സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വായ്പ എടുക്കുന്നവരില്‍ ഭൂരിപക്ഷവും കര്‍ഷകരല്ല എന്ന സംസ്ഥാന കൃഷിവകുപ്പിന്റെ ആക്ഷേപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം. പദ്ധതി നിര്‍ത്തലാക്കുന്നതായി കേന്ദ്ര ധനവകുപ്പു സെക്രട്ടറി രാജീവ് കുമാര്‍ പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയതായാണ് വിവരം. പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ശിപാര്‍ശയും വന്നെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എന്ന് നിര്‍ത്തുമെന്ന് പറയുന്നില്ല. സാധാരണക്കാര്‍ക്ക് അര മണിക്കുറിനകം കാര്യമായ നൂലാമാലകളില്ലാതെ സ്വര്‍ണപ്പണയത്തിന്മേല്‍ മൂന്നു ലക്ഷം രൂപവരെ ഹ്രസ്വകാലവായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇല്ലാതാകാന്‍ പോകുന്നത്.

ചില ബാങ്കുകള്‍ ഇതിനകം തന്നെ പദ്ധതി നിര്‍ത്തലാക്കുകയോ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. എന്നാല്‍ ഇതിന്റെ അന്തിമ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. കേന്ദ്രസംഘം പഞ്ചാബിലും കേരളത്തിലും ബാങ്കുകളില്‍ പരിശോധന നടത്തിയിരുന്നു. കേരളത്തില്‍ അഞ്ചു ജില്ലകളില്‍ 30 ബാങ്ക് ശാഖകളില്‍ സംഘം പരിശോധന നടത്തി. ഒമ്പതു ശതമാനമാണ് സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയുടെ പലിശ. കൃത്യമായി തിരിച്ചടച്ചാല്‍ നാലു ശതമാനം പലിശ നല്‍കിയാല്‍ മതി.

കേരളത്തിലെ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യവുമായി ജൂലൈയില്‍ സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയിന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മൊറട്ടോറിയം നീട്ടുന്നതുള്‍ പ്പെടെ 10 ആവശ്യങ്ങളടങ്ങിയ ഒരു നിവേദനം ഈ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കൃഷി മന്ത്രി റിസര്‍വ് ബാങ്കിനു സമര്‍പ്പിച്ചിരുന്നു. സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുവേണ്ടി ബാങ്കുകള്‍ നല്‍കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള വായ്പ നിയന്ത്രിക്കണമെന്നതായിരുന്നു സംസ്ഥാന കൃ ഷി മന്ത്രിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. പൊതു മേഖലാ ബാങ്കുകളും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യ ല്‍ കമ്പനികളും ഈ വായ്പ കര്‍ഷകരല്ലാത്തവര്‍ക്ക് നല്‍കി ദുരുപയോ ഗം ചെയ്യുന്നുവെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷിമന്ത്രിക്ക് കത്തെഴുതിയതായും റിപ്പോര്‍ട്ടുകള്‍ വന്നു.

2019 മാര്‍ച്ച് 31 ന് 76.28 ലക്ഷം അ ക്കൗണ്ടുകളിലായി 80803 കോടി രൂപയുടെ കാര്‍ഷിക വായ്പകളാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. ഇതില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ വിതരണം ചെയ്ത് 17350 കോടി രൂപ മാത്രമാണ്. 17 ലക്ഷത്തോളം കിസാന്‍ കാര്‍ഡുടമകള്‍ക്കാ ണ് ഇതു നല്‍കിയത്. സഹകരണ ബാങ്കുകളിലൂടെയാണ് 85 ശതമാനം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മൊത്തം കാര്‍ഷിക വായ്പകളുടെ 62 ശതമാനത്തോളം സ്വര്‍ണപ്പണയത്തിന്മേല്‍ നല്‍കുന്ന വായ്പകളാണെന്നാണ് കൃഷിമന്ത്രിയുടെ നിഗമനം. ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെ 18 ശതമാനം കൃഷിമേഖലയ്ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിബന്ധന. യഥാ ര്‍ഥ കര്‍ഷകര്‍ക്ക് നല്‍കാതെ സം സ്ഥാനത്തെ പൊതുമേഖലാ വാണിജ്യ ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷിക വായ്പ മറ്റുള്ളവര്‍ക്കു നല്‍കി ഈ മുന്‍ഗണനാ നിബന്ധന തെറ്റിക്കുന്നുവെന്നാണ് കൃഷി മന്ത്രിയുടെ ആക്ഷേപം.
സ്വര്‍ണം കൈവശമില്ലാത്ത കര്‍ഷകര്‍ക്ക് ഈ കാര്‍ഷിക വായ്പ പ്രയോജനപ്പെടുത്താനാവുന്നില്ല. വായ്പ എടുക്കുന്നവര്‍ക്ക് കൃഷിഭൂമി ഉണ്ടെ ന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വായ്പ എടുക്കുന്നവര്‍ കര്‍ഷകരാണെന്ന് ഉറപ്പാക്കാന്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് സംസ്ഥാന കൃഷിവകുപ്പിന്റെ മറ്റൊരാവശ്യം.

