറ്ററിന് 60 രൂപയാണ് വില. ബാക്കിവരുന്ന പാല് സൊസൈറ്റിയില്‍ ലിറ്ററിന് 43 രൂപ നിരക്കില്‍ നല്‍കും.

കുട്ടിക്കാലം മുതല്‍ വീട്ടില്‍ പശുവുണ്ടായിരുന്നു. അച്ഛനായിരുന്നു പശുവിന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ആ സമയത്ത് അച്ഛനെ സഹായിക്കുമായിരുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ കൂടുതല്‍ സമയം പശുക്കള്‍ക്കൊപ്പമായിരുന്നു. സുഗീഷ് വളര്‍ന്നതിനൊപ്പം പശുക്കളോടും പശുവളര്‍ത്തലിനോടുമുള്ള സ്‌നേഹവും താത്പര്യവും വളര്‍ന്നു. കൂടുതല്‍ പശുക്കളെ വളര്‍ത്താന്‍ വീടിനു സമീപം സൗകര്യങ്ങളില്ലായിരുന്നു. അച്ഛന്റെ പേരില്‍ വീടിനു സമീപത്തുള്ള 15 സെന്റിലാണ് തൊഴുത്തുസ്ഥാപിച്ചിരിക്കുന്നത്. 19.5 മീറ്റര്‍ നീളത്തിലും 75 മീറ്റര്‍ വീതിയിലും 32 പശുക്കള്‍ നില്‍ക്കത്തക്ക രീതിയിലാണ് തൊഴുത്തു നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ കിടാരികള്‍ ഉള്‍പ്പെടെ 25 പശുക്കള്‍ ഇപ്പോഴുണ്ട്. എച്ച്എഫ്, ജേഴ്‌സി ഇനത്തില്‍പ്പെട്ടവയാണ് അധികവും. സഹിവാള്‍, ഗീര്‍, കാസര്‍ഗോഡ് കുള്ളന്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. വീടിനു സമീപം മറ്റൊരാളുടെ സ്ഥലത്ത് ഒരേക്കറില്‍ സൂപ്പര്‍ നേപ്പിയര്‍, സിഒ-3 ഇനം പുല്ലുകള്‍ വളര്‍ത്തുന്നു. നല്ല കറവയുടെ സമയത്ത് എച്ച്എഫ്, ജേഴ്‌സി ഇനങ്ങളില്‍ നിന്ന് 15 ലിറ്റര്‍ പാല്‍ ലഭിക്കും. സഹിവാള്‍ പശു 12-13 ലിറ്റര്‍ ചുരത്തും. എല്ലാ പാലും ഒന്നിച്ചൊഴിച്ചാണ് വില്‍പന.


കൂട്ടുകാരെയും മൃഗഡോക്ടര്‍മാരെയും കൂടെ കൂട്ടി

ഫാമില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആദ്യം ഓടിയെത്തുന്നത് സുഗീഷിന്റെ കൂട്ടുകാരാണ്. ചൊക്ലി, കരിയാട് മൃഗാശുപത്രികളിലെ ഡോക്ടര്‍മാരും വിളിച്ചാല്‍ സഹായത്തിനായി ഓടിയെത്താറുണ്ടെന്ന് സുഗീഷ് പറയുന്നു.

ജോലിക്കു മുമ്പും പിമ്പും

പുലര്‍ച്ചേ നാലിനു തുടങ്ങും സുഗീഷിന്റെ ഫാമിലെ ജോലികള്‍. തൊഴുത്തു വൃത്തിയാക്കി, പശുക്കളെ കുളിപ്പിച്ച് തീറ്റ നല്‍കും. അതിനു ശേഷമാണ് രാവിലത്തെ കറവ ആരംഭിക്കുക. കാലിത്തീറ്റയ്‌ക്കൊപ്പം ചോളപ്പൊടി, ഉഴുന്ന്, ഗോതമ്പ്, അരി എന്നിവയുടെ തവിട്, കാല്‍സ്യം പൗഡര്‍ എന്നിവ ചേര്‍ത്ത തീറ്റ നല്‍കും. വൈകുന്നേരവും ഇതേ തീറ്റ ആവര്‍ത്തിക്കും. പച്ചപ്പുല്ലും വൈക്കോലും കൃത്യമായി തീറ്റയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഒരു പശുവിന് ശരാശരി 6-7 കിലോ തീറ്റ ദിവസം നല്‍കും. രാവിലെ ഏഴോടെ കറവകഴിഞ്ഞാല്‍ മേയാനായി പശുക്കളെ പറമ്പിലേക്കു വിടും. ഉച്ചക്കു പന്ത്രണ്ടോടെ തിരിച്ച് തൊഴുത്തില്‍ കയറ്റും. രാവിലത്തെ ജോലികള്‍ക്കു ശേഷം ബാങ്കിലേക്ക്. പിന്നെ ബാങ്കില്‍ നിന്നു വന്നശേഷവും പശുക്കള്‍ക്കൊപ്പം. ഇങ്ങനെ ഭക്ഷ്യവസ്തു ഉത്പാദനത്തില്‍ യുവാക്കളും പങ്കാളികളായാല്‍ ഏതു മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെയും സാമ്പത്തിക പ്രതിസന്ധിയെയും നമുക്കു മറകടക്കാമെന്നു കാണിച്ചു തരികയാണ് ഈ യുവാവ്.

പ്രദീഷ് ഒളവിലം
കണ്ണൂര്‍