ശത്രു മുന്നിലെത്തി, അടവൊന്നു മാറ്റിയില്ലെങ്കില്‍ അടിയോടെ പോകും
ശത്രു മുന്നിലെത്തി, അടവൊന്നു മാറ്റിയില്ലെങ്കില്‍ അടിയോടെ പോകും
കര്‍ഷകര്‍ നേരിടേണ്ട ഏറ്റവും അടുത്തെത്തിയ ശത്രുവാണ് കാലാവസ്ഥാ വ്യതിയാനം. മാറുന്ന കാലാവസ്ഥയില്‍ അടവൊന്നു മാറ്റിയില്ലെങ്കില്‍ അടിയേപോകും, കൃഷിയും കര്‍ഷകരുമെല്ലാം. കൃഷിയും ഭക്ഷണ രീതികളും എങ്ങനെ മാറണം? ഭക്ഷ്യ-പോഷക സുരക്ഷയെ ഇതെങ്ങനെ ബാധിക്കും? ഇതൊന്നും അത്രകണ്ടു ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയങ്ങളാണ്. മാറുന്ന കാലാവസ്ഥ ഭക്ഷ്യ-പോഷക ലഭ്യതയെ മാത്രമല്ല, അവയുടെ പ്രാപ്യതയെയും ആഗിരണ ക്ഷമതയെയും ബാധിക്കു മെന്നാണ് വിദഗ്ധ മതം. കാലാവസ്ഥ വ്യതിചലിച്ചാലെന്ത്? ഒന്നു പരിശോധിക്കാം.

നിലവില്‍ 780 കോടി എത്തിയ ലോക ജനസംഖ്യ 2050- ഓടെ 950 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ലോക ജനസംഖ്യയില്‍ അധികവും യുവാക്കളും വയോജനങ്ങളുമാണ്. രണ്ടുവിഭാഗത്തിനും ഭക്ഷണവും പോഷക മൂലകങ്ങളും അധികം വേണ്ടിവരും. വര്‍ധിക്കുന്ന ആയുര്‍ദൈര്‍ഘ്യം, നഗരവത്കരണം, അധിക വരുമാനവും ചെലവുചെയ്യാനുള്ള ശേഷി വര്‍ധനയുമൊക്കെ ഭക്ഷ്യ-പോഷക വസ്തുക്കളുടെ ഡിമാന്‍ഡു യര്‍ത്താന്‍ പോന്നതാണ്. 70 ശതമാനം അധികം ഭക്ഷ്യവിഭവങ്ങള്‍ 2050 ഓടെ ആവശ്യമായി വരും.

കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനവും വിപണനവും ഗുണനിലവാരവും കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭക്ഷ്യപോഷക കമ്മി യാഥാര്‍ഥ്യമാക്കും. ജനസംഖ്യയ്ക്ക് ആനുപാതികമായി പോഷകഗുണമുള്ള ഇഷ്ടഭക്ഷണം ലഭിക്കാത്ത അവസ്ഥ പ്രതീക്ഷിക്കണം. വരുന്ന ഓരോ പത്തുവര്‍ഷവും ഭക്ഷ്യവിഭവങ്ങളുടെ ഡിമാന്‍ഡ് 10 ശതമാനം വര്‍ധിക്കും. എന്നാല്‍ ഉത്പാദനം രണ്ടുശതമാനം എന്ന കണക്കില്‍ താഴുമെന്നുമാണ് വിലയിരുത്തല്‍. കഴിഞ്ഞ കാലഘട്ടങ്ങളില്‍ കാര്‍ഷിക വിപ്ലവങ്ങള്‍ വഴിയൊക്കെ ഭക്ഷ്യസുരക്ഷനേടാന്‍ നമുക്കു സാധിച്ചിരുന്നു. ഇതൊന്നും മാറുന്ന കാലാവസ്ഥയില്‍ പ്രയോജനപ്രദമാകില്ലെന്ന തിരിച്ചറിവില്‍ നിന്നാകണം നമ്മുടെ കാര്‍ഷിക ആസൂത്രണ ത്തിന്റെ തുടക്കം. കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്ന താപനിലയും കുറയുന്ന ജലലഭ്യതയും കൃഷിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. ഉയര്‍ന്ന താപനിലയെയും ഈര്‍പ്പക്കുറവിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളവയല്ല മിക്ക കാര്‍ഷിക വിളകളും. കീടരോഗങ്ങളുടെ ആക്രണവും ഈ സന്ദര്‍ഭത്തില്‍ കൂടുതലുണ്ടാകും. ഫലമോ ഉത്പാദനം കുറയും. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെയായിരിക്കും ഇന്ത്യയില്‍ കാലാവസ്ഥാ മാറ്റം കൂടുതല്‍ ബാധിക്കുക.

