പയറിലെ മൊസേക്കിനെ ചെറുക്കാന്‍ ഗീതിക
പയര്‍ കര്‍ഷകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നതാണ് മൊസേക്ക് രോഗം. ഇതിനെ ചെറുക്കാന്‍ പുതിയ പയര്‍ ഇനം. കേരള കാര്‍ഷിക സര്‍വകലാശാലയാണ് ഗീതിക എന്ന പേരില്‍ പുതിയ പയറിനം വികസിപ്പിച്ചത്. ഹൈബ്രിഡ് പയറിനങ്ങളില്‍ മൊസേക്ക് ബാധ കണ്ടതിനേ തുടര്‍ന്ന് ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രം ഗീതികയെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി മുന്‍നിര പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലെ 15 കര്‍ഷകരാണ് പരിപാടിയില്‍ പങ്കാളികളായത്. വെള്ളായണി കാര്‍ഷിക കോളജില്‍ നിന്നു വിത്തെത്തിച്ച് കൃഷിയിറക്കി. ശാസ്ത്രീയ കൃഷി പരിപാലന മുറകള്‍ കര്‍ഷകരെ പഠിപ്പിച്ചു.

എന്താണ് മൊസേക്ക്?

പയറിന്റെ വളര്‍ച്ചയുടെ ഏതുഘട്ടത്തിലും കാണപ്പെടാവുന്ന രോഗമാണിത്. ഇലകളില്‍ അവിടവിടായി മഞ്ഞളിപ്പ് പ്രത്യക്ഷപ്പെടുന്നതാണ് രോഗ ലക്ഷണം. തുടര്‍ന്ന് ഇത് വ്യാപിക്കുന്നു. ഇലകളിലെ ഞരമ്പുകള്‍ തെളിഞ്ഞുവരികയും കായ്കള്‍ വികലമാകുകയും ചെയ്യുന്നു. വിളവ് ഗണ്യമായി കുറയും. ഹൈബ്രിഡ് ഇനങ്ങള്‍ക്ക് പ്രാദേശിക രോഗങ്ങള്‍ക്കെതിരേ പ്രതിരോധ ശേഷി ഇല്ലാത്തതാണ് കാരണം.


കൃഷി ശാസ്ത്രീയമായപ്പോള്‍

ഗീതിക പയര്‍ നട്ടശേഷം മറ്റു കുമിള്‍ രോഗങ്ങളെ മിത്രാണുക്കള്‍ ഉപയോഗിച്ചു ചെറുത്തു. സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കാന്‍ വെജിറ്റബിള്‍ സമ്പൂര്‍ണ എന്ന സൂക്ഷ്മമൂലക വളമിശ്രിതം അഞ്ചുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 15 ദിവസത്തിലൊരിക്കല്‍ തളിച്ചുകൊണ്ടിരുന്നു. മൊസേക്ക് രോഗം കുറഞ്ഞതായി കര്‍ഷകര്‍ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഒരു സെന്റില്‍ നിന്നു 85 കിലോ ശരാശരി വിളവു ലഭിച്ചു. ഇളം പച്ചനിറത്തിലുള്ള മാംസളമായ കായകള്‍ക്ക് വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിളവെടുപ്പ് ഒന്നോ രണ്ടോ ദിവസം വൈകിയാലും അധികം മൂക്കില്ലെന്നതും കര്‍ഷകര്‍ക്ക് ആവേശമായി. കൃഷിയിറക്കിയവര്‍ ഇതില്‍ നിന്നു തന്നെ വിത്തു ശേഖരിച്ച് മറ്റു കര്‍ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. പി. മുരളീധരന്‍- 0479 2449268

ജി. ലേഖ, ഡോ.പി. മുരളീധരന്‍
കൃഷി വിജ്ഞാനകേന്ദ്രം, ആലപ്പുഴ