ആടു വളര്‍ത്തലിലെ ആദായവഴികള്‍
മൃഗസംരക്ഷണ സംരംഭകത്വത്തിലേക്കു വരുന്ന പുതുസംരംഭകരുടെ ഇഷ്ടമേഖല കളിലൊന്നാണ് ആടു വളര്‍ത്തല്‍. കുറഞ്ഞ മുതല്‍മുടക്കും ആവര്‍ത്തന ചെലവും ജോലിഭാരവും ആടുവളര്‍ത്തല്‍ ആകര്‍ഷകമാക്കുന്നു. ഭൂമി, വെള്ളം, വൈദ്യുതി എന്നിവ കുറച്ചു മതി. മാലിന്യനി ര്‍മാര്‍ജനം എന്ന തലവേദനയും താരതമ്യേന കുറവ്. ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും സന്താന സമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുമെല്ലാം ആടുവളര്‍ത്തല്‍ ആകര്‍ഷകമാക്കുന്നു. ആടിനും ആട്ടിന്‍കുഞ്ഞു ങ്ങള്‍ക്കുമെല്ലാം ആവശ്യക്കാര്‍ ഏറെയുണ്ട്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും മാംസവും ആടിന്റേതു തന്നെ. സുസ്ഥിരവും സുനിശ്ചിതവുമായ വിപണിയുമുണ്ട്.

ആകര്‍ഷക ഘടകങ്ങള്‍

1. കുറഞ്ഞ മുതല്‍മുടക്ക്, ജോലിഭാരം.
2. ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും സന്താന സമൃദ്ധിയും.
3. കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാ നിരക്കും.
4. ഉയര്‍ന്ന രോഗപ്രതിരോധശേഷി.
5. ആവശ്യക്കാര്‍ ധാരാളം, സുസ്ഥിരവും സുനിശ്ചിതവുമായ വിപണി.

തുടങ്ങുന്നതിനു മുമ്പ്

1. അറിവും പ്രായോഗികജ്ഞാനവും ആര്‍ജിക്കണം.
2. മികച്ച ആടു ഫാമുകള്‍ സന്ദര്‍ശിക്കണം.
3. പരിചയസമ്പന്നരായ കര്‍ഷകരുമായി സംവദിക്കണം.
4.വിജയിച്ചവരോടും പരാജയപ്പെട്ടവരോടും സംസാരിക്കണം.
5. പരിശീലന പരിപാടികളില്‍ പങ്കെടുക്കണം.
6. കൂടിന് അധികം ചെലവിട്ടാല്‍ ലാഭം വരാന്‍ വൈകും.

ലോബികള്‍ കുറവ്

ആടുവളര്‍ത്തല്‍ മേഖലയില്‍ അയല്‍ സംസ്ഥാനലോബികളുടെ ഇടപെടല്‍ താരതമ്യേന കുറവാണ്. കശാപ്പു, കാലിച്ചന്ത നിയന്ത്രണങ്ങളൊന്നും ബാധകമാവാത്ത മേഖല കൂടിയാണിത്. വിശ്വാസപരമായ വിലക്കുകളൊന്നും തന്നെ ആടിനും ആടുത്പന്നങ്ങള്‍ക്കുമില്ല.

ഇരുപത് ആടുകള്‍: ലക്ഷം വാര്‍ഷികാദായം

ഇരുപത് ആടുകള്‍ മാത്രമുള്ള ചെറിയ സംരംഭങ്ങളില്‍ നിന്നു പോലും ലക്ഷത്തോളം വാര്‍ഷി കാദായമുണ്ടാക്കുന്ന കര്‍ഷകര്‍ ഇന്നു കേരളത്തിലുണ്ട്. അമ്പത് ആടുകളെ വരെ വളര്‍ത്തുന്ന തിന് ലൈസന്‍സ് ആവശ്യമി ല്ലെന്ന ലൈസന്‍സ് ചട്ടഭേതഗതിയും ആടു വളര്‍ത്തലിന് പ്രതീ ക്ഷ നല്‍കുന്നതാണ്.