മഴയെ ആശ്രയിച്ചാണ് നമ്മുടെ രാജ്യത്തെ കൃഷി. 65 ശതമാനത്തിലധികവും ഉത്പാദിപ്പിക്കുന്നത് നിലങ്ങളില്‍ നിന്നും. കാലാവസ്ഥാ മാറ്റം മൂലമുളവാകുന്ന മഴക്കുറവോ മഴ വ്യതിയാനമോ ഭക്ഷ്യ- ധാന്യ ഉത്പാദനത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കും. കുറയുന്ന വര്‍ഷപാതം ഭൂഗര്‍ഭ ജലലഭ്യതയെയും അതുവഴി ജലസേചനത്തെയും സമ്മര്‍ദ്ദത്തിലാക്കും. ഇപ്പോള്‍ തന്നെ തെക്കെ ഏഷ്യയിലെ പല രാജ്യങ്ങളിലും നെല്ലും ഗോതമ്പും ഉയര്‍ന്ന താപസഹിഷ്ണുത പരിധിയിലാണ് വളരുന്നത്. ഇനി താപനില ഒരു ഡിഗ്രി കൂടിയാല്‍ പോലും അത് 10 ശതമാനത്തോളം ഉത്പാദനക്കുറവിനു കാരണമാകും. ഉയര്‍ന്ന താപനില കൊണ്ടു മാത്രം നെല്ലില്‍ 6.6 ശതമാനവും ഗോതമ്പില്‍ 9.1 ശതമാനവും ഉത്പാദനക്കുറവുണ്ടാകാം. കീടരോഗങ്ങള്‍ മൂലം നെല്ലില്‍ രണ്ടുശതമാനവും, ഗോതമ്പില്‍ 1.6 ശതമാനവും അധിക ഉത്പാദന നഷ്ടം കണക്കാക്കുന്നു. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചെയ്ഞ്ചിന്റെ (ഐ പിസിസി)2007 ലെ റിപ്പോര്‍ട്ട് പ്രകാരം 0.5 ഡിഗ്രി ശീതകാല താപനില കൂടിയാല്‍ തന്നെ അത് ഒരു ഹെക്ടറില്‍ ഗോതമ്പ് വിളവ് 0.45 ടണ്‍ കുറയാന്‍ കാരണമാകും. ധാന്യവിളകളല്ലാത്ത മറ്റു ചില വിളകളെയും കൂടുന്ന ഊഷ്മാവ് സമ്മര്‍ദ്ദത്തിലാക്കാം. ഉദാ: നാണ്യവിളകളായ കുരുമുളക്, ഏലം, കാപ്പി, ജാതി, റബര്‍. ഉയര്‍ന്ന താപനിലയില്‍ പഴങ്ങള്‍ മൂപ്പെത്താതെ പഴുക്കാനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം പോഷക വിളകളില്‍ മാംസ്യം, ഇരുമ്പ്, സിങ്ക് എന്നീ ഘടകങ്ങള്‍ മൂന്നു മുതല്‍ 17 ശതമാനം വരെ കുറയാനും സാധ്യതയുണ്ട്. 2050 ഓടെ നമ്മുടെ രാജ്യത്ത് 49.6 ദശലക്ഷം (2.9 ശതമാനം വര്‍ധന) ജനങ്ങള്‍ സിങ്ക് അപര്യാപ്ത ഉള്ളവരും 38.2 ദശലക്ഷം (2.2 ശതമാനം അധികം) ആളുകള്‍ മാംസ്യത്തിന്റെ കുറവു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായിരിക്കും. ഏകദേശം 106.1 ദശലക്ഷം കുട്ടികളെയും 396 ദശലക്ഷം സ്ത്രീകളെയും 2050 ഓടെ ഇരുമ്പിന്റെ കുറവും ബാധിക്കും. വിശപ്പില്ലായ്മ, വളര്‍ച്ചക്കുറവ്, പ്രതിരോധശേഷിക്കുറവ്, ലൈംഗിക മുരടിപ്പ്, എഡിമ, ത്വക്ക്, മുടി പ്രശ്‌നങ്ങള്‍, വിളര്‍ച്ച തുടങ്ങി പല വ്യാധികളും മാംസ്യത്തിന്റെയും മറ്റു രണ്ടു മൂലകങ്ങളുടെയും അപര്യാപ്ത മൂലമുണ്ടാകാം. 2013 ല്‍ ഗംഗാ നദീതട പ്രദേശങ്ങളില്‍ നടത്തിയ പഠനപ്രകാരം കാലാവസ്ഥാ വ്യതിയാനം മൂലം കുട്ടികളിലെ വയറിളക്കം 13.1 ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് പോഷക മൂലകങ്ങളുടെ ശരിയായ ആഗിരണത്തിനു തടസമാണ്. താപനില വര്‍ധനയും മഴയുടെയും മണ്ണിലെ ഈര്‍പ്പത്തിന്റെയും കുറവും വിളകളുടെ ഉത്പാദനക്ഷമതയെ മാത്രമല്ല അവയിലെ പോഷക മൂലക നിക്ഷേപത്തേയും പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം അധികമായി വമിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പല ധാന്യ, ധാന്യേതര വിളകളിലും മാംസ്യം, ഇരുമ്പ്, സിങ്ക് എന്നീ പോഷക ഘടകങ്ങളുടെ ന്യൂനത ഉളവാക്കും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സമ്പുഷ്ടീകരണം ചില വിളകളില്‍ ഉത്പാദന മികവുണ്ടാക്കുമെന്നൊരു വാദവുമുണ്ട്. എന്നാല്‍ ജലദൗര്‍ലഭ്യമുള്ളപ്പോള്‍ ഇത് അപ്രായോഗികമാണെന്നാണ് മറുവാദം.


