പനിയകറ്റും മുയല്‍ച്ചെവിയന്‍ ടോണ്‍സലൈറ്റിസും നീക്കും
മുയലിന്റെ ചെവിയുടെ ആകൃതിയുള്ള ഇലകളാണ് ഈ സസ്യത്തിന് മുയല്‍ച്ചെവിയന്‍ എന്ന പേരു വാങ്ങിക്കൊടുത്തത്. പത്തു മുതല്‍ അറുപത് സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷ ഔഷധിയാണ് മുയല്‍ച്ചെവിയന്‍ എന്ന നാരായണപ്പച്ച.

ഔഷധസമ്പുഷ്ടമായ ഇതിന്റെ ഇലയുടെ നീര് കണ്ണിനു കുളിര്‍മയേകുന്നതിനാല്‍ നേത്രരോഗങ്ങള്‍ ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നു. പനിയെ അകറ്റാനും മുയല്‍ച്ചെവിയന്‍ നന്ന്. ഉദരകൃമികളേയും ഇല്ലാതാക്കുന്നു. ടോണ്‍സലൈറ്റിസ് (തൊണ്ടവേദന), രക്താര്‍ശസ് എന്നിവ ശമിപ്പിക്കാനും ഉത്തമം.

ഔഷധപ്രയോഗങ്ങള്‍

1. രക്താര്‍ശസ് ശമിക്കാന്‍ മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് മൂന്നു മുതല്‍ ആറുഗ്രാം വരെ മോരില്‍ ചേര്‍ത്തു കുടിക്കുക.

2. പനിയകറ്റാന്‍:- മുയല്‍ച്ചെവിയന്‍ സമൂലം പിഴിഞ്ഞെടുത്ത നീര് അഞ്ചുമുതല്‍ പത്തു മില്ലിലിറ്റര്‍ വരെ ദിവസേന രണ്ടുനേരം പതിവായി കുടിച്ചാല്‍ പനിമാറും.

3. ഉദരകൃമിയെ നശിപ്പിക്കാന്‍:- മുയല്‍ച്ചെവിയന്‍ സമൂലം പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം മൂന്നു ദിവസം കുടിച്ചാല്‍ വയറ്റിലുള്ള കൃമികള്‍ നശിക്കും.

4. നേത്രരോഗങ്ങള്‍ ശമിക്കാന്‍:- നേത്രരോഗങ്ങള്‍ ശമിക്കാന്‍ മുയല്‍ ചെവിയന്റെ ഇല നന്നായി കഴുകി ചതച്ചുപിഴിഞ്ഞ് ആനീര് കരടില്ലാതെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചു നിര്‍ത്തുക. കണ്ണിനു കുളിര്‍ മയും നേത്രരോഗങ്ങളില്‍ നിന്ന് മുക്തിയും ലഭിക്കും.

അധികം ശ്രദ്ധകൊടുക്കാതെ തന്നെ വളരുന്ന ഈ കൊച്ച് ഔഷധസസ്യത്തിന് നമുക്ക് നമ്മുടെ അടുക്കളത്തോട്ടത്തിലോ ഗ്രോബാഗുകളിലോ അല്പം സ്ഥലം കൊടുത്ത് പരിചരിക്കാം.
മുയല്‍ചെവിയനെ തിരിച്ചറിയാം

ഇതിന്റെ ഇലകള്‍ ഒന്നിടവിട്ടു കാണുന്നു. ചെടിയുടെ എല്ലാ ഭാഗ ത്തും ഇലകളുണ്ടാകും. വേനല്‍ ക്കാലത്ത് അപൂര്‍വമായേ കാണാറുള്ളൂ. മഴക്കാലത്താണ് ഇവ സമൃദ്ധമായി വളരുന്നത്. മണ്ണിനടിയില്‍ കിടക്കുന്ന ഇവയുടെ വിത്തുകള്‍ മഴക്കാലത്ത് കിളിര്‍ക്കുന്നു. ആണ്‍ പൂക്കളും പെണ്‍ പൂക്കളും വെവ്വേറെ സസ്യങ്ങളിലായിരിക്കുമെങ്കിലും അതിന്റെ വിത്ത് ചെറുതാണ്.

വ്യത്യസ്ത നാമങ്ങള്‍

കുപ്പിഡ്‌സ് ഷേവിംഗ് ബ്രഷ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ കൊച്ചുസസ്യത്തിന് പല സംസ്‌കൃത നാമങ്ങളുണ്ട്. ശശശ്രുതി, ആഖുകര്‍ണി, ദ്രവന്തി, സംബരി എന്നിങ്ങനെയാണിവ. നാടന്‍ ഭാഷയില്‍ മുയല്‍ച്ചെവിയന്‍, നാരായണപച്ച എന്നൊക്കെ വിളിപ്പേരുണ്ട്. 'എമിലിയ സോന്‍ചിഫോളിയ' എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ കൊച്ചുചെടിയെ 'ആസ്റ്റെറേസീ' സസ്യകുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയൂര്‍വേദത്തില്‍ സമൂലം ഔഷധമായി ഉപയോഗിക്കുന്നു. രോഗാണുക്കളെ നശിപ്പിക്കാന്‍ ഉത്തമമാണ്. മുയല്‍ച്ചെവിയന്റെ രസാദിഗുണങ്ങള്‍ കടു കഷായതിക്തരസം, ലഘുഗ്രാഹിഗുണം, ശീതവീര്യം, വിപാകത്തില്‍ കടു എന്നിങ്ങനെയാണ്.

പ്രഫ. കെ. നസീമ
ഫോണ്‍: 96 33 55 24 60.