ആദ്യം അറിവ്, പിന്നെ ആട്

വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തലിന്റെ ആദ്യപടി അറി വാണ്. പ്രായോഗികജ്ഞാനം ആര്‍ജി ക്കല്‍ ഇതോടൊപ്പം നടക്കണം. മികച്ച ആടുഫാമുകള്‍ സന്ദര്‍ശിച്ചും പരിചയ സമ്പന്നരായ കര്‍ഷകരുമായി സംവ ദിച്ചും ആടു കൃഷിയിലെ അറിവുകള്‍ നേടണം. ഈ മേഖലയില്‍ വിജയിച്ച വരോടു മാത്രമല്ല പരാജയപ്പെട്ട് സംരംഭം അടച്ചുപൂട്ടിയവരോടും സംസാരിക്കാന്‍ മടിക്കേണ്ട. ആവശ്യ മെങ്കില്‍ മൃഗസംരക്ഷണവകുപ്പിന്റെ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയി നിംഗ് സെന്ററുകളില്‍ നടക്കുന്ന ആടു വളര്‍ത്തല്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കാം. തൃശൂര്‍ മണ്ണുത്തി വെറ്റ റിനറി കോളജിലെ മലബാറി ആടു സംരക്ഷണകേന്ദ്രത്തില്‍ എല്ലാ മാസവും പരിശീലന പരിപാടി നടക്കുന്നുണ്ട്. യൂടൂബ്, വാട്ട്‌സാപ്പ് അട ക്കമുള്ള നവമാധ്യ മങ്ങളില്‍ വന്നു നിറയുന്ന മോഹിപ്പിക്കുന്ന കഥകളുടെ മാത്രം പിന്‍ബലത്തില്‍ ആടു ഫാം നടത്താനിറങ്ങിയാല്‍ നഷ്ടം സംഭവിക്കാം.

ആട്ടിന്‍ കൂടിന് അധികം മോടി വേണ്ട

വലിയതുക മുടക്കി ഒരുക്കുന്ന ഹൈടെക് കൂടുകള്‍ ചെലവു വര്‍ധിപ്പിക്കും. ലാഭം കുറയ്ക്കും, മുടക്കു മുതല്‍ തിരിച്ചുപിടിക്കല്‍ വൈകി പ്പിക്കും. വരുമാനം വന്നുതുടങ്ങാന്‍ അല്പം കാലതാമസം വേണ്ട സംരം ഭങ്ങളില്‍ ഒന്നാണ് ആടുവളര്‍ ത്തല്‍. ആടിനു വേണ്ടി മുടക്കുന്ന തിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് ഫൈബര്‍ തട്ടിലും ജി.ഐ പൈപ്പിലുമെല്ലാം ഹൈടെക്ക് കൂടുകള്‍ പണികഴി പ്പിക്കരുത്. പകരം ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ആടുകള്‍ക്ക് സുര ക്ഷിതത്വം ഉറപ്പുവരുത്തുന്ന കൂടുകള്‍ നിര്‍മിക്കണം. ഫാം ആദായത്തിലാ യാല്‍ വിപുലീകരിക്കാം. ഈ ഘട്ട ത്തില്‍ ആവശ്യമെങ്കില്‍ മാത്രം ഫൈ ബര്‍ സ്‌ളേറ്റഡ് പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ചുള്ള ഹൈടെക് കൂടുകളുടെ സാധ്യതകള്‍ പ്രയോജന പ്പെടുത്താം.

തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാം

നല്ല നീര്‍വാര്‍ച്ചയുള്ള കൃഷിയിടത്തിലെ ഉയര്‍ന്ന സ്ഥലങ്ങള്‍ വേണം കൂടിനായി തെരഞ്ഞെടുക്കേണ്ടത്. കിഴക്കു-പടിഞ്ഞാറ് ദിശയില്‍ നിര്‍മി ക്കുന്നതാണുത്തമം. ഒരു പെണ്ണാടിന് 10 ചതുരശ്ര അടി, മുട്ട നാടിന് 20- 25 ചതുരശ്ര അടി, കുട്ടി കള്‍ക്ക് രണ്ടു ചതുരശ്ര അടി എന്ന കണക്കില്‍ കൂട്ടില്‍ സ്ഥലം ഉറപ്പാ ക്കണം. 250 ചതുരശ്ര അടി വിസ് തീര്‍ണമുള്ള ഒരു കൂട്ടില്‍ 20 പെണ്ണാ ടുകളെയും കുട്ടികളെയും ഒരു മുട്ട നാടിനെയും വളര്‍ത്താം.