നമ്മുടെ കാര്‍ഷിക വിളകളെ മാത്രമല്ല, മത്സ്യസമ്പത്തിനെയും കാലാവസ്ഥാ മാറ്റം സമ്മര്‍ദ്ദത്തിലാക്കും. 1996 മുതല്‍ നമ്മുടെ 7,000 കിലോമീറ്റര്‍ സമുദ്ര തീരപ്രദേശത്തെ മത്സ്യലഭ്യത വര്‍ഷത്തില്‍ 1.22 ടണ്‍ എന്ന തോതില്‍ കുറഞ്ഞു വരികയാണ്. മത്സ്യങ്ങളുടെ വൈവിധ്യം, വിന്യാസം, സമൃദ്ധി, വളര്‍ച്ച എന്നിവയെയെല്ലാം സമുദ്ര ജല താപനില സ്വാധീനിക്കും. കാലാവസ്ഥാ മാറ്റം മൂലം വര്‍ധിക്കുന്ന സമുദ്ര താപനിലയും അമ്ലതയും ഞണ്ട്, ചെമ്മീന്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവ കവചജന്തുവര്‍ഗങ്ങളെയും മത്സ്യ കുഞ്ഞുങ്ങളെയും പ്രതികൂലമായി ബാധിക്കും. കടലിലേക്കൊഴുകുന്ന നദികളിലെ ഉപ്പിന്റെ അംശം കൂട്ടാനും വര്‍ധിക്കുന്ന സമുദ്ര താപനില കാരണമാകും. കാര്‍ഷിക വിളകളെ ഇത് പ്രതികൂലമായി ബാധിക്കും. ഈ പ്രതിഭാസം പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നെല്‍കൃഷിയെയും മത്സ്യബന്ധനത്തെയും ഇതിനകം തന്നെ ബാധിച്ചു കഴിഞ്ഞു.

കാലാവസ്ഥാ വ്യതിയാനം കാലി വളര്‍ത്തലിനെയും പാല്‍ ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കാം. അധിക താപനില കാലികളില്‍ നേരിട്ടും അല്ലാതെയും പല രോഗങ്ങള്‍ക്കും കരണമാകും. ജല ദൗര്‍ലഭ്യം തീറ്റപ്പുല്‍ കൃഷിയെ ബാധിക്കും. പാലിന്റെയും മാംസത്തിന്റെയും മറ്റും ഗുണനിലവാരവും കാലാവസ്ഥാ മാറ്റം മൂലം വ്യത്യാസപ്പെടാം.

കാലാവസ്ഥാ വ്യതിയാനത്തിന് പല കാരണങ്ങളുണ്ട്. കാലിവളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വൃത്തി തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് ഒരു കാരണമാണ്. മീഥേന്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതക ഉത്പാദനം, വന നശീകരണം, അധിക ജല ഉപഭോഗം ഒക്കെ കാര്‍ഷിക വൃത്തിമൂലം സംഭവിക്കുന്നുണ്ട്.

