സ്വര്‍ണപ്പഴം: സമ്പൂഷ്ടാഹാരം
സ്വര്‍ണപ്പഴം: സമ്പൂഷ്ടാഹാരം
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും പേടിക്കാതെ ഭക്ഷിക്കാവുന്ന പഴമാണ് സ്വര്‍ണപ്പഴം എന്നറിയപ്പെടുന്ന മുട്ടപ്പഴം. പല കാര്‍ഷിക കുടുംബങ്ങളിലും ഈ പഴച്ചെടി കാണാന്‍ കഴിയും. പക്ഷേ പഴങ്ങള്‍ പറിച്ചെടുത്ത് ഭക്ഷിക്കുന്നവര്‍ കുറവാണ്. പഴത്തിലുള്ള പ്രത്യേകതരം കറയും ചവര്‍പ്പുമാണ് ഇതിനു കാരണം. ഭൂരിഭാഗം കൃഷിയിടങ്ങളിലും പഴുത്തു വീണ് നശിക്കുകയാണ് ചെയ്യുന്നത്. തൈകള്‍ നട്ടാല്‍ പത്തു വര്‍ഷം കഴിയുമ്പോഴാണ് കായ്കള്‍ ഉണ്ടായിത്തുടങ്ങുന്നത്.

ഉയര്‍ന്നതോതിലുള്ള ധാന്യകത്തിന്റ അളവിനൊപ്പം പഞ്ചസാരയുടെ അളവും വളരെ കൂടുതലാണ്. സപ്പോര്‍ട്ട കുടുംബത്തിലെ അംഗമാണ് സ്വര്‍ണപ്പഴം. മെക്‌സിക്കോ സ്വദേശിയാണെന്നാണ് പൊതുവേ അഭിപ്രായം. വിദേശ സഞ്ചാരികള്‍ നമ്മുടെ നാട്ടിലെത്തിച്ച ഈ പഴച്ചെടിയിലെ പഴങ്ങള്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വേണ്ട. സ്വര്‍ണപ്പഴത്തിന്റെ രൂക്ഷഗന്ധമാണ് ജീവജാലങ്ങള്‍ക്ക് വേണ്ടാത്ത ഒന്നായി ഇതിനെ മാറ്റിയത്. അമേരിക്ക, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണപ്പഴത്തിന്റെ ഔഷധഗുണങ്ങള്‍ തിരിച്ചറിഞ്ഞ് കൃഷി ചെയ്യുന്നുണ്ട്. മാംസ്യത്തിന്റെ അളവ് കൂടുതലായി കാണപ്പെടുന്ന സ്വര്‍ണപ്പഴത്തില്‍ കൊഴുപ്പിന്റെ അളവു വളരെ കുറവാണ്. നാരുകളും ജീവകങ്ങളും കൂടുതലുള്ളതിനാല്‍ പോഷക സമ്പുഷ്ടമായ പഴമാണിത്. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ചെമ്പ്, നാകം തുടങ്ങിയവ അധികമായി കാണപ്പെടുന്നതുകൊണ്ട് ജീവിതശൈലിരോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഈ പഴത്തിനുണ്ട്.ജ്യൂസ്, ഐസ്‌ക്രീം, മില്‍ക്ക്‌ഷേക്ക്, സാലാഡ് എന്നിവയുടെ നിര്‍മാണത്തിന് സ്വര്‍ണപ്പഴം ഉപയോഗിക്കുന്നു.

പൊതുവേ അധിക പരിചരണങ്ങളില്ലാതെ നമ്മുടെ കൃഷിയിടങ്ങളില്‍ വളര്‍ത്താവുന്ന വൃക്ഷവിളയാണ് സ്വര്‍ണപ്പഴം. തിങ്ങി നിറഞ്ഞ ഇലകളോടുകൂടി വളരുന്ന ഈ ചെടി കാണാന്‍ അഴകാണ്. അതുകൊണ്ട് അലങ്കാരച്ചെടിയായി നിലനിര്‍ത്തിയിരിക്കുന്നവരുമുണ്ട്. നല്ല കടുംപച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ സ്വര്‍ണ നിറമാണ്. മൂത്ത കായ്കള്‍ പറിച്ചുവച്ച് മറ്റു പഴങ്ങളെപ്പോലെ പഴുപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. മരങ്ങളില്‍ നിന്നു തന്നെ പഴുക്കണം. നല്ല പഴുപ്പായാല്‍ ചില കായ്കള്‍ പൊട്ടും. പച്ചകായ്കള്‍ക്ക് നല്ല മഞ്ഞനിറമായിക്കഴിയുമ്പോള്‍ തന്നെ പറിച്ചെടുക്കാം. ഇവ ഒരാഴ്ചവരെ കേടുകൂടാതിരിക്കും. ഇതിന്റെ രുചി ഇഷ്ടപ്പെടാത്തവര്‍ക്ക് ജ്യൂസായി കഴിക്കാം. പഴുത്ത കായ്കള്‍ക്കാണ് ഗുണം കൂടുതല്‍.
സ്വര്‍ണപ്പഴത്തിന്റെ വിത്തുകള്‍ ശേഖരിച്ച് തൈകള്‍ ഉത്പാദിപ്പിച്ചാണ് നടുന്നത്. ഇളക്കമുള്ള മണ്ണില്‍ നട്ടാല്‍ വളര്‍ച്ച വേഗത്തിലാകും. നല്ല സൂര്യപ്രകാശവും വര്‍ഷത്തില്‍ ഒരു തവണ കമ്പോസ്റ്റ് വളവും നല്‍കിയാല്‍ നന്ന്. കടുത്ത വേനലില്‍ നനയും അത്യാവശ്യമാണ്. സാധാരണ ഗതിയില്‍ പത്തു വര്‍ഷത്തിനു ശേഷമേ പുഷ്പിച്ച് തുടങ്ങുകയുള്ളു. വ്യാവസായിക കൃഷി ഇന്ത്യയില്‍ ഇല്ല. ഈ പഴത്തിന്റെ ഔഷധഗുണങ്ങള്‍ മനസിലാക്കി കൃഷി സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പഴത്തിന്റെ നേര്‍ത്തതൊലി കൈകൊണ്ട് അടര്‍ ത്തി മാറ്റി ഫലം ഭക്ഷിക്കാം. ഫലത്തിന്റെ നടുകേയുള്ള വിത്താണ് തൈ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. പഴുത്ത ഫലത്തിന്റെ കാത്സ്യവും പൊട്ടാസ്യവും അടങ്ങിയ കഴമ്പെടു ത്ത് ഉണക്കി പൊടിയാക്കി ഒരു വര്‍ഷം വരെ സൂക്ഷിക്കാം. ഇത് വിവിധതരം ഭക്ഷ്യണ വിഭവങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം ചേര്‍ക്കാവുന്നതാണ്. മറ്റു പഴവര്‍ഗങ്ങളോടൊപ്പം പോഷകസമ്പുഷ്ടമായ സ്വര്‍ണപ്പഴവും നമുക്ക് നട്ടു പിടിപ്പിക്കാം.

നെല്ലി ചെങ്ങമനാട്