ഉറപ്പുള്ള കൂട്

ബലമുള്ള മരത്തടികള്‍, ഹോളോ ബ്രിക്‌സ്, കോണ്‍ക്രീറ്റ് ബാറുകള്‍, സ്‌ക്വയര്‍ പൈപ്പുകള്‍ എന്നിവ കൂടു നിര്‍മാണത്തിനുപയോഗിക്കാം. ആടു കള്‍ നില്‍ക്കുന്ന തട്ട് അഥവാ പ്ലാറ്റ് ഫോം ഭൂനിരപ്പില്‍ നിന്ന് അഞ്ചാറടി ഉയര്‍ന്നു വേണം. ഇരപിടിയന്മാരില്‍ നിന്നു സുരക്ഷിതത്വം ഉറപ്പാക്കാനും മൂത്രവും കാഷ്ഠവും കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. ജൈവമാലിന്യ ങ്ങള്‍ പുറംതള്ളുന്ന അമോണിയ വാതകം കൂടിനടിയില്‍ തങ്ങിനിന്നാല്‍ ആടുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. ഇതൊഴിവാക്കി, നല്ല വായു സഞ്ചാരം ഉറപ്പാക്കുന്ന വിധത്തി ലാവണം പ്ലാറ്റ്ഫോം നിര്‍മാണം. ഇതിനായി കവുങ്ങ്, പന, മരപ്പട്ടിക എന്നിവ ഉപയോഗപ്പെടുത്താം. മരപ്പട്ടി കകള്‍ക്കിടയില്‍ 1.25-1.5 സെന്റി മീറ്റര്‍ വിടവു നല്‍കിവേണം പ്ലാറ്റ് ഫോം നിര്‍മിക്കാന്‍. ഒത്തനടുവി ലേക്ക് ചാണകവും മൂത്രവും ഒഴുകി എത്തത്തക്ക തരത്തില്‍ ചരിച്ചുവേണം കൂടിന്റെ തറഭാഗം കോണ്‍ ക്രീറ്റ് ചെയ്യാന്‍. ആട്ടിന്‍ കാഷ്ഠവും മൂത്രവും വെവേറെ ശേഖരിക്കണ മെങ്കില്‍ പ്ലാറ്റ് ഫോമിനു രണ്ടടി ചുവടെ പ്ലാസ്റ്റിക് ഷീറ്റോ അലൂമിനിയം ഷീറ്റോ കോണാ കൃതിയില്‍ ക്രമീകരിച്ച് ഒരു അടിത്തട്ട് അഥവാ സെല്ലര്‍ പണിയാം. മൂത്രം ശേഖരിക്കുന്നതിനായി ഷീറ്റി ന്റെ ഇരുവശങ്ങളിലും പിവിസി പൈപ്പ് നെടുകെ പിളര്‍ന്ന് പാത്തികളും അറ്റത്ത് ശേഖരണ ടാങ്കും ഒരുക്കണം.


പ്ലാറ്റ്ഫോമില്‍ നിന്നും ഒന്നര- രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ മരപ്പ ട്ടികകൊണ്ടോ മുള കൊണ്ടോ ഇഴയ കലമുള്ള കമ്പിവല കൊണ്ടോ ഭിത്തി നിര്‍മിക്കാം. മരപ്പട്ടികകള്‍ തമ്മില്‍ 4 - 6 സെന്റിമീറ്റര്‍ അകലം നല്‍കണം. ശരീരതാപനില പൊതുവെ ഉയര്‍ന്ന ജീവികളാണ് ആടുകള്‍. ഇതിനാല്‍ ആട്ടിന്‍ കൂട്ടില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. ശ്വാസ കോശരോഗങ്ങള്‍ തടയാനും ഇതു സഹായിക്കും. ഓല, ഓട്, തകര, ടിന്‍ കോട്ടഡ് അലുമിനിയം ഷീറ്റ് എന്നിവയൊക്കെക്കൊണ്ട് മേല്‍ക്കൂര ഒരുക്കാം. പ്ലാറ്റ്ഫോമില്‍ നിന്നു മേല്‍ക്കൂരയുടെ ഒത്ത മധ്യത്തിലേക്കു നാലു മീറ്റര്‍ ഉയരം നല്‍കണം. ഇരുവശങ്ങളിലെ പ്ലാറ്റ്ഫോമില്‍ നിന്നു മേല്‍ക്കൂര യിലേക്കുള്ള ഉയരം മൂന്നു മീറ്ററായിരിക്കണം. വശങ്ങളില്‍ 1- 1.5 മീറ്റര്‍ പുറത്തേക്കിറങ്ങി നില്‍ക്കുന്ന രീതി യില്‍ വേണം മേല്‍ക്കൂര ക്രമീകരി ക്കേണ്ടത്. ഒരു മീറ്റര്‍ വീതിയില്‍ വാതിലും ചവിട്ടുപടികളും ഒരുക്കണം. ഒരാടിന് അരയടി നീളം എന്ന കണക്കില്‍ ഒന്നരയടി ഉയര ത്തില്‍ തീറ്റത്തൊട്ടി കൂട്ടിനു ള്ളിലോ പുറത്തോ ക്രമീകരിക്കാം. പത്ത് ആടുകളെ വളര്‍ത്തുന്ന ഒരു കൂട്ടില്‍ ഒരാടിന് അരയടി എന്ന കണക്കില്‍ തീറ്റത്തൊട്ടിക്ക് അഞ്ചടി നീളം നല്‍കണം. വെള്ളപ്പാത്രങ്ങള്‍ അര യടി ഉയരത്തില്‍ ക്രമീകരിക്കണം. വ്യാസം കൂടിയ പിവിസി പൈപ്പുകള്‍ നെടുകെ കീറി ചെലവു കുറഞ്ഞ രീതിയില്‍ തീറ്റ െത്താട്ടി നിര്‍മിക്കാം.