ആഗോളാടിസ്ഥാനത്തില്‍ ഭക്ഷ്യോത്പാദന മേഖല 29 ശതമാനം ഹരിതഹൃഹ വാതക വമനത്തിനും കൃഷി മേഖല 70 ശതമാനം ലോക ജല ഉപഭോഗത്തിനും 80 ശതമാനം വനനശീകരണത്തിനും കാരണമാണ്. ഈ അടുത്ത കാലത്തുണ്ടായ ആമസോണ്‍ കാട്ടുതീ കൃഷിയുമായിബന്ധപ്പെട്ട വനനശീകരണത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ്.

ഭക്ഷ്യമേഖലയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ എങ്ങനെ അതിജീവിക്കാം? കാലാവസ്ഥാ മാറ്റത്തിന്റെ മൂല കാരണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വിളകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള കൃഷിരീതി അനുവര്‍ത്തിക്കണം. മണ്ണിലെ ജലാംശത്തെ സംരക്ഷിക്കുന്ന കൃഷി പരിപാലന മുറകളും കാര്യക്ഷമമായ ജലസേചന രീതികളും പ്രസക്തമാണ്. ഭക്ഷണ സാധനങ്ങള്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതും മാംസാഹാരത്തില്‍ നിന്നും സസ്യഹാരത്തിലേക്കുള്ള ചുവടു മാറ്റവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും.

കൊളംബിയ സര്‍വകലാശാലയിലെ ഡാറ്റാ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പഠന പ്രകാരം വെള്ളം അധികം വേണ്ട നെല്ല്, കരിമ്പ്, ഗോതമ്പ്, പരുത്തി, സോയാബീന്‍ മുതലായവയ്ക്കു പകരം ചെറുധാന്യങ്ങള്‍ പോലുള്ള പോഷക സമൃദ്ധമായതും കൃഷിക്ക് വെള്ളത്തിന്റെ ആവശ്യം കുറവുള്ളതുമായ വിളകള്‍ കൃഷിചെയ്യുക. ബജ്‌റ, കൂവരക്, ചോളം, വരഗ്, തിന, ചിയ, ക്വിനോവ എന്നിവ കൃഷി ചെയ്യുക വഴി നല്ലൊരു പരിധിവരെ ഭക്ഷ്യപോഷക സുരക്ഷ ഉറപ്പാക്കാം. ഒപ്പം ജലത്തിന്റെ ഡിമാന്‍ഡും ഊര്‍ജ ഉപഭോഗവും ഹരിതഗൃഹ വാതക ഉത്പാദനവും കുറയ്ക്കാനും സാധിക്കും. ചില ഹ്രസ്വകാല വിളകളും പല കിഴങ്ങുവര്‍ഗ വിളകളും കാലാവസ്ഥാ വ്യതിയാന സഹിഷ്ണുത ഉള്ളവയാണ്. ഈ രീതിയിലുള്ള വിള വൈവിധ്യകരണം ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കാലാവസ്ഥ വ്യതിയാനത്തിനെതിരേ സ്വീകരിക്കാവുന്ന ഉചിതമായ നടപടിയായിരിക്കുമെന്നും കൊളംബിയ സര്‍വകലാശാല പഠനം പറയുന്നു.

ആഗോള താപനത്തില്‍ ഇന്ത്യയുടെ ആളോഹരി പങ്ക് അത്രകണ്ട് വലുതല്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലം കൂടുതലായി അനുഭവിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാണ് ഇന്ത്യ. തീര്‍ച്ചയായും ഈ സ്ഥിതി നമ്മുടെ ജനങ്ങളുടെ ഭക്ഷ്യ-പോഷക സുരക്ഷക്ക് ഭീഷണിയായിരിക്കും. ഇതിനുപരി സാമ്പത്തിക വളര്‍ച്ചയെയും സാമൂഹിക സ്ഥിരതയെയും പിന്നോട്ടടിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ നമ്മുടെ കൃഷിരീതിയും ഭക്ഷ്യസംവിധാനവും ഈ വെല്ലുവിളികള്‍ക്ക് അനുസരിച്ചു കാലാവസ്ഥാ സ്മാര്‍ട്ട് ആകാതെ മാര്‍ഗമില്ല. പദ്ധതികള്‍ ഉണ്ടാക്കുക എന്നതിനപ്പുറം അവ ശരിയായി നടപ്പാക്കുക എന്നതാണ് ഏറെ പ്രസക്തം.

ഡോ. ബി. ശശികുമാര്‍
റിട്ട. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട്
ഫോണ്‍: - 9496 17 81 42.