തെറ്റുന്ന നിഗമനം

എന്നാല്‍ സ്വര്‍ണം പണയം വച്ച് കാര്‍ഷിക വായ്പ എടുക്കുന്നവരാരും കര്‍ഷകരല്ല എന്ന നിഗമനം ശരിയല്ല. കര്‍ഷകരുടേതല്ലാത്ത തെറ്റിന്റെ പേരില്‍ അനര്‍ഹര്‍ കൈപ്പറ്റുന്നതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമായ ഒരു വായ്പാസംവിധാനം തന്നെ ഇല്ലാതാകാന്‍ പോകുന്ന സ്ഥിതിയാണുള്ളത്. കര്‍ഷകര്‍ക്കോ കാര്‍ഷിക മേഖലയ്‌ക്കോ സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ പ്രയോജനകരമല്ലെന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്.

സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ ഷിക വായ്പയ്ക്കു പകരം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള കാര്‍ഷിക വായ്പ ബാങ്കുകള്‍ വ്യാപകമാക്കണമെന്നാണ് കൃഷി മന്ത്രിയുടെ ആവശ്യം. ഒരു ലക്ഷം രൂപവരെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വഴി ഈടില്ലാതെ ലഭിക്കുമായിരുന്ന പരമാവധി കാര്‍ഷിക വായ്പ. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഗവണ്‍മെന്റ് കെസിസി വഴിയായി ഈടില്ലാതെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ പരിധി 1.60 ലക്ഷം രൂപയായി ഉയര്‍ത്തി. കൃഷി ഭൂമിയുടെ കൈവശാവകാശ രേഖയു ള്ള കര്‍ഷകര്‍ക്കു മാത്രമാണ് കെസി സി വായ്പയ്ക്ക് അര്‍ഹത. പാട്ടക്കൃഷിക്കാര്‍ക്ക് കെസിസി വായ്പ ലഭിക്കണമെങ്കില്‍ കരമടച്ച രസീതും സമ്മതപത്രവും നല്‍കേണ്ടിവരും.


കെസിസി വായ്പയ്ക്ക് എസ്ബി ഐ പോലുള്ള ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി രണ്ടാഴ്ചയാണ്. കൃഷിഭൂമിയുടെ വിസ്തൃതിയുടെയും കൃഷി ചെയ്യുന്ന വിളയുടെയും അടിസ്ഥാനത്തിലാണ് കെസിസി വായ്പയുടെ തോത് നിശ്ചയിക്കുന്നത്.

ഓരോ വിളയ്ക്കും നല്‍കേണ്ട വായ്പയുടെ പരിധി ജില്ലാതല ബാ ങ്കേഴ്‌സ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. സഹകരണ ബാങ്കുകള്‍, വാ ണിജ്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്ക് എന്നിവയെല്ലാം കെസിസി വായ്പകള്‍ കര്‍ഷകര്‍ക്കു നല്‍കും. ആര്‍.സി. ഗുപ്ത കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1998ല്‍ നബാ ര്‍ഡാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആരംഭിച്ചത്. കെസിസി വാ യ്പകള്‍ അഞ്ചുവര്‍ഷംവരെ പുതുക്കി നല്‍കുമെങ്കിലും വായ്പയുടെ വിനിയോഗം ഓരോ വര്‍ഷവും ബാങ്കുകള്‍ വിലയിരുത്തും. കേരളത്തില്‍ പൊതുമേഖലാ വാണിജ്യബാങ്കുകള്‍ കെസി സി വായ്പകളെ പ്രോത്സാഹിപ്പിക്കാ തെ സ്വര്‍ണപ്പണയ വായ്പയെ പ്രോ ത്സാഹിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.

കേരളത്തിലെ കര്‍ഷകര്‍ക്ക് കെ സിസിയെ കുറിച്ച് അറിവില്ലായ്മയൊന്നുമില്ല. കേരളത്തിലെ പൊതുമേഖലാ വാണിജ്യബാങ്കുകള്‍ സ്വര്‍ണപണയത്തിലുള്ള കാര്‍ഷിക വായ്പകള്‍ ക്കുവേണ്ടി കെസിസി പദ്ധതിയെ നിരുത്സാഹപ്പെടുത്തുന്നുമില്ല.

സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ ഷിക വായ്പയില്‍ വ്യാപകമായ ക്രമക്കേടുനടന്നെന്ന് ആക്ഷേപം ഉന്നയിച്ചത് സംസ്ഥാന കൃഷി വകുപ്പാണ്. കെസിസി പദ്ധതിയുടെ പേരില്‍ കര്‍ഷകര്‍ക്കു കിട്ടിക്കൊണ്ടിരുന്ന സ്വര്‍ണപ്പണയ വായ്പാപദ്ധതി നിര്‍ത്തലാക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ 18,000 കോടി രൂപയുടെ നേരിട്ടുള്ള നഷ്ടമാണ് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായത്. ഈ വര്‍ഷത്തെ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും കുറഞ്ഞത് 2000 കോടി രൂപയുടെ യെങ്കിലും നഷ്ടം കാര്‍ഷിക മേഖലക്ക് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമല്ലാതായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നഷ്ടപരിഹാരം കൊണ്ടോ വിള ഇന്‍ഷ്വറന്‍സ് കൊണ്ടോ മാത്രം ഈ നഷ്ടം നികത്താനാവില്ല. വിളകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന കെസി സി വായ്പകൊണ്ട് കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാനാവില്ല. രാജ്യത്തെ അമ്പതു ശതമാനത്തിലേറെ കര്‍ഷകര്‍ ഇന്ന് കടക്കെണിയിലാണ്. രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള കര്‍ ഷക കുടുംബങ്ങളുടെ മുന്‍ നിരയില്‍ കേരളവുമുണ്ട്.

കര്‍ഷകര്‍ക്ക് ഏറെ സഹായകമായിരുന്ന സ്വര്‍ണപ്പണയ വായ്പ പദ്ധ തി നിര്‍ത്തലാക്കാനുള്ള നീക്കം തി കഞ്ഞ കര്‍ഷക ദ്രോഹമാണ്.

സ്വര്‍ണപ്പണയ വായ്പാ പദ്ധതി കേരളത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നത് കുത്തകകളൊന്നുമല്ല. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഉള്‍ പ്പെടെയുള്ള സാധാരണക്കാരായിരുന്നു. കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവര്‍, കൃഷിഭൂമി കൈവശമില്ലാതെ ചെറിയ സംരംഭങ്ങളിലേ ര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെല്ലാം സ ഹായകമായിരുന്നു ഈ പദ്ധതി. അ ത്തരമൊരു പദ്ധതിയാണ് അങ്ങോട്ടുകയറിയുള്ള ആക്രമണം കൊണ്ട് ഇല്ലാതാകാന്‍ പോകുന്നത്. കെസിസി വായ്പകള്‍ക്ക് ബാങ്ക് ഓഫീസര്‍മാരുടെ പരിശോധനയും കൃത്യമായ വിലയിരുത്തലുകളും വേണ്ടിവരും. എന്നാല്‍ സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പകള്‍ക്ക് അത്തരം നടപടിക്രമങ്ങളൊന്നും വേണ്ട. തിരിച്ചടവിന് മുടക്കമില്ലാത്തതിനാല്‍ ബാങ്കുകള്‍ക്കും ഈ പദ്ധതി താരതമ്യേന അപകട രഹിതമായിരുന്നു. പദ്ധതി നിര്‍ത്തലാക്കുന്നത് ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ തിരിച്ചടിയാകും.

സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ സുഗമമായി ജീവിക്കുന്നതിനുള്ള അവകാശം കര്‍ഷകര്‍ക്കുമുണ്ട്. എന്നാല്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ സഹായമെത്തിക്കുന്നതിനുപകരം എന്തിനും ഏതിനും കര്‍ഷകര്‍ കൃഷി ഓഫീസ് കയറിയിറങ്ങി ബ്യൂറോക്രസിയുടെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നതാണ് സംസ്ഥാന കൃഷി വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. വിളകള്‍ക്ക് തളിക്കാന്‍ കീടനാശിനി വാങ്ങണമെങ്കില്‍ കര്‍ഷകന്‍ അതിന് കൃഷി ഓഫീസറുടെ കുറിപ്പടിവാങ്ങണം. ഇപ്പോള്‍ കാര്‍ഷിക വായ്പ എടുക്കണമെങ്കില്‍ അതിനും കര്‍ഷകനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൃഷി ഓഫീസറോടു വാങ്ങണമെന്നാണ് സംസ്ഥാന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശം. കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിക്കാന്‍ യോഗ്യരായ ഓഫീസര്‍മാര്‍ ബാങ്കുകളില്‍ ഉണ്ടെന്നിരിക്കെ ഇത്തരം നിബന്ധനകള്‍ കര്‍ഷകരെ ദ്രോഹിക്കാനേ സഹായകമാവുകയുള്ളു. സ്വര്‍ണപ്പണയ വായ്പകളുടെ ദുരുപയോഗം തടയണമെന്ന വാദം ന്യായമാണെങ്കിലും പദ്ധതി അപ്പാടെ നിര്‍ത്താനുള്ള നീക്കം കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും. സ്വകാര്യ പണമിടപാടുകാര്‍ക്കും ബ്ലേഡുപലിശക്കാര്‍ക്കുമായിരിക്കും ഇതിന്റെ പ്രയോജനം. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുന്നതുപോലെയാണിത്.

ഡോ. ജോസ് ജോസഫ്
ഫോണ്‍: - 93871 00119