ആട് ബ്രീഡുകള്‍ തെരഞ്ഞെടുക്കുമ്പോള്‍

നമ്മുടെ തനത് ആട് ജനുസു കളായ മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ ഇനങ്ങളെ കൂടാതെ ജമുനാപാരി, ബീറ്റല്‍, സിരോഹി, ഒസ്മനാബാദി, ബര്‍ബാറി തുടങ്ങി ഇത്തിരി കുഞ്ഞന്‍ അസാം ഡ്വാര്‍ഫ് ഉള്‍പ്പെടെ നിരവധി മറുനാടന്‍ ജനുസുകളും ഇന്ന് കേരളത്തില്‍ പ്രചാരത്തിലുണ്ട്. അംഗീകൃത ജനു സുകളുടെ പട്ടികയില്‍ ഇടംപിടി ച്ചിട്ടില്ലെങ്കിലും സങ്കരപ്രജനനം വഴി പ്രാദേശികമായി ഉരുത്തിരിച്ച ചില ആടിനങ്ങളും കേരളത്തിലിന്നു പ്രചാ രത്തിലുണ്ട്. പര്‍ബസാരി, തോത്താ പുരി, കരോളി, സോജത്, കോട്ട, നാഗഫണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആടുകള്‍ പ്രാദേശിക ഇനങ്ങള്‍ക്ക് ഉദാഹരമാണ്. ഉത് പാദന -പ്രത്യുത്പാദന ക്ഷമത യിലും വളര്‍ച്ചാനിരക്കിലും രോഗപ്രതി രോധ ശേഷിയിലുമെല്ലാം ഓരോ ജനുസ് ആടുകള്‍ക്കും മേന്‍മകളും പോരായ് മകളുമെല്ലാം ഏറെയുണ്ട്. സിരോ ഹിയും ഒസ്മനാബാദിയും ജമുനാ പാരിയുമെല്ലാം മാംസോത് പാദന ത്തിന് പേരുകേട്ടവയാണ്. മാം സോത് പാദനത്തിനും പാലുത്പാദന ത്തിനും പ്രത്യുത്പാദനമികവിനു മെല്ലാം ഒരുപോലെ മികവുള്ളവരാണ് മലബാറി, ബീറ്റല്‍, ബാര്‍ബാറി തുടങ്ങിയ ആടിനങ്ങള്‍. ബീറ്റല്‍, ഒസ്മനാബാദി, മലബാറി ഇനം ആടുകളില്‍ ഓരോ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 8-10 മാസം വരെയാണെങ്കില്‍ ജമുനാപാരി ആടു കള്‍ക്കിടയില്‍ ഈ ഇടവേള ഒരു വര്‍ഷത്തിനും മുകളിലാണ്.

ലക്ഷ്യം സെറ്റ് ചെയ്യുക

മാംസോത്പാദനം, നല്ലയിനം കുഞ്ഞുങ്ങളുടെ ഉത്പാദനവും വിപ ണനവും, പാലുത്പാദനം, ഇണ ചേര്‍ക്കാന്‍ വേണ്ടി മാത്രമുള്ള മേല്‍ ത്തരം മുട്ടനാടുകളുടെ പരിപാ ലനം, ഫാന്‍സി, ഓമന ആടുകളുടെ വിപ ണനം തുടങ്ങി ഓരോ ആടു സംരം ഭകന്റെയും ലക്ഷ്യങ്ങള്‍ പലതാ യിരിക്കും. ഈ സംരംഭകലക്ഷ്യ ങ്ങളോട് ഇണങ്ങുന്നതും ഉത്തമ ജനി തകഗുണങ്ങളുള്ളതുമായ ജനുസു കളെ വേണം ഫാമിലെ മുഖ്യ ബ്രീഡായി തെരഞ്ഞെടു ക്കേണ്ടത്.

സംരംഭത്തിന്റെ ആരംഭത്തില്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ള ആടുജനുസുകളെ വളര്‍ത്താനായി തെരഞ്ഞെടുത്ത് കൈപൊള്ളിയവര്‍ ഏറെയുണ്ട്. പ്രത്യുത്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചാ നിരക്ക്, പരിപാലനചെലവ് എന്നിവ യെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും ഇവയുടെ സങ്കരയിന ങ്ങളും തന്നെയാണ് ഒരുപടി മുന്നില്‍. പുതുസംരംഭകര്‍ക്ക് വളര്‍ത്താവുന്ന ഇനവും നമ്മുടെ മലബാറി തന്നെ. കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപ ണനം ചെയ്യാനും മാംസോത്പാദ നത്തിനും ഏറ്റവും ഉത്തമം മലബാറി, മലബാറി സങ്കരയിനം ആടുകള്‍ തന്നെയാണ്. നാടന്‍ ആടുകളുടെ വര്‍ഗഗുണമുയര്‍ത്താന്‍ മലബാറി മുട്ടനാടുകളുമായുള്ള പ്രജനനം (ബ്രീഡിംഗ്) സഹായിക്കും. നമ്മുടെ നാടിനോടിണങ്ങുന്നതും തുടക്ക ക്കാരുടെ കൈയിലൊതു ങ്ങുന്നതു മായ മലബാറി ആടുകളെ വളര്‍ത്തി അറിവും അവഗാഹവും നേടുമ്പോള്‍ ക്രമേണ മറ്റു ബ്രീഡുകളെ ശ്രദ്ധാ പൂര്‍വം തെ രഞ്ഞെടുത്തു വളര്‍ത്താം. ആവശ്യമെങ്കില്‍ വിദഗ്ധ നിര്‍ദേ ശപ്രകാരം വിവിധ ജനുസുകള്‍ തമ്മിലുള്ള സങ്കരപ്രജനന സാധ്യ തകള്‍ പരീക്ഷിക്കാവുന്നതുമാണ്.

ആടുവളര്‍ത്തലില്‍ ചെയ്യരുതാത്തവ

കന്നുകാലി ചന്തകളില്‍ നിന്നും കശാപ്പുകാരുടെ കൈയില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും വളര്‍ത്താനായി ആടുകളെ വാങ്ങുന്നത് ഒഴിവാക്കണം. ശാസ്ത്രീയ രീതിയില്‍ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നോ സ്വകാര്യ ഫാമുകളില്‍ നിന്നോ സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി ഫാമുകളില്‍ നിന്നോ ആടുകളെ വാങ്ങാം. ആടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രസവത്തിലെ കുട്ടികളുടെ എണ്ണം, പാലിന്റെ അളവ്, നല്‍കിയ പ്രതിരോധകുത്തിവയ്പുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം വാങ്ങുന്ന സമയത്ത് ചോദിച്ചറിയണം. രക്ത ബന്ധമില്ലാത്ത ആടുകള്‍ തമ്മില്‍ ഇണചേര്‍ന്നുണ്ടായ കുഞ്ഞുങ്ങളെ മാത്രമേ വളര്‍ത്താന്‍ വേണ്ടി തെരഞ്ഞെടുക്കാവൂ. മൂന്നു മാസം പ്രായമെത്തിയ പാല്‍കുടി മാറിയ കുഞ്ഞുങ്ങളെയും 8-9 മാസം പ്രായമായ പെണ്ണാടുകളെയും ഒരു വര്‍ഷം പ്രായമായ മുട്ടനാടിനെയും തെരഞ്ഞെടുക്കാം.

ആടുകളുടെ പല്ലുകള്‍ പരിശോധിച്ച് പ്രായനിര്‍ണയം സാധ്യമാണ്. രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയാടിനുണ്ടായ കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. പെണ്ണാടുകളെ വാങ്ങിയ പ്രദേശത്തു നിന്നുതന്നെ മുട്ടനാടുകളെ വാങ്ങുന്നതൊഴിവാക്കണം. മുട്ടനാടുകള്‍ ജനുസിന്റെ സവിശേഷതകളും ഗുണങ്ങളും ഒത്തിണങ്ങിയതാവണം. ശാരീരിക വൈകല്യങ്ങളുണ്ടാകരുത്. ഫാമിലേക്ക് ആദ്യഘട്ടത്തില്‍ നമ്മള്‍ തെരഞ്ഞെടുക്കുന്ന മാതൃ-പിതൃശേഖരത്തിന്റെ ഗുണവും മേന്മയും ഫാമിന്റെ വളര്‍ച്ചയും വിജയവും നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. (തുടരും)